

പശ്ചിമേഷ്യയിൽ ഒരു മാസത്തോളമായി നിലനിൽക്കുന്ന സംഘർഷത്തിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷ സജീവമാണെങ്കിലും യു.എസും ഇറാനും തമ്മിലുള്ള അനുരഞ്ജന സാധ്യതകൾ മങ്ങുകയാണെന്ന വിലയിരുത്തൽ മറുവശത്തു നിന്നും ഉയരുന്നു. യു.എസ് മുൻകൈയെടുത്ത് നടത്തുന്ന സമാധാന ചർച്ചകളുടെ ഉദ്ദേശ്യത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് അനുരഞ്ജന ശ്രമങ്ങൾക്കായി മധ്യസ്ഥം വഹിക്കുന്ന കക്ഷികളെ ഇറാൻ അറിയിച്ചുവെന്ന യു.എസ് മാധ്യമങ്ങളുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിഗമനം ശക്തിപ്പെടുന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങളെ രണ്ട് തവണ വഞ്ചിച്ചുവെന്നും ഇനിയും കബളിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും യു.എസുമായുള്ള ചർച്ചകളെക്കുറിച്ച് നേരിട്ട് അറിവുള്ള ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചതായും ആക്സിയോസ് റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾക്ക് ഗതിവേഗം പകർന്നു ലഭിച്ചതിനിടെയാണ് ഈ അവിശ്വാസം ഉടലെടുക്കുന്നത് എന്നതും ശ്രദ്ധേയം.
സമാധാന ചർച്ചകൾ നേരിട്ട് യു.എസും ഇറാനും തമ്മിൽ നടക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മധ്യസ്ഥരായി നിൽക്കുന്ന രാജ്യങ്ങളിലൂടെ പരോക്ഷ ചർച്ചകളാണ് നടക്കുന്നത്. ഇതിലൂടെ തന്നെ ഇരുകൂട്ടർക്കും ഇടയിലുള്ള പരസ്പര വിശ്വാസത്തിന്റെ അഭാവം വ്യക്തമാണ്. അതായത് നയതന്ത്രതല ചർച്ചകളെ കുറിച്ചല്ല, മറിച്ച് പരസ്പര വിശ്വാസ്യതയുടെ പ്രശ്നമാണ് യു.എസിനും ഇറാനും തമ്മിലുള്ളതെന്ന് സാരം. പൊതുവേ ഇത്തരത്തിലുള്ള പരോക്ഷ ചർച്ചകൾ ദൈർഘ്യമേറിയതും അനിശ്ചിതത്വം നിറഞ്ഞതുമായിരിക്കും. അതുകൊണ്ടാണ് യു.എസും ഇറാനും തമ്മിലുള്ള പ്രതിസന്ധിക്ക് ഉടൻ അയവുണ്ടാകുമോ എന്ന സംശയം ബലപ്പെടുന്നത്.
അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം ശമനമില്ലാതെ ഇനിയും തുടരുകയാണെങ്കിൽ അതിന്റെ പരിണതഫലം നേരിട്ട് ബാധിക്കുക ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡോയിൽ കടത്തിനേയും ഗൾഫ് മേഖലയുടെ സ്ഥിരതയേയും ഇറാനെതിരായ ഉപരോധങ്ങളുടെ ഭാവിഗതിയേയും ഒക്കെയാകും. ഇവയെല്ലാം ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കെൽപ്പുള്ളവായാണെന്നതാണ് വിഷയത്തെ സങ്കീർണവും നിർണായകവുമാക്കി തീർക്കുന്നത്.
ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളെ ഇറാൻ സംശയത്തോടെ നോക്കിക്കാണുന്നതിനുള്ള അടിസ്ഥാന കാരണം സമീപകാലത്ത് യു.എസിന്റെ ഭാഗത്തുനിന്നും തന്നെ ഉണ്ടായിട്ടുള്ള നടപടികളാണ്. നേരത്തെ, ആണവ കരാർ ഒപ്പുവെച്ചതിന് ശേഷം ഇറാനെതിരേ യു.എസ് സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ജൂണിൽ പ്രാഥമിക ഘട്ട ആണവ ചർച്ചകൾ നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തി. അതുപോലെ ഈ വർഷം ജനീവയിൽ ചർച്ചകൾ തുടരുന്നതിന് ഇരുപക്ഷവും തമ്മിൽ ധാരണ ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ യു.എസും ഇസ്രായേലും ഇറാനെതിരേ സംയുക്ത ആക്രമണം നടത്തി.
അതായത്, ട്രംപിന്റേത് സാധാരണ രീതിയിലുള്ള സമാധാന ചർച്ചകളല്ല, മറിച്ച് യുദ്ധത്തിനിടയിലെ തന്ത്രപരമായ നീക്കങ്ങളെന്നാണ് ഇറാൻ കരുതുന്നതെന്ന് സാരം. അതുകൊണ്ട് സൈനിക നടപടികൾ തുടരുന്നതിനിടെ സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമോ എന്നതാണ് ഇറാന്റെ മുന്നിലുള്ള ചോദ്യം. എന്നാൽ യു.എസിനെ സംബന്ധിച്ച് നയതന്ത്രതല സമ്മർദവും ഒരു ആയുധമാണ്. ആ ഒരു വ്യത്യാസമാണ് സമാധാന നീക്കങ്ങൾക്ക് മുന്നിലുള്ള പ്രധാന തടസ്സം.
ചുരുക്കത്തിൽ, ഇപ്പോൾ പശ്ചിമേഷ്യയിൽ അരങ്ങേറുന്നത് മധ്യസ്ഥന്മാർ മുഖേനയുള്ള സമാധാന ചർച്ചകൾ മാത്രമല്ല, മറിച്ച് സാമ്പത്തികവും സൈനികവുമായ സമ്മർദ്ദത്തിനിടയിൽ നടക്കുന്ന വലിയൊരു ജിയോപൊളിറ്റിക്കൽ ശക്തിപരീക്ഷ കൂടിയാണ്. അതിനാൽ ഇരുപക്ഷവും അന്തിമ കരാറിൽ ഉടനെയെങ്ങും എത്തിച്ചേരാനുള്ള സാധ്യത കുറവാണെന്നും ഈ ചർച്ചകളുടെ ഒക്കെ അനന്തര ഫലം ആഗോള വിപണികളുടെ ഭാവിഗതി നിർണയിക്കുന്നതിൽ പ്രധാന ഘടകമാകുമെന്നും മാർക്കറ്റ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine