ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളറിൽ എത്തിക്കും, ഇന്ത്യ-കാനഡ ബന്ധത്തിൽ പുത്തൻ ഉണർവ്, അപൂർവ ധാതുക്കളിലും ഊർജ മേഖലയിലും സഹകരണം

സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉടൻ അന്തിമമാക്കും
Narendra Modi, Mark Carney
Image courtesy: facebook.com/narendramodi, Canva
Published on

ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിർണാകമായ നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളറിൽ എത്തിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ ചരിത്രപരമായ നീക്കം നടക്കുന്നത്.

അപൂർവ ധാതുക്കളും ഊർജ പങ്കാളിത്തവും

നിർമ്മാണ മേഖലയ്ക്കും ഹരിത സാങ്കേതിക വ്യവസായങ്ങൾക്കും ആവശ്യമായ അപൂർവ ധാതുക്കളുടെ (Critical Minerals) വിതരണത്തിൽ സഹകരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യയുടെ ആണവോർജ ആവശ്യങ്ങൾക്കായി ദീർഘകാലത്തേക്ക് യുറേനിയം വിതരണം ചെയ്യുന്നതിനുള്ള ചരിത്രപരമായ കരാറാണ് ഇതിൽ ഏറ്റവും പ്രധാനം. ഏകദേശം 2.6 ബില്യൺ കനേഡിയൻ ഡോളർ (1.9 ബില്യൺ യുഎസ് ഡോളർ) മൂല്യമുള്ളതാണ് ഈ യുറേനിയം വിതരണ കരാർ. കൂടാതെ ചെറുകിട മോഡുലാർ റിയാക്ടറുകളിലും അഡ്വാൻസ്ഡ് റിയാക്ടറുകളിലും ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കും.

സാമ്പത്തിക, പ്രതിരോധ സഹകരണം

സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഉടൻ അന്തിമമാക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി. ഇത് ഇരുരാജ്യങ്ങളിലും പുതിയ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കും. ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) വിതരണത്തിൽ പങ്കാളിയായി മാറാനും കാനഡ സന്നദ്ധത അറിയിച്ചു. ഇതിനുപുറമെ, പ്രതിരോധം, സമുദ്ര സുരക്ഷ, ഭീകരവാദ വിരുദ്ധ പോരാട്ടം എന്നീ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. 2023 ലെ നയതന്ത്ര തർക്കങ്ങൾക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും വികസിപ്പിക്കാനുമുള്ള നിർണായക ചുവടുവെപ്പായി മാറിയിരിക്കുകയാണ് ഈ കൂടിക്കാഴ്ച.

India and Canada aim to boost bilateral trade to $50 billion with major agreements in uranium supply, critical minerals, LNG, and defence cooperation.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com