തെരഞ്ഞെടുപ്പ് പ്രകടന പത്രിക: സ്വപ്നങ്ങള്‍ വില്‍പ്പനയ്ക്ക്!

തെരഞ്ഞെടുപ്പ് പ്രകടന പത്രിക: സ്വപ്നങ്ങള്‍ വില്‍പ്പനയ്ക്ക്!
Published on

ലോകത്തില്‍ മറ്റെങ്ങും കാണില്ല ഇന്ത്യയിലേത് പോലുള്ള ഒരു പൊതുതെരഞ്ഞെടുപ്പ്. 900 ദശലക്ഷം പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രധാന കക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ പുറത്തു വന്നു കഴിഞ്ഞു. അവ ഒന്ന് അവലോകനം ചെയ്യുന്നത്, രാജ്യത്തിന്റെ സുപ്രധാന പ്രശ്‌നങ്ങളില്‍ കക്ഷികള്‍ പുലര്‍ത്തുന്ന വൈരുദ്ധ്യാത്മകമായ സമീപനം വെളിവാക്കാന്‍ ഉപകരിക്കും.

മുന്‍പേ പറന്ന് കോണ്‍ഗ്രസ്

രാജ്യത്തെ പ്രധാന രണ്ട് പാര്‍ട്ടികളില്‍, ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യം പ്രകടന പത്രിക ഇറക്കി ശ്രദ്ധ നേടിയത് കോണ്‍ഗ്രസ്സാണ്. നിര്‍ധനരായ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ ലഭ്യമാക്കുന്ന ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനം.

ബിജെപിയുടെ പ്രകടന പത്രികയായ സങ്കല്‍പ് പത്ര് വാഗ്ദാനം ചെയ്യുന്നത് ക്ഷേമരാഷ്ട്രവും.

രാജ്യത്തിലെ ദരിദ്രരില്‍ ദരിദ്രരായ ജനകോടികളെ അവരുടെ സങ്കല്‍പ്പത്തില്‍ കാണാവുന്ന ഒരു വലിയ തുക കൈമാറുമെന്ന വാഗ്ദാനത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുമ്പോള്‍ ബിജെപിയുടെ കണ്ണ് മറ്റൊരിടത്തേക്കാണ്. പരമദരിദ്രരില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നുള്ള തട്ടിലേക്കാണ് ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ശ്രദ്ധ. സര്‍ക്കാരിന്റെ വര്‍ധിച്ച ചെലവിടലിലൂടെയും വായ്പകളിലൂടെയും അവരെ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളില്‍ ഊന്നിപറയുന്ന 'അന്ത്യോദയ്' (ഏറ്റവും താഴെ തട്ടിലുള്ളവ അവസാനത്തെ ആളുടെ പോലുമുള്ള ഉന്നമനം), പാര്‍ട്ടിയുടെ പ്രചോദനാത്മക മുദ്രാവാക്യമായ 'രാഷ്ട്രവാദ്' (ദേശീയവാദം) എന്നിവയ്ക്കു പുറമേ മൂന്നാമതായുള്ള കാര്യം 'സുശാസന്‍' (നല്ല ഭരണം) ആണ്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് 100 ലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ വാഗ്ദാനത്തിലെ ഹൈലൈറ്റ്. (കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രകടന പത്രികയിലെ മുഖ്യകാര്യങ്ങള്‍ പട്ടികയില്‍)

പിന്നോക്ക വികസനം v/s ആസ്തിവിഭജനം

ബിജെപി, യുപിഎ ഭരണകാലത്തെ പല കുഴഞ്ഞുമറിഞ്ഞ കാര്യങ്ങള്‍ക്ക് അന്ത്യം കുറിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. ഉദാഹരണത്തിന് കല്‍ക്കരി, സ്‌പെക്ട്രം, ബാങ്കിംഗ് രംഗം തുടങ്ങിയവ. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പക്ഷേ പാര്‍ട്ടി മുന്നില്‍ വെയ്ക്കുന്നത്, കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ്.

കോണ്‍ഗ്രസ് ന്യായ് പദ്ധതിയിലൂടെ ദരിദ്ര ജനതയ്ക്ക് നേരിട്ട് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുമ്പോള്‍ ബിജെപി വന്‍ വളര്‍ച്ചയെയും അതിനെ തുടര്‍ന്നുള്ള വികസനത്തെയും കുറിച്ചാണ് പറയുന്നത്. കുറഞ്ഞ ഡോസില്‍ ശാക്തീകരണത്തെ കുറിച്ചും പറയുന്നുണ്ട്. പ്രധാന ദേശീയപാര്‍ട്ടികളുടെ പ്രകടന പത്രികകളില്‍ കാണുന്ന സുപ്രധാന വ്യതിയാനവും ഇതാണ്.

എന്നാല്‍ ബിജെപി വാഗ്ദാനം ചെയ്യുന്നതുപോലെ 100 ലക്ഷം കോടി രൂപയുടെ ആസ്തിയും 25 ലക്ഷം കോടി രൂപയുടെ കാര്‍ഷിക രംഗത്തെ നിക്ഷേപവും എവിടെ നിന്ന് വരുമെന്ന് ഒരു വ്യക്തതയുമില്ല. അതുപോലെ തന്നെയാണ്, കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിക്കായുള്ള 3.6 ലക്ഷം കോടി രൂപ എവിടെ നിന്നു കിട്ടുമെന്ന കാര്യവും. നികുതി വര്‍ധന ഒരു പക്ഷേ ഇതിനായി നടത്തിയേക്കാം. എന്നാല്‍ ഇത്രയും പണം എവിടെ നിന്ന് സമാഹരിക്കുമെന്ന് ഒരു വ്യക്തതയുമില്ല.

പാവങ്ങള്‍ക്ക് പ്രതിമാസം 6,000 രൂപ വിതരണം ചെയ്ത് അവരുടെ ക്രയശേഷി വര്‍ധിപ്പിച്ച് വികസനം സാധ്യമാക്കുക എന്ന കോണ്‍ഗ്രസ് നയത്തില്‍ നിന്ന് തികച്ചും വിഭിന്നമാണ് ബിജെപിയുടെ കേന്ദ്ര പദ്ധതികളിലൂടെ സ്റ്റേറ്റിന്റെ ചെലവിടല്‍ വര്‍ധിപ്പിച്ച് ദാരിദ്ര്യം കുറയ്ക്കുന്ന രീതി.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിലവിലുള്ള മുദ്ര വായ്പകള്‍ക്കു പുറമേ കാര്‍ഷിക മേഖലയിലേക്കും അല്‍പ്പം ശ്രദ്ധ കൊടുക്കുന്നുണ്ട് ബിജെപി. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ ഗ്രാമീണ മേഖലയ്ക്കുള്ള ഊന്നലാകാം ബിജെപിയെ ഇതിന് പ്രേരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപിക്ക് ആത്മവിശ്വാസം പകരുന്നത് അവരുടെ കടുത്ത വലതുപക്ഷ നിലപാടുകള്‍ തന്നെയാണ്.

മറ്റ് കക്ഷികള്‍ എന്തു പറയുന്നു?

മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ നോട്ട് ബന്ദിയെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്ന വാഗ്ദാനമാണുള്ളത്. ജിഎസ്ടിയുടെ ലളിതവല്‍ക്കരണം, ആസൂത്രണ കമ്മിഷന്റെ പുനഃസ്ഥാപനം, കശ്മീര്‍ പ്രശ്‌ന പരിഹാരം, തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞ തൊഴില്‍ ദിനങ്ങളുടെ എണ്ണം 200 ആക്കലും ഇരട്ടി വേതനവും ഒക്കെ ടിഎംസി പറയുന്നു.

ആം ആദ്മി പാര്‍ട്ടി, ഡല്‍ഹിയുടെ പൂര്‍ണ്ണ സംസ്ഥാന പദവിക്കാണ് ഊന്നല്‍ നല്‍കുന്നത്. അഞ്ചുവര്‍ഷം മുമ്പ് രാജ്യത്തെ 400 ലേറെ സീറ്റുകളില്‍ സാന്നിധ്യമറിയിച്ച എഎപി ഇത്തവണ ഡല്‍ഹിയില്‍ ശ്രദ്ധയൂന്നുന്ന കാഴ്ചയാണുള്ളത്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കുറച്ചിടത്തുണ്ട്.

സമാജ് വാദി പാര്‍ട്ടി അതിസമ്പന്നര്‍ക്ക് വന്‍ നികുതി ചുമത്തി വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനുള്ള രൂപരേഖയാണ് പ്രകടന പത്രികയിലൂടെ മുന്നോട്ടുവെയ്ക്കുന്നത്. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ നല്‍കുമെന്നും വാഗ്ദാനമുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എടുത്തുകളഞ്ഞ സമാജ് വാദി പെന്‍ഷന്‍ യോജന പുനഃസ്ഥാപിച്ച് വ്യാപകമാക്കുമെന്നും പറയുന്നു.

വിദ്യാഭ്യാസ സമ്പ്രദായത്തിലെ പൊളിച്ചെഴുത്താണ് മറ്റൊന്ന്. പ്രതിവര്‍ഷം ഒരു ലക്ഷം പുതിയ തൊഴിലുകളും എല്ലാ ഗ്രാമങ്ങളിലും കളിസ്ഥലങ്ങളും ഹോസ്റ്റലുകളൊമൊക്കെ പ്രകടന പത്രിക വിഭാവനം ചെയ്യുന്നു. കാര്‍ഷിക വായ്പകളുടെ എഴുതി തള്ളല്‍, ആഭ്യന്തര സുരക്ഷ, സ്ത്രീശാക്തീകരണം, ഗ്രീന്‍ എനര്‍ജി, പാക് - ചൈന പ്രശ്‌നങ്ങളില്‍ കടുത്ത നിലപാട് എന്നിവയെല്ലാം പ്രകടന പത്രികയില്‍ ഇടം നേടിയിട്ടുണ്ട്.

എസ്പിയുടെ സഖ്യകക്ഷിയായ ബിഎസ്പി പ്രകടന പത്രിക പുറത്തിറക്കിയിട്ടില്ല.

രാജ്യ വികസനത്തിനും ദുര്‍ബല ജനതയുടെ ശാക്തീകരണത്തിനും തികച്ചും വിഭിന്നമായ രണ്ട് തന്ത്രങ്ങള്‍ ബിജെപിയും കോണ്‍ഗ്രസും മുന്നോട്ട് വെയ്ക്കുമ്പോള്‍ ഇതിനുള്ള വിഭവം എവിടെ നിന്ന് എങ്ങനെ സമാഹരിക്കുമെന്ന കാര്യത്തില്‍ തന്ത്രപരമായ മൗനമാണ് ഇരുപക്ഷവും പുലര്‍ത്തുന്നത്.

കോണ്‍ഗ്രസ് പ്രകടന പത്രിക: ഒറ്റനോട്ടത്തില്‍
  • അഞ്ച് കോടി നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കാന്‍ ന്യായ് പദ്ധതി
  • 2020 മാര്‍ച്ചിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തി കൊണ്ട് 22 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുക
  • കശ്മീര്‍ വിഷയത്തില്‍ മുന്‍നിബന്ധനകളില്ലാതെ ചര്‍ച്ച നടത്തും
  • ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല
  • നീതി ആയോഗ് പിരിച്ചുവിടും. ജിഎസ്ടി ലളിതമാക്കും.
  • ദേശീയ തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ തൊഴില്‍ ദിനങ്ങള്‍ 150 ആക്കും.
  • കാര്‍ഷിക കടത്തിന്റെ പേരില്‍ ക്രിമിനല്‍ കേസില്ല
  • സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നുമുതല്‍ 12 വരെ
  • നിര്‍ബന്ധിത, സൗജന്യ വിദ്യാഭ്യാസം
ബിജെപി പ്രകടന പത്രിക: ഒറ്റനോട്ടത്തില്‍
  • സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം 75 നാഴികകല്ലുകള്‍
  • അഞ്ചു വര്‍ഷത്തിനകം അടിസ്ഥാന സൗകര്യ രംഗത്ത് 100 ലക്ഷം കോടിയും കാര്‍ഷിക,
  • ഗ്രാമീണ രംഗത്ത് 25 ലക്ഷം കോടിയും നിക്ഷേപം നടത്തും.
  • ശബരിമലയെ സൂചിപ്പിച്ചുകൊണ്ട്, ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍
  • ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമം നടത്തും
  • രാമക്ഷേത്രം, മുത്തലാഖ് നിരോധന നിയമം, ഏകീകൃത സിവില്‍ കോഡ് എന്നിവ
  • ജമ്മുകശ്മീരിനെ സംബന്ധിച്ച 370ാം വകുപ്പ് എടുത്തുകളയും.
  • 2025നകം ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ (345 ലക്ഷം കോടി രൂപ) സമ്പദ് വ്യവസ്ഥയാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com