സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ചു; മുന്നേറ്റത്തില്‍ ജുവലറി ഓഹരികള്‍

കല്യാണ്‍ ജുവലേഴ്‌സ് ഓഹരിയില്‍ വന്‍ കയറ്റം
Gold Jewellery
Published on

സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ 6 ശതമാനമാക്കി കുറയ്ക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയതിനു പിന്നാലെ ജുവലറി ഓഹരികളില്‍ തിളക്കം.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 6 ശതമാനത്തില്‍ നിന്ന് 5 ശതമാനമായാണ് കുറഞ്ഞത്. മറ്റു നികുതികള്‍ (AIDC) 5 ശതമാനത്തില്‍ നിന്ന് ഒരു ശതമാനവുമാക്കിയതോടെ മൊത്തം ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറയും. ധനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവുണ്ടായി.

വിലയിടിവ് സ്വര്‍ണ വിൽപ്പന കൂടുമെന്ന പ്രതീക്ഷകൾ ജുവലറി കമ്പനി ഓഹരികളായ പി.സി ജുവലര്‍, സെന്‍കോ ഗോള്‍ഡ്, തങ്കമയില്‍ ജുവലറി, ടൈറ്റന്‍ എന്നിവയെ മികച്ച നേട്ടത്തിലാക്കി. കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജുലവേഴ്‌സ് ഓഹരി രാവിലത്തെ വ്യാപാരത്തിനിടയില്‍ ചെറുതായി ഇടിഞ്ഞെങ്കിലും പിന്നീട് വലിയ മുന്നേറ്റം കാഴ്ചവച്ചു. നിലവില്‍ 5.44 ശതമാനം ഉയര്‍ന്നാണ് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്.

അതേ സമയം എം.സി.എക്‌സില്‍ സ്വര്‍ണ അവധി വ്യാപാരം ഇടിവിലാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കമുള്ള സ്വര്‍ണക്കള്ളക്കടത്ത് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുറയ്ക്കുന്നത്. വെള്ളിക്കും ഇത് പ്രതീക്ഷ നല്‍കുന്നത്.

നോട്ടം യു.എസിൽ തന്നെ

എന്നാല്‍ സ്വര്‍ണവിലയുടെ സമീപകാല നീക്കങ്ങള്‍ യു.എസ് പലിശ നിരക്കുകളെയും യു.എസ് ഡോളറിനെയും ആശ്രയിച്ചു തന്നെയായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. സെപ്റ്റംബറില്‍ ഫെഡറല്‍ റിസര്‍വ് യു.എസില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കടപ്പത്രങ്ങളിലെ നിക്ഷേപം ആകര്‍ഷകമല്ലാതാകുകയും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്യും. ഇത് സ്വര്‍ണ വിലയെ പതിയെ ഉയരത്തിലേക്ക് നയിക്കാനാണ് സാധ്യത.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com