

എച്ച്1-ബി (H1-B) വീസകൾക്കുള്ള ഫീസ് കുത്തനെ വർദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടുമൊരു പ്രതിസന്ധി സൃഷ്ടിച്ചത് കഴിഞ്ഞയാഴ്ചയാണ്. എച്ച്1-ബി വീസകളില്‍ ഏകദേശം 50 മടങ്ങ് വര്‍ധനയാണ് ട്രംപ് ഭരണകൂടം വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ 28,300 കോടി ഡോളർ മൂല്യമുള്ള ഐടി മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഈ നപടി മൂലം ഉണ്ടാകുകയെന്ന് കരുതുന്നു. വൈദഗ്ധ്യമുള്ള ജോലിക്കാരെ യുഎസ് പ്രോജക്ടുകളിലേക്ക് മാറ്റുന്ന ഇന്ത്യന്‍ കമ്പനികളുടെ പഴയ രീതിയെ ഈ നീക്കം തടസപ്പെടുത്തുമെന്നും വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ വർഷം എച്ച്-1ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായിരുന്നു. വീസ ഗുണഭോക്താക്കളിൽ 71 ശതമാനം പേരും ഇന്ത്യക്കാരായിരുന്നു. 11.7 ശതമാനം ഗുണഭോക്താക്കളുമായി രണ്ടാം സ്ഥാനത്തുളളത് ചൈനയാണ്. ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഇന്ത്യൻ ഐടി കമ്പനികള്‍ പ്രാദേശിക തൊഴിലാളികളെ വളർത്തിയും ഓഫ്‌ഷോര്‍ ജോലികള്‍ വര്‍ധിപ്പിച്ചും ഇത്തരമൊരു മാറ്റത്തിനായി വളരെക്കാലമായി തയാറെടുക്കുന്നുണ്ട്.
ഫീസ് വർധനവ് യുഎസ് കമ്പനികളെ അവരുടെ നിയമന നയങ്ങളിൽ സമൂലമായ മാറ്റം വരുത്തിന് പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. ജോലിയുടെ പ്രധാന ഭാഗം വിദേശത്തേക്ക് മാറ്റാനും അവര്‍ നിർബന്ധിതരാകും. ഇത് യുഎസിലെ സാങ്കേതിക നവീകരണത്തെയും മത്സരശേഷിയെയും ക്ഷീണിപ്പിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ടെക്നോളജി, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പുറത്തു നിന്നുളള തൊഴിലാളികളുടെ ആവശ്യം വരും കാലങ്ങളില്‍ വർദ്ധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ണായകമായ ഈ മേഖലകളിലുണ്ടാകുന്ന തൊഴിലാളി ക്ഷാമം യുഎസ് സമ്പദ്‌വ്യവസ്ഥയിലും സാമൂഹ്യ ക്ഷേമത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കാനുളള ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ മൂലം ഇന്ത്യ, ചൈന തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ പേര്‍ ഇനി പഠനത്തിനായി മറ്റ് രാജ്യങ്ങളിലേക്ക് പോകും. ഇത് അമേരിക്കൻ സർവകലാശാലാ സംവിധാനത്തെ ദോഷകരമായി ബാധിക്കും.
എച്ച്-1ബി വീസ നയമാറ്റം മൂലം ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്ന രാജ്യങ്ങള്‍ കാനഡ, യുകെ, ജര്‍മ്മനി തുടങ്ങിയവ ആയിരിക്കുമെന്ന് കരുതുന്നു. താമസ, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്ത മൂലം കാനഡയും കുടിയേറ്റക്കാരെ കൂടുതലായി സ്വീകരിക്കുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ട്. കാനഡയുടെ തന്ത്രപരമായ സ്ഥാനമാണ് വിദേശ ജോലിക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നത്.
യുകെയിലെ "ഗ്ലോബൽ ടാലന്റ് ടാസ്‌ക് ഫോഴ്‌സ്" അക്കാദമിക്, ഐടി മേഖലകളിലുളള വിദഗ്ധരെയും മികച്ച പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജർമ്മനി ഇതിനകം തന്നെ വൈദഗ്ധ്യമുളള തൊഴിലാളികളെ രാജ്യത്തേക്ക് കൂടുതലായി ആകര്‍ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Trump’s drastic H1-B visa fee hike may harm the US more than India, impacting IT jobs and global talent flow.
Read DhanamOnline in English
Subscribe to Dhanam Magazine