'വ്യാപാരക്കമ്മി കുറയ്ക്കാന്‍ ഇന്ത്യയെ സഹായിക്കും': മോദിയോട് ഷി ജിന്‍പിംഗ്

'വ്യാപാരക്കമ്മി കുറയ്ക്കാന്‍   ഇന്ത്യയെ സഹായിക്കും': മോദിയോട് ഷി ജിന്‍പിംഗ്
Published on

ഇന്ത്യയും ചൈനയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് ആത്മാര്‍ത്ഥമായ നടപടി സ്വീകരിക്കാന്‍ ബീജിംഗ് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉറപ്പ് നല്‍കി. മാമല്ലപുരത്ത് ചെന്നൈ ഉച്ചകോടി സമാപിച്ചതിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇക്കാര്യമറിയിച്ചത്.

വ്യാപാരം, നിക്ഷേപം, സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കായി ഒരു ഒരു ഉന്നതതല സംവിധാനം ഏര്‍പ്പെടുത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായും ഗോഖലെ പറഞ്ഞു. വൈസ് പ്രീമിയര്‍ ഹു ചുന്‍ഹുവ ആയിരിക്കും ഈ സംവിധാനത്തില്‍ ചൈനയുടെ മുഖ്യ പ്രതിനിധി. ഇന്ത്യന്‍ ടീമിനെ ധനമന്ത്രി നിര്‍മ്മല സീതാരാമനും നയിക്കും.എപ്പോള്‍, എങ്ങനെ ഈ സംവിധാനം സജീവമാക്കുമെന്ന തീരുമാനം നയതന്ത്ര മാര്‍ഗങ്ങളിലൂടെ പിന്നീടുണ്ടാകുമെന്ന് വിജയ് ഗോഖലെ പറഞ്ഞു.

മോദി-ഷി ചര്‍ച്ച ഏറെ ഗുണകരമായിരുന്നെന്നും ഗോഖലെ വ്യക്തമാക്കി. ഉച്ചകോടിയുടെ ഒരു ഘട്ടത്തിലും കശ്മീര്‍ വിഷയം ചര്‍ച്ചയായില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ എയര്‍ ചൈനയുടെ ബോയിങ് 747 വിമാനത്തില്‍ ചെന്നൈയിലെത്തിയ ഷി ജിന്‍പിങ് ഉച്ചകോടിക്ക് ശേഷം ഇന്ന് വിമാനമാര്‍ഗം നേപ്പാളിലേക്ക് തിരിച്ചു. അടുത്ത ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദിയെ ഷി ചൈനയിലേക്ക് ക്ഷണിച്ചു. മോദി ഈ ക്ഷണം സ്വീകരിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയ അദ്ധ്യായം തുറക്കാന്‍ തീരുമാനിച്ചതായി ഷി ജിന്‍പിങുമായി നടത്തിയ രണ്ടാംഘട്ട അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.ഇന്ത്യ-ചൈന ബന്ധത്തിന്റെ എഴുപതാം വാര്‍ഷികമായ അടുത്ത വര്‍ഷം വിശാലവും ആഴമേറിയതുമായ സാംസ്‌കാരിക കൈമാറ്റത്തിനായി വിനിയോഗിക്കണമെന്ന് ഷി ജിന്‍പിങ് നിര്‍ദേശിച്ചു. വെള്ളിയാഴ്ച മുതല്‍ അഞ്ചര മണിക്കൂറോളമാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്. 'വുഹാന്‍ ഉച്ചകോടി നമ്മുടെ ബന്ധത്തിന് പുതിയ ഗതിയും കരുത്തും നല്‍കിയിരുന്നു. ചെന്നൈ ഉച്ചകോടിയിലൂടെ പരസ്പര സഹകരണത്തിന്റെ പുതിയ യുഗം ആരംഭിക്കും'- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചൈനയുമായുള്ള വലിയ വ്യാപാരകമ്മി സംബന്ധിച്ച് കുറേക്കാലമായി ഇന്ത്യ പ്രകടമാക്കിവരുന്ന ആശങ്കകള്‍ പരിഗണിക്കാന്‍ ഷി ജിന്‍പിംഗ് സന്നദ്ധത പ്രകടമാക്കിയത് രചനാത്മകമായാണ് കാണേണ്ടതെന്ന അഭിപ്രായം നിരീക്ഷകര്‍ പങ്കു വയ്ക്കുന്നു. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. തുടര്‍ ചര്‍ച്ചകള്‍ക്കായി രൂപം കൊള്ളുന്ന ഉന്നതതല സംവിധാനത്തിലൂടെയാകും ഇതുമായി ബന്ധപ്പെട്ട് ഇനിയുള്ള നീക്കങ്ങളുണ്ടാവുക. ഫാര്‍മസ്യൂട്ടിക്കല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഐടി സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള കയറ്റുമതിക്ക് സൗകര്യമൊരുക്കണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനവും തുടര്‍ന്നുണ്ടാവാന്‍ സാധ്യത തെളിഞ്ഞു.

ടെലികോം, വൈദ്യുതി തുടങ്ങി അതിവേഗ വളര്‍ച്ച പ്രകടമാക്കുന്ന മേഖലകളില്‍ ഇന്ത്യ ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ വലിയതോതില്‍ ആശ്രയിക്കുന്നതാണ് ചൈനയുമായുള്ള വ്യാപാരക്കമ്മി ഉയരാനുള്ള കാരണമായി വിലയിരുത്തുന്നത്. 2018-19 വര്‍ഷത്തില്‍ ചൈനയുമായുള്ള വ്യാപാരക്കമ്മി 10 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 53 ബില്യണ്‍ ഡോളറിലെത്തിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞതായാണ് കണക്ക്. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2017-18 ല്‍ 13 ബില്യണ്‍ ഡോളറില്‍ നിന്ന് 17 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതി 76 ബില്യണ്‍ ഡോളറില്‍ നിന്ന് 70 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ചൈനയുടെ ഏഴാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഇന്ത്യയിപ്പോള്‍. ഇന്ത്യയുടെ നാലാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനം ചൈനയും. മറുവശത്ത്, ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സ്. പക്ഷേ,  ചൈനയുടെ ഇറക്കുമതി ഉറവിടങ്ങളില്‍ 25-ാമത്തെ സ്ഥാനം മാത്രമേ ഇന്ത്യക്കുള്ളൂ. ഇതിനിടെ, ഹോംഗ്‌കോങ്ങിനെ ഇടയ്ക്കു നിര്‍ത്തി  ആ രാജ്യം വഴി  ഇന്ത്യയുമായി വാണിജ്യത്തിലേര്‍പ്പെട്ട് ചൈന കൃത്രിമക്കണക്കുകള്‍ സൃഷ്ടിക്കുന്നതായുള്ള ആരോപണവും ഉയര്‍ന്നിരുന്നു.വ്യാപാരക്കമ്മി 10 ബില്യണ്‍ ഡോളര്‍ കുറഞ്ഞതായുള്ള കണക്ക് ഇങ്ങനെയുണ്ടായതാണെന്ന കണ്ടെത്തലിന് ഇനിയും കൃത്യമായ മറുപടിയുണ്ടായിട്ടില്ല. ഇതെല്ലാം ഇനി ഉന്നതതല സംവിധാനമാകും കൈകാര്യം ചെയ്യുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com