ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ അന്തിമഘട്ടത്തിൽ; ചർച്ചകൾ 99 ശതമാനവും പൂർത്തിയായെന്ന് യുഎസ് അംബാസഡർ, നീണ്ടു പോകുന്നത് എന്തുകൊണ്ട്?

ഇറക്കുമതി തീരുവ, വിപണി പ്രവേശനം, യു.എസിലെ നിയമപരമായ അനിശ്ചിതത്വങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കരാർ നീണ്ടുപോകാനുളള കാരണങ്ങള്‍
india-us trade
Image courtesy: Canva
Published on

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായകമായ ഇടക്കാല വ്യാപാര കരാർ (Interim Trade Deal) അവസാന ഘട്ടത്തില്‍. വരും ആഴ്‌ചകൾക്കുള്ളിൽ തന്നെ ഈ കരാർ ഒപ്പുവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ചർച്ചകളുടെ 99 ശതമാനവും പൂർത്തിയായതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.

220 ബില്യൺ ഡോളര്‍

ജൂൺ 1 മുതൽ 4 വരെ അമേരിക്കയുടെ ചീഫ് ട്രേഡ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുളള സംഘം ഇന്ത്യ സന്ദർശിക്കുമെന്നും അവസാന വട്ട ചർച്ചകൾ ഈ സന്ദർശനത്തോടെ പൂർത്തിയാകുമെന്നും ഗോർ അറിയിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറിൽ നിന്ന് 220 ബില്യൺ ഡോളറിലധികം ആയി വർദ്ധിച്ചിട്ടുണ്ട്.

ഡിജിറ്റൽ വ്യാപാരം, ഊർജം, നിർമ്മാണ മേഖല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ബഹിരാകാശം തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ സഹകരണം ഉറപ്പാക്കുകയാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യം. വരും വർഷത്തിൽ ഇന്ത്യയിൽ ഏകദേശം 20.5 ബില്യൺ ഡോളറിന്റെ നിക്ഷേപം യുഎസ് ഉറപ്പാക്കിയിട്ടുണ്ടെന്നും അതിൽ 19 ബില്യൺ ഡോളറും ഫാർമസ്യൂട്ടിക്കൽ മേഖലയിലാണെന്നും ഗോർ ചൂണ്ടിക്കാട്ടി. നിലവിൽ അമേരിക്കക്കാവശ്യമായ ജനറിക് മരുന്നുകളുടെ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ വളർച്ചയെ സാമ്പത്തികമായും തന്ത്രപരമായും അമേരിക്ക വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഗോർ പറഞ്ഞു.

കരാര്‍ നീണ്ടു പോകുന്നത് എന്തുകൊണ്ട്?

ഇറക്കുമതി തീരുവ (Tariffs), വിപണി പ്രവേശനം (Market Access), യു.എസിലെ നിയമപരമായ അനിശ്ചിതത്വങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇടക്കാല വ്യാപാര കരാർ നീണ്ടുപോകാൻ പ്രധാന കാരണം. 2026 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും കരാറിന്റെ അടിസ്ഥാന രൂപരേഖയിൽ ധാരണയിലെത്തിയിരുന്നെങ്കിലും, ചില നിർണായക വിഷയങ്ങളിൽ ഇപ്പോഴും വിശദമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ അധിക നികുതികൾ (Tariffs) നിയമവിരുദ്ധമാണെന്ന് യു.എസ് സുപ്രീം കോടതി വിധിച്ചതോടെ മുൻപുണ്ടാക്കിയ ചർച്ചാ ചട്ടക്കൂടുകളിൽ വലിയ അനിശ്ചിതത്വം ഉടലെടുത്തു. യു.എസിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ, നട്സ്, ജനിതകമാറ്റം വരുത്തിയ വിളകൾ (GM Crops), ഡയറി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം വേണമെന്ന് യു.എസ് ആവശ്യപ്പെടുന്നതും ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com