സ്റ്റാര്‍ട്ടപ്പ് മുതല്‍ പ്രതിരോധ സാങ്കേതികവിദ്യ വരെ; യുദ്ധച്ചെലവും സംഘര്‍ഷവും മറികടന്ന് ഇസ്രയേല്‍ വളരുന്നത് എങ്ങനെ?

ടെല്‍ അവീവ് ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കും ശക്തമായി തുടരുകയാണ്
സ്റ്റാര്‍ട്ടപ്പ് മുതല്‍ പ്രതിരോധ സാങ്കേതികവിദ്യ വരെ; യുദ്ധച്ചെലവും സംഘര്‍ഷവും മറികടന്ന് ഇസ്രയേല്‍ വളരുന്നത് എങ്ങനെ?
Published on

തുടര്‍ച്ചയായ സൈനിക ഏറ്റുമുട്ടലുകളും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും തുടര്‍ക്കഥയാകുമ്പോഴും ഇസ്രായേല്‍ സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍. യുദ്ധത്തിനായി ഭീമമായ തുക മുടക്കുമ്പോഴും ടെക്‌നോളജിയിലും കയറ്റുമതിയിലും രാജ്യം കൈവരിച്ച നേട്ടങ്ങളാണ് ഇസ്രയേലിന് കരുത്താകുന്നത്.

ആഗോള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്ക് ഓഫ് ഇസ്രായേല്‍ രാജ്യത്തിന്റെ വളര്‍ച്ചാ പ്രവചനം നേരിയ തോതില്‍ കുറച്ചിട്ടുണ്ട്. എന്നിരുന്നാല്‍ പോലും ജിഡിപി 2026ല്‍ 3.8 ശതമാനം കൈവരിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ വിലയിരുത്തല്‍.

അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനപ്രകാരം 2026ല്‍ ഇസ്രായേല്‍ 3.5 ശതമാനം വളര്‍ച്ച നേടും. യുഎസിന്റെ 2.3 ശതമാനവും യൂറോപ്യന്‍ യൂണിയന്റെ 1.3 ശതമാനവും ഉള്‍പ്പെടെ ജി7 കൂട്ടായ്മയിലെ പ്രമുഖ സമ്പദ്വ്യവസ്ഥകളെ വളര്‍ച്ചാനിരക്കില്‍ ഇസ്രായേല്‍ മറികടക്കുമെന്നാണ് വിലയിരുത്തല്‍. 2027ല്‍ രാജ്യത്തിന്റെ വളര്‍ച്ച 4.4 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് കണക്കാക്കുന്നു.

സാമ്പത്തികരംഗം ശക്തം

ദീര്‍ഘകാലമായി യുദ്ധത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഇസ്രായേലിന്റെ അടിസ്ഥാന സാമ്പത്തിക ഘടകങ്ങള്‍ ശക്തമാണ്. ജൂണില്‍ ഇസ്രായേലിലെ തൊഴിലില്ലായ്മ നിരക്ക് മൂന്ന് ശതമാനമായിരുന്നു. യുഎസിലെ 4.2 ശതമാനത്തേക്കാളും കുറവാണിത്. തൊഴിലില്ലായ്മ നിരക്കില്‍ യൂറോസോണിനേക്കാള്‍ മെച്ചപ്പെട്ട നിലയിലുമാണ് ഇസ്രയേല്‍.

ഇറാനുമായുള്ള സംഘര്‍ഷം ശക്തമായിരുന്നിട്ട് പോലും പണപ്പെരുപ്പം 1.6 ശതമാനത്തില്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ രാജ്യത്തിന് കഴിഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പണപ്പെരുപ്പം 2021 മെയ് മാസത്തിനുശേഷമുള്ള മികച്ച നിലയാണ്.

സൈബര്‍ സുരക്ഷ, പ്രതിരോധ സാങ്കേതികവിദ്യ, പ്രകൃതിവാതകം തുടങ്ങിയ മേഖലകളുടെ മികച്ച പ്രകടനമാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന കരുത്താകുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നു.

സമീപകാലത്ത് ഇസ്രായേലി കമ്പനികളുമായി ബന്ധപ്പെട്ട രണ്ട് വന്‍കിട ഏറ്റെടുക്കല്‍ കരാറുകളും ശ്രദ്ധനേടി. സൈബര്‍ സുരക്ഷാ കമ്പനിയായ വിസിനെ 3,200 കോടി ഡോളറിന് ഗൂഗിളും സൈബര്‍ആര്‍ക്കിനെ 2,500 കോടി ഡോളറിന് പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്സും ഏറ്റെടുക്കാന്‍ കരാറിലെത്തി. ഈ ഇടപാടുകളിലൂടെ രാജ്യത്തേക്ക് എത്തുന്ന വിദേശ മൂലധനം സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വ് നല്‍കുന്നു.

ഓഹരി വിപണിക്കും ഷേക്കലിനും നേട്ടം

ടെല്‍ അവീവ് ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കും ശക്തമായി തുടരുകയാണ്. ഇസ്രായേലിന്റെ ബെഞ്ച്മാര്‍ക്ക് സൂചികയായ ടെല്‍ അവീവ്35, കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 33 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. ടെല്‍ അവീവ്125 സൂചിക ഒരു വര്‍ഷത്തിനിടെ 28 ശതമാനം നേട്ടം കൊയ്തു.

ടെക്നോളജി, ധനകാര്യ സേവനങ്ങള്‍, പ്രതിരോധം തുടങ്ങിയ മേഖലകളിലേക്ക് അന്താരാഷ്ട്ര നിക്ഷേപകര്‍ തിരിച്ചെത്തുന്നതാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

സ്റ്റാര്‍ട്ടപ്പ് നേഷന്‍ എന്ന ശക്തി

നവീന ആശയങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇസ്രായേല്‍ വര്‍ഷങ്ങളായി 'സ്റ്റാര്‍ട്ടപ്പ് നേഷന്‍' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടര്‍ സാങ്കേതികവിദ്യ, പ്രതിരോധ ഗവേഷണം എന്നിവയില്‍ ലോകോത്തര കമ്പനികള്‍ രാജ്യത്തുണ്ട്. ഇറാനുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലുകളും കഴിഞ്ഞ മാസങ്ങളില്‍ നടന്ന സൈനിക നടപടികളും ഇസ്രായേലിന്റെ പ്രതിരോധ സാങ്കേതികവിദ്യയുടെ ശേഷി ലോകത്തിന് മുന്നില്‍ പ്രകടമാക്കി.

മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ഡ്രോണ്‍ സാങ്കേതികവിദ്യ, ദീര്‍ഘദൂര ആക്രമണ ശേഷി തുടങ്ങിയ മേഖലകളിലെ പ്രകടനം പ്രതിരോധ മേഖലയിലുള്ള കമ്പനികള്‍ക്ക് ഗുണം ചെയ്തു. ഇതുവഴി പ്രതിരോധ മേഖലയിലും ഹൈടെക് കമ്പനികളിലും നിക്ഷേപക താല്‍പര്യം വര്‍ധിക്കുകയും പുതിയ ഓര്‍ഡറുകളും വിദേശ മൂലധനവും രാജ്യത്തേക്ക് ഒഴുകിയെത്തുകയും ചെയ്യുകയാണ്.

വെല്ലുവിളികള്‍ ഒഴിയുന്നില്ല

സാമ്പത്തിക സൂചികകള്‍ മുന്നേറ്റം കാണിക്കുന്നുണ്ടെങ്കിലും യുദ്ധം സൃഷ്ടിച്ച വെല്ലുവിളികള്‍ ഇനിയും അവസാനിച്ചിട്ടില്ല. സൈനിക സേവനത്തിനായി യുവാക്കളെ വ്യാപകമായി നിയോഗിച്ചതോടെ നിര്‍മാണം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. വിനോദസഞ്ചാര മേഖലയിലെ ഇടിവ്, ഉപഭോക്തൃ ചെലവഴിക്കലിലെ കുറവ്, ഉയര്‍ന്ന യുദ്ധച്ചെലവ് എന്നിവയും സമ്പദ്വ്യവസ്ഥയ്ക്ക് സമ്മര്‍ദമാകുന്നുണ്ട്. യുദ്ധച്ചെലവ് വര്‍ധിച്ചതോടെ സര്‍ക്കാര്‍ കടവും ഉയര്‍ന്നിട്ടുണ്ട്.

Israel is projected to outpace G7 economies in growth despite ongoing conflict, driven by its technology, cybersecurity and defence sectors
```html ```
logo
DhanamOnline
dhanamonline.com