അമേരിക്ക എന്ന സ്വപ്നഭൂമിയില്‍ എത്താന്‍ ഏജന്റുമാര്‍ക്ക് നല്‍കിയത് 40 ലക്ഷം മുതല്‍, കുന്നും പുഴയും കടന്ന് ദുര്‍ഘട വനാന്തര യാത്ര, ഒടുവില്‍ കൈകാല്‍ കെട്ടി തിരികെ ഇന്ത്യയില്‍

സാഹസിക യാത്രയുടെയും മാനാഭിമാനത്തിന്റെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യു.എസില്‍ നിന്ന് ട്രംപ് തിരിച്ചയച്ചവര്‍
അമേരിക്ക എന്ന സ്വപ്നഭൂമിയില്‍ എത്താന്‍ ഏജന്റുമാര്‍ക്ക് നല്‍കിയത് 40 ലക്ഷം മുതല്‍, കുന്നും പുഴയും കടന്ന് ദുര്‍ഘട വനാന്തര യാത്ര, ഒടുവില്‍ കൈകാല്‍ കെട്ടി തിരികെ ഇന്ത്യയില്‍
canva
Published on

യു.എസില്‍ സുഖജീവിതം കൊതിച്ച് ഇന്ത്യയില്‍ നിന്ന് പോയവര്‍ നേരിട്ടത് കൊടിയ പരീക്ഷണങ്ങള്‍. കാല്‍നടയായും ബോട്ടുകളിലും ഒപ്പമുള്ളവര്‍ മരിച്ചു വീഴുന്നതും കണ്ടുകൊണ്ടായിരുന്നു പലരുടെയും യാത്ര. സാമ്പത്തികമായി ഭേദപ്പെട്ട നിലയിലുള്ളവരായിരുന്നു പുതുലോകം തേടി ഇന്ത്യയില്‍ നിന്ന് പോയവരിലേറെയും. യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയതോടെയാണ് ഇവരുടെ പരീക്ഷണയാത്രയെക്കുറിച്ച് പുറംലോകം അറിയുന്നത്.

സ്വപ്‌നത്തിന് വില 40 ലക്ഷം മുതല്‍ കോടികള്‍ വരെ

മോശമല്ലാത്ത സാമ്പത്തിക ചുറ്റുപാടുള്ളവരാണ് യു.എസ് സ്വപ്‌നവുമായി ഭാഗ്യപരീക്ഷണത്തിന് പുറപ്പെട്ടത്. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള ജസ്പാല്‍ സിംഗിന്റെ അനുഭവം ആരെയും ഞെട്ടിക്കും. യു.എസിലെത്താന്‍ ഏജന്റിന് 30 ലക്ഷം രൂപ നല്‍കിയെന്ന് ജസ്പാല്‍ പറയുന്നു. ആദ്യം പോയത് ബ്രസീലിലേക്കാണ്. ആറുമാസത്തോളം സിംഗ് ബ്രസീലില്‍ ചെലവഴിച്ചു.

ബ്രസീലില്‍ നിന്ന് യു.എസിലേക്കും വിമാനമാര്‍ഗമാകും കൊണ്ടുപോകുകയെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ അതീവ ദുര്‍ഘടമായ ജീവന്‍പോലും നഷ്ടമായേക്കാവുന്ന വഴികളിലൂടെ കാല്‍നടയായും വാഹനമാര്‍ഗവും സഞ്ചരിക്കാന്‍ നിര്‍ബന്ധിതനായി.

യു.എസ് അതിര്‍ത്തിയില്‍ വച്ചാണ് യു.എസ് ബോര്‍ഡര്‍ പട്രോള്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്യുന്നത്. ജനുവരി 24നായിരുന്നു ഇത്. 11 ദിവസത്തോളം ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തിരുന്നതായി ജസ്പാല്‍ വെളിപ്പെടുത്തി. ഇന്ത്യയിലേക്കുള്ള യാത്ര പകുതി പിന്നിട്ട ശേഷം മാത്രമാണ് നാടുകടത്തുകയാണെന്ന് അധികൃതര്‍ പറഞ്ഞത്. കൈയാമം വച്ചും കാലുകള്‍ ബന്ധിച്ചുമാണ് തങ്ങളെ വിമാനത്തില്‍ കൊണ്ടുവന്നതെന്നും ജസ്പാല്‍ വെളിപ്പെടുത്തുന്നു.

പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ നിന്നുള്ള ഹര്‍വീന്ദര്‍ സിംഗിന്റെ അനുഭവവും മറിച്ചല്ല. 42 ലക്ഷം രൂപയാണ് അമേരിക്കന്‍ സ്വപ്‌നത്തിന് ഏജന്റ് ഇട്ട വില. യു.എസിലേക്കുള്ള യാത്രയില്‍ ഖത്തര്‍, ബ്രസീല്‍, പെറു, കൊളംബിയ, പനാമ, നിക്കാരഗ്വ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിക്കേണ്ടിവന്നു. ചെങ്കുത്തായ മലനിരകളും ആഴമുള്ള നദികളും പിന്നിടേണ്ടിവന്നു.

ദിവസങ്ങളോളം കാല്‍നടയായി യാത്ര ചെയ്തു. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ പനാമയിലെ കാട്ടില്‍വച്ച് മരണമടഞ്ഞു. മറ്റൊരാളെ കടലില്‍ വച്ച് കാണാതായി. കൊടുങ്കാട്ടിലൂടെയുള്ള യാത്രയ്ക്കിടയില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ യാതൊരു കരുണയും വഴികാണിച്ചവരില്‍ നിന്ന് ലഭിച്ചിരുന്നില്ല. ഇത്തരത്തില്‍ പരിക്കേറ്റവരെ മരണത്തിന് വിട്ടുകൊടുത്തായിരുന്നു ഞങ്ങളെയും കൊണ്ട് അവര്‍ മുന്നോട്ടുപോയത്. യാത്രയ്ക്കിടയില്‍ നിരവധി മൃതദേഹങ്ങള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കാണേണ്ടിവന്നെന്ന് ഹര്‍വീന്ദര്‍ സിംഗ് പറയുന്നു.

നാടുകടത്തല്‍ ചെലവേറിയത്

ഡൊണാള്‍ഡ് ട്രംപിന്റെ നാടുകടത്തല്‍ പ്രക്രിയ യു.എസ് ഖജനാവിന് കോടികളുടെ ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. യു.എസില്‍ നിന്ന് 2,401 മൈല്‍ അകലെയുള്ള ഗ്വാട്ടിമാലയിലേക്ക് ഒരാളെ കയറ്റി അയച്ചതിന് ചെലവായത് 4,675 ഡോളറാണ്, ഏകദേശം നാലു ലക്ഷത്തിലേറെ രൂപ! നാടുകടത്താന്‍ ഉപയോഗിക്കുന്ന വിമാനം ഒരു മണിക്കൂര്‍ പറക്കാന്‍ 14 ലക്ഷം രൂപയിലധികം വേണം. ഒരാള്‍ക്ക് മാത്രമായി മണിക്കൂറിന് ചെലവഴിക്കുന്നത് ഏകദേശം 55,163 രൂപയാണ്. യു.എസില്‍ നിന്ന് ഇതുവരെ നാടുകടത്തിയവരെയും കൊണ്ട് പറന്ന വിമാനത്തിന് ഏറ്റവും കൂടുതല്‍ സമയം പറക്കേണ്ടി വന്നത് ഇന്ത്യയിലേക്കാണ്.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയക്കുന്നത്. ഇതിന് മുന്‍പ് 2024 ഒക്ടോബറിലാണ് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. അന്ന് ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്.

തിരികെയെത്തിയവരില്‍ നാലു വയസുകാരിയും

പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്നത് 104 പേരാണ്. അമേരിക്കന്‍ സൈന്യത്തിന്റെ സി-17 വിമാനത്തിലാണ് ഇവരെത്തിയത്. സംഘത്തിലുണ്ടായിരുന്ന 48 പേര്‍ 25 വയസില്‍ താഴെയുള്ളവരാണ്. 25 സ്ത്രീകളും 12 കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നാലു വയസ് മാത്രം പ്രായമുള്ള കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 45 യു.എസ് സൈനിക ഉദ്യോഗസ്ഥരും 11 ക്രൂ അംഗങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നു. തിരികെയെത്തിച്ചവരില്‍ ചിലര്‍ അനധികൃതമായി യു.എസിലെത്തിയവരാണ്. മറ്റ് ചിലര്‍ വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങിയവരാണ്.

ഇന്ത്യക്കാരുടെ നാടുകടത്തലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് കലങ്ങി മറിഞ്ഞു. പ്രതിപക്ഷത്തിന്റെ ബഹളംമൂലം സഭ സ്തംഭിച്ചു. രാജ്യസഭയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തുകയും ചെയ്തു. യു.എസില്‍ നിന്ന് നാടുകടത്തിയവരെ മുമ്പും വിലങ്ങണിയിച്ചിട്ടുണ്ടെന്ന് ജയശങ്കര്‍ വ്യക്തമാക്കി. സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കിയാണ് വിലങ്ങണിയിച്ചത്.

നിയമവിരുദ്ധമായി മറ്റൊരു രാജ്യത്ത് തങ്ങുന്നവരെ തിരികെ സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. ഇന്ത്യക്കാരോട് മോശം പെരുമാറ്റം പാടില്ലെന്ന് യു.എസിനോട് ആവശ്യപ്പെട്ടിരുന്നതായും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com