
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സംഘർഷഭരിതമായി തുടരുകയാണ്. തുടർച്ചയായ 11-ാം രാത്രിയിലും പാക്കിസ്ഥാൻ ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തി. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് പാക്കിസ്ഥാൻ വില നൽകുമെന്ന് ഉറപ്പാക്കാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. സൈനിക ശക്തിയെ കൂടാതെ, പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ നയതന്ത്ര നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഇന്ന് യോഗം ചേരുകയാണ്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതില്‍ നിന്ന് പാക്കിസ്ഥാനെ തടയുന്നതിനാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയുടെ നയതന്ത്ര നടപടികൾ പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ, ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയത് പാക്കിസ്ഥാനിലെ കൃഷിക്കും ജലവിതരണത്തിനും വലിയ തിരിച്ചടിയാണ്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള വിമാനക്കമ്പനികളുടെ എല്ലാ വിമാനങ്ങൾക്കും ഇന്ത്യ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനങ്ങൾ ചൈന വഴി ക്വാലാലംപൂർ പോലുള്ള സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ്. അധിക സമയവും ചെലവും മൂലം ഇത് പാക്കിസ്ഥാന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.
പാക്കിസ്ഥാനിൽ നിന്നുളള എല്ലാ വസ്തുക്കളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ഏപ്രിൽ 24 ന് അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചുപൂട്ടിയെങ്കിലും പാക്കിസ്ഥാൻ ഉൽപ്പന്നങ്ങൾ മൂന്നാം രാജ്യങ്ങൾ വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് തുടർന്നിരുന്നു. പാക് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെത്തുന്ന എല്ലാ പഴുതുകളും അടയ്ക്കുമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്.
ഉണങ്ങിയ പഴങ്ങൾ, ഈത്തപ്പഴം, ജിപ്സം, സിമൻറ്, ഗ്ലാസ്, ഔഷധസസ്യങ്ങൾ തുടങ്ങിയവയാണ് പാക്കിസ്ഥാനിൽ നിന്ന് പ്രധാനമായും ഇന്ത്യയില്‍ എത്തുന്നത്. പാക് ഉല്‍പ്പന്നങ്ങളെ ഇന്ത്യ കാര്യമായി ആശ്രയിക്കുന്നില്ലെങ്കിലും ഈ നീക്കം പാക് സമ്പദ്‌വ്യവസ്ഥയെ ക്ഷീണിപ്പിക്കുന്നതായിരിക്കും.
ഇന്ത്യൻ തുറമുഖങ്ങളിൽ പാക്കിസ്ഥാൻ കപ്പലുകൾ പ്രവേശിക്കുന്നതും ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. 2023-24 ൽ പാക്കിസ്ഥാനിലേക്കുളള ഇന്ത്യയുടെ കയറ്റുമതി 118 കോടി ഡോളറായിരുന്നു, ഇറക്കുമതി 28.8 ലക്ഷം ഡോളറിന്റേതും. ഇറക്കുമതി നിരോധിച്ചതിനേക്കാള്‍ ഇന്ത്യയില്‍ നിന്നുളള കയറ്റുമതി നിര്‍ത്തിവെച്ചത് പാക് വ്യവസായങ്ങള്‍ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. ഇന്ത്യൻ ഇറക്കുമതിയെ, പ്രത്യേകിച്ച് ജൈവ രാസവസ്തുക്കൾ ($129.55 മില്യൺ), ഔഷധ ഉൽപ്പന്നങ്ങൾ ($110.06 മില്യൺ) എന്നിവയെ വളരെയധികം ആശ്രയിക്കുന്ന നിരവധി പാക്കിസ്ഥാൻ വ്യവസായങ്ങളുണ്ട്. പഞ്ചസാര മിഠായി മേഖല ($85.16 മില്യൺ), പ്ലാസ്റ്റിക് ($4.1 മില്യൺ), ഓട്ടോ ഘടകങ്ങൾ ($28.57 മില്യൺ) തുടങ്ങിയവയും പാക്കിസ്ഥാന്‍ ഇന്ത്യയെ വളരെയധികം ആശ്രയിക്കുന്നുണ്ട്.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും ക്ഷാമവും ഇതിനകം തന്നെ നേരിടുന്ന പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമേൽപ്പിക്കാനുളള സാധ്യതകളാണ് ഇന്ത്യ തേടുന്നത്. ദുബായ് പോലുള്ള മൂന്നാം കക്ഷി റൂട്ടുകളിലൂടെ പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും ഇന്ത്യ ശ്രദ്ധ പുലര്‍ത്തുന്നു.
India tightens trade restrictions to economically isolate Pakistan and curb terror funding.
Read DhanamOnline in English
Subscribe to Dhanam Magazine