ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഇളവുകള്‍, ചൈനയെ ഒഴിവാക്കുന്നത് ഇന്ത്യക്ക് നേട്ടമാകും, ട്രംപുമായുളള വ്യാപാര കരാര്‍ 10 ദിവസത്തിനുളളില്‍

ചൈനീസ് കമ്പനികളില്‍ നിന്ന് അകന്ന് മറ്റു രാജ്യങ്ങളുമായി വ്യാപാരം വൈവിധ്യവത്കരിക്കാൻ യു.എസ് ആഗ്രഹിക്കുന്നുണ്ട്
modi, trump
Image courtesy: x.com/narendramodi
Published on

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയും യു.എസും തമ്മിലുളള വ്യാപാരം 2024–25 ൽ 11,384 കോടി ഡോളറിലെത്തിയിരിക്കുകയാണ്. ഇന്ത്യക്ക് 4,118 കോടി ഡോളറിന്റെ വ്യാപാര മിച്ചമാണ് യു.എസുമായുളളത്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ 18 ശതമാനം യു.എസിലേക്കാണ് എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത വിപണിയായി മാറിയിരിക്കുകയാണ് യു.എസ്.

എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തത്തുല്യ ഇറക്കുമതി ചുങ്കം ഇന്ത്യക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 26 ശതമാനം വരെയാണ് താരിഫ് പ്രഖ്യാപിച്ചത്. 90 ദിവസത്തേക്ക് പിന്നീട് ഇത് താൽക്കാലികമായി നിർത്തിവച്ചു. ജൂലൈ 9 ന് ഇതിന്റെ കാലാവധി അവസാനിക്കുകയാണ്. തത്തുല്യ ഇറക്കുമതി ചുങ്കത്തെ നേരിടാന്‍ ഇന്ത്യ യു.എസുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടാനുളള നീക്കങ്ങള്‍ സജീവമായി പുരോഗമിക്കുകയാണ്. കരാറിന്റെ ആദ്യ ഘട്ടം അടുത്ത 7-10 ദിവസത്തിനുള്ളിൽ അന്തിമമാകുമെന്ന് സി.എൻ.ബി.സി ടിവി 18 റിപ്പോർട്ട് ചെയ്യുന്നു.

കരാറിന്റെ ഭാഗമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഭാഗിക ഇളവ് നൽകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യൻ ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ വിഭാഗത്തിന് 10 ശതമാനം തിരുവ ഏർപ്പെടുത്താൻ യുഎസ് തീരുമാനിച്ചേക്കും. എന്നാല്‍ ഇത് ട്രംപ് പ്രഖ്യാപിച്ച് 26 ശതമാനം താരീഫില്‍ നിന്ന് കുറവായതിനാല്‍ ഇന്ത്യക്ക് ആശ്വാസമാകാനിടയുണ്ടെന്നാണ് കരുതുന്നത്.

ട്രംപ് ഭരണകൂടം ചൈനയെ ഒഴിവാക്കികൊണ്ടുളള ആഗോള വ്യാപാര സമവാക്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. ചൈനീസ് കമ്പനികളില്‍ നിന്ന് അകന്ന് മറ്റു രാജ്യങ്ങളുമായി വ്യാപാരം വൈവിധ്യവത്കരിക്കാൻ ട്രംപ് ഭരണകൂടം വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചില ഫാർമസ്യൂട്ടിക്കൽസ് ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങൾ, ഓട്ടോ ഘടകങ്ങൾ തുടങ്ങിയ തിരഞ്ഞെടുത്ത ഇന്ത്യന്‍ ഉൽപ്പന്നങ്ങൾക്ക് തീരുവ രഹിത പ്രവേശനം ലഭിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പകരമായി തിരഞ്ഞെടുത്ത അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പ്രത്യേകിച്ച് കൃഷി, മെഡിക്കൽ ഉപകരണങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ യു.എസിന് ആഭ്യന്തര വിപണിയിലേക്കുളള പ്രവേശനം സുഗമമാക്കാനുളള നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നത്.

India and the US are finalizing a trade deal within 10 days to mitigate Trump's tariff threat and secure partial relief for Indian exports.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com