
ലോകത്തെ 90 ശതമാനം രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്നും ഇന്ത്യയടക്കമുള്ള വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്ക് ഇത് കനത്ത ആഘാതമുണ്ടാക്കുമെന്നും ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിവ. അന്താരാഷ്ട്ര നാണയ നിധിയുടെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ചടങ്ങിലെ തന്റെ കന്നിപ്രസംഗത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ദശകത്തിന്റെ ഇതുവരെയുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലേക്കായിരിക്കും ഈ രാജ്യങ്ങള്‍ കൂപ്പുകുത്തുകയെന്ന് ജോര്‍ജിവ പറഞ്ഞു. ഇതില്‍ വികസ്വര രാജ്യമായ ഇന്ത്യ നേരിടുക കടുത്ത സാമ്പത്തിക ആഘാതമായിരിക്കും. ഈ വ്യാപകമായ ഇടിവ് വിരല്‍ചൂണ്ടുന്നത്, നടപ്പ് ദശകത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറയുമെന്നാണെന്നും ജോര്‍ജിവ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ യുദ്ധവും ബ്രെക്‌സിറ്റ് പോലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക മാന്ദ്യത്തിനും അനിശ്ചിതത്വത്തിനും കാരണമായതായി ജോര്‍ജിവ കുറ്റപ്പെടുത്തി. ആഗോള വ്യാപാര വളര്‍ച്ച ഏതാണ്ട് നിലച്ചിരിക്കുന്നു. 2020 ല്‍ വളര്‍ച്ച കൈവരിച്ചാലും, നിലവിലെ വിള്ളലുകള്‍ ഒരു തലമുറയെ ബാധിക്കുന്ന മാറ്റങ്ങളിലേക്ക് നയിച്ചേക്കാമെന്നും ജോര്‍ജിവ പറഞ്ഞു.
വ്യാപാര യുദ്ധം എല്ലാവര്‍ക്കും നഷ്ടങ്ങള്‍ മാത്രമേ വരുത്തിവെക്കൂ. വ്യാപാര യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയില്‍ 70,000 കോടി ഡോളറിന്റെ നഷ്ടമാണ് വരുന്ന വര്‍ഷം ഉണ്ടാക്കുക. ആഗോള ജി.ഡി.പിയുടെ 0.8 ശതമാനം വരുമിത്. വ്യാപാര യുദ്ധം മാത്രമല്ല ആഗോള മാന്ദ്യത്തിന് കാരണമെങ്കിലും അതിന്റെ പ്രത്യാഘാതം വളരെനാള്‍ നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാണിച്ചു.
യു.എസ്, ജപ്പാന്‍, യൂറോസോണ്‍ തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളില്‍ സാമ്പത്തിക പ്രവര്‍ത്തനം മയപ്പെടുത്തുകയാണെന്ന് ജോര്‍ജിവ പറഞ്ഞു. അതേസമയം ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ വികസ്വര രാജ്യങ്ങളില്‍ ഈ വര്‍ഷം മാന്ദ്യം കൂടുതല്‍ പ്രകടമാണ്. ചൈനയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച ക്രമേണ കുറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ബള്‍ഗേറിയന്‍ സാമ്പത്തിക വിദഗ്ധയാണ് ജോര്‍ജിവ. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രസിഡന്റാകുന്ന ക്രിസ്റ്റിന്‍ ലഗാര്‍ഡില്‍ നിന്നാണ് ജോര്‍ജിവ ഐ.എം.എഫിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്. ഐ.എം.എഫ് - ലോക ബാങ്ക് സംയുക്ത വാര്‍ഷിക യോഗത്തിന് ഒരാഴ്ച മുമ്പാണ് ജോര്‍ജിയ ഈ വിലയിരുത്തല്‍ നടത്തിയതെന്നതു ശ്രദ്ധേയമാണ്. ഇതില്‍ രണ്ട് സ്ഥാപനങ്ങളും തങ്ങളുടെ സാമ്പത്തിക പ്രവചനങ്ങള്‍ ബാങ്കര്‍മാരുടെയും സാമ്പത്തിക മന്ത്രിമാരുടെയും ഒത്തുചേരലിനിടെ അവതരിപ്പിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine