തെരഞ്ഞെടുപ്പ് 2019: ഫേസ്‍ബുക്കിന് ഡൽഹിയിൽ 'യുദ്ധ മുറി' ഒരുങ്ങുന്നു
'തെരഞ്ഞെടുപ്പിൽ നിങ്ങൾക്കെന്താണ് കാര്യം' എന്നുള്ള ചോദ്യം ഫേസ്ബുക്കിനോട് ജന്മനാടായ യുഎസ് വരെ ചോദിച്ചിട്ടുണ്ട്. എന്നാൽ അഭിപ്രായ രൂപീകരണത്തിൽ സോഷ്യൽ മീഡിയയ്ക്ക് എത്രമാത്രം സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് ഇന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ഇന്ത്യയിലും വരുന്ന തെരഞ്ഞെടുപ്പിന് സോഷ്യൽ മീഡിയയ്ക്ക് കർശന നിയന്ത്രണങ്ങൾ ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, വ്യാജ വാർത്തകൾ പ്രചരിക്കുന്നതു തടയാൻ വലിയൊരു സന്നാഹം തന്നെ ഒരുക്കാൻ തയ്യാറെടുക്കുകയാണ് ഫേസ്‌ബുക്ക്. വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് തടയാൻ സോഷ്യൽ മീഡിയ ഭീമന്റെ 'യുദ്ധമുറി' ഡൽഹിയിൽ ഒരുങ്ങുന്നുണ്ടെന്ന് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ഫേസ്‌ബുക്കിന്റെ കാലിഫോർണിയയിലെ മെൻലോപാർക്ക് ഓഫീസ്, ഡബ്ലിൻ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഓഫീസുകൾ തുടങ്ങിയവയുമായി പ്രവർത്തിച്ചാണ് ഡൽഹിയിലെ കേന്ദ്രം വ്യാജ വാർത്തകളെ പ്രതിരോധിക്കുക.
ഇതിനുമുൻപ് യുഎസ് തെരഞ്ഞെടുപ്പിനാണ് ഇത്തരമൊരു കേന്ദ്രം ഫേസ്‌ബുക്ക് സ്ഥാപിച്ചത്.
വ്യാജ എക്കൗണ്ടുകൾ ഒഴിവാക്കുക എന്നതാണ് ആദ്യ ഘട്ടം. 2017 സെപ്തംബറിനും 2018 ഒക്ടോബറിനും ഇടയിൽ 200 കോടി വ്യാജ പ്രൊഫൈലുകളാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തത്. ഇതിൽ ബോട്ടുകളും ഉൾപ്പെടും.