ഗൂഗിൾ പരസ്യങ്ങളിൽ മുന്നിൽ ബിജെപി, അപ്പോൾ കോൺഗ്രസോ?
ഗൂഗിളിലെ പൊളിറ്റിക്കൽ അഡ്വെർടൈസർമാരിൽ ഒന്നാം സ്ഥാനത്ത് ഭരണ പാർട്ടിയായ ബിജെപി. ഫെബ്രുവരി 19 മുതൽ രാഷ്ട്രീയ പരസ്യങ്ങളിൽ നിന്ന് ഗൂഗിളിന് ലഭിച്ച വരുമാനത്തിന്റെ 32 ശതമാനവും ബിജെപിയിൽ നിന്നാണെന്ന് ഗൂഗിളിന്റെ ഇന്ത്യൻ ട്രാൻസ്പരൻസി റിപ്പോർട്ടിൽ പറയുന്നു.
പരസ്യത്തിനായി പാർട്ടികൾ ഇതുവരെ ചെലവഴിച്ചത് ആകെ 3.76 കോടി രൂപയാണ്. ഇതിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ പങ്ക് 0.14 ശതമാനമാണ്. പട്ടികയിൽ ആറാം സ്ഥാനത്താണ് കോൺഗ്രസ്.
ബിജെപി ചെലവഴിച്ചത് 1.21 കോടി രൂപയാണ്. 54,100 രൂപയാണ് ഗൂഗിളിൽ പരസ്യത്തിനായി കോൺഗ്രസ് ചെലവഴിച്ചത്. രണ്ടാം സ്ഥാനത്ത് ജഗൻ മോഹൻ റെഡ്‌ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയാണ്. 1.04 കോടി രൂപയാണ് ഈ പാർട്ടി ചെലവഴിച്ചത്.
ചന്ദ്രബാബു നായിഡുവിനേയും അദ്ദേഹത്തിന്റെ തെലുഗു ദേശം പാർട്ടിയുടെയും പ്രൊമോഷൻ കൈകാര്യം ചെയ്യുന്ന പ്രാമാണ്യ സ്ട്രാറ്റിജി കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് 85.25 ലക്ഷം രൂപ ചെലവിട്ട് മൂന്നാം സ്ഥാനത്താണ്. നായിഡുവിനെ പ്രൊമോട്ട് ചെയ്യുന്ന മറ്റൊരു ഏജൻസിയായ ഡിജിറ്റൽ കൺസൾട്ടിങ് 63.43 ലക്ഷം രൂപ ചെലവിട്ട് നാലാം സ്ഥാനത്തുണ്ട്.
പരസ്യ നയങ്ങൾ ലംഘിച്ചതിന് 11 പൊളിറ്റിക്കൽ അഡ്വെറ്റൈസർമാരെ ഗൂഗിൾ ബ്ലോക്ക് ചെയ്തിട്ടുമുണ്ട്.