

സിവില്‍ എഞ്ചിനിയര്‍, തരംഗം തീര്‍ത്ത റാപ്പര്‍, കാണ്ഡ്മണ്ടുവിന്റെ ചരിത്രത്തിലാദ്യമായി സ്വതന്ത്ര സ്ഥാനാര്‍ഥിയായി വന്ന് മേയറായ വ്യക്തി... 35കാരനായ ബാലെന്‍ ഷാ നേപ്പാളിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ചുവടു വയ്ക്കുമ്പോള്‍ ആഗോള തലത്തില്‍ അതൊരു അത്ഭുത വാര്‍ത്ത തന്നെയാണ്. ജെന്‍ സീ തലമുറയുടെ പ്രക്ഷോഭത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് അന്നത്തെ പ്രധാനമന്ത്രി കെ.പി ഓലിക്ക് രാജിവച്ച് ഓടേണ്ടിവന്നത്.
കഴിഞ്ഞ ദിവസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബാലെന്‍ ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി (ആര്‍എസ്പി) നേരിട്ട് തിരഞ്ഞ് നടന്ന 164ല്‍ 124 സീറ്റ് നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. 2022ല്‍ മാത്രം സ്ഥാപിതമായ പാര്‍ട്ടിയാണ് ആര്‍എസ്പി. ജെന്‍ സീ പ്രക്ഷോഭത്തിനുശേഷം രാജ്യം തിരഞ്ഞെടുപ്പിലേക്ക് പോയപ്പോഴാണ് റാബി ലാമിച്ചാനെയെന്ന ടിവി അവതാരകന്‍ സ്ഥാപിച്ച ആര്‍എസ്പി ബാലെന്‍ ഷായുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.
ഷായെ മുഖമാക്കി മുന്നില്‍ നിര്‍ത്തിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഷായുടെയും ആര്‍എസ്പിയുടെയും പടയോട്ടത്തില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള പാര്‍ട്ടികള്‍ തകര്‍ന്നടിയുന്നതാണ് കണ്ടത്.
യുവജന ക്ഷോഭത്തില്‍ കെ.പി ഓലി അടക്കം നാല് മുന്‍ പ്രധാനമന്ത്രിമാര്‍ക്കാണ് തോല്‍വി രുചിക്കേണ്ടി വന്നത്. ഓലിയുടെ ശക്തികേന്ദ്രത്തില്‍ പോയി റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ച ബാലെന്‍ ഷാ പ്രധാനമന്ത്രിയാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണ് നേപ്പാളിലെ തിരഞ്ഞെടുപ്പ്. ഫെഡറല്‍ പാര്‍ലമെന്റില്‍ ആകെ 275 സീറ്റുകളാണുള്ളത്. ഇതില്‍ 138 സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരത്തിലെത്തും. ഈ 275ല്‍ 165 സീറ്റുകളിലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന പോലെ സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ജയിക്കും. ബാക്കിയുള്ള 110 സീറ്റുകളിലേക്ക് പ്രൊപ്പോര്‍ഷണല്‍ റെപ്രസന്റേഷനാണ്. അതായത് വോട്ടര്‍മാര്‍ രണ്ട് വോട്ട് ചെയ്യണം. ഒന്ന് സ്ഥാനാര്‍ത്ഥിക്കും മറ്റൊന്ന് പാര്‍ട്ടിക്കും. പാര്‍ട്ടികള്‍ക്ക് പ്രൊപ്പേര്‍ഷണല്‍ വോട്ട് കിട്ടുന്നതിന്റെ അനുപാതത്തില്‍ സീറ്റുകള്‍ ലഭിക്കുന്നു. ഇതിലും ആര്‍എസ്പി പാര്‍ട്ടിക്കാണ് മേല്‍ക്കൈ കിട്ടിയത്.
ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്തതിനാല്‍ അസ്ഥിരമായ കൂട്ടുകക്ഷി ഭരണമാണ് നേപ്പാളില്‍ സംഭവിക്കാറുള്ളത്. ഇത്തവണ സുസ്ഥിരമായ ഭരണകൂടം വരുമെന്നത് ഇന്ത്യയ്ക്കും ആശ്വാസകരമാണ്.
നേപ്പാളില്‍ രണ്ടുതരം സര്‍ക്കാരുകളാണ് ഇതുവരെ അധികാരത്തില്‍ വന്നിരുന്നത്. ഇന്ത്യ അനുകൂലവും ചൈനീസ് അനുകൂലവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പ്രചണ്ഡ പ്രധാനമന്ത്രിയായപ്പോള്‍ ചായ്‌വ് ചൈനയിലേക്കായിരുന്നു. ഇപ്പോള്‍ അധികാരത്തിലേറുന്ന ബാലെന്‍ ഷാ നേപ്പാള്‍ ഫസ്റ്റ് എന്ന നിലപാടുകാരനാണ്. ഇന്ത്യയ്‌ക്കെതിരേയും ചൈനയ്‌ക്കെതിരേയും ചില നിലപാടുകള്‍ അദ്ദേഹം മുന്‍കാലത്ത് എടുത്തിട്ടുണ്ട്.
മേയര്‍ ഓഫീസില്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ഗ്രേറ്റര്‍ നേപ്പാള്‍ മാപ്പ് സ്ഥാപിച്ചതാണ് ഇതിലൊന്ന്. പുരാണത്തെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട ബോളിവുഡ് ചിത്രം ആദിപുരുഷിന് കാണ്ഡ്മണ്ടുവിലെ തീയറ്ററുകളില്‍ ഷാ വിലക്കേര്‍പ്പെടുത്തിയിരുന്നു. സിനിമയില്‍ സീതയുടെ ജന്മസ്ഥലം ഇന്ത്യയാണെന്ന് കാണിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. നേപ്പാളിലെ ജനക്പൂരിലാണ് സീത ജനിച്ചതെന്നാണ് നേപ്പാളികള്‍ വിശ്വസിക്കുന്നത്.
ഈ സംഭവങ്ങളെല്ലാം രണ്ട് വര്‍ഷം മുമ്പുള്ളതാണ്. പൊതുതിരഞ്ഞെടുപ്പ് സമയത്ത് ചൈനയ്ക്ക് പങ്കാളിത്തമുള്ള ഡമാക് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹം പ്രകടനപത്രികയില്‍ നിന്ന് ഒഴിവാക്കിയത് ഇന്ത്യ അനുകൂല പരിവര്‍ത്തനത്തിന്റെ സൂചനയായി കണക്കാക്കുന്നു.
നേപ്പാളി യുവത്വം പല കാര്യങ്ങളിലും ഇന്ത്യന്‍ സംസ്‌കാരം പിന്തുടരുന്നവരാണ്. അത് ക്രിക്കറ്റിലാണെങ്കിലും ബോളിവുഡ് സിനിമകളിലാണെങ്കിലും സ്വാധീനം വ്യക്തമാണ്. ഇന്ത്യയില്‍ തൊഴിലെടുക്കുന്ന നേപ്പാളികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ശ്രീലങ്കയിലും ബംഗ്ലാദേശിലും അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.
ശ്രീലങ്കയുമായി ഇപ്പോള്‍ നല്ല ബന്ധത്തിലാണ് ഇന്ത്യ. അഫ്ഗാനിസ്ഥാന്റെ മേഖലയിലെ ഏറ്റവുമടുത്ത സൗഹൃദ രാഷ്ട്രവും ഇന്ത്യ തന്നെ. ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിന്റെ കാലത്ത് മുഹമ്മദ് യൂനുസ് ഭരണകൂടവുമായി നിരന്തര കലഹത്തിലായിരുന്നു ഡല്‍ഹി. എന്നാല്‍ താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായതോടെ മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ വരുന്നുണ്ട്. അയല്‍വക്കത്തുള്ള ചലനങ്ങള്‍ നിര്‍ണായകമായതിനാല്‍ നേപ്പാളിലെ ഭരണമാറ്റം ഇന്ത്യ സൂക്ഷ്മമായിട്ടാണ് വീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine