സംസ്ഥാന ബജറ്റിനെതിരെ മന്ത്രിസഭയില്‍ തന്നെ അങ്കക്കലി; മാവേലി സ്റ്റോറുകള്‍ക്ക് പൂട്ടിടാന്‍ സപ്ലൈകോയും

മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ മന്ത്രിമാര്‍; വിശദീകരണവുമായി ധനവകുപ്പ്
Supplyco store, KN Balagopal, J Chinchurani, GR Anil
Image : Supplyco website, FB and Niyamasabha website
Published on

കേരളത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയെന്ന ലക്ഷ്യത്തോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സി.പി.ഐ മന്ത്രിമാര്‍, ഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരെ നടത്തുന്ന സമരത്തിന് ശേഷം മുഖ്യമന്ത്രിയെ പരാതി നേരിട്ടറിയിക്കും. ബജറ്റില്‍ സപ്ലൈകോയെ തികച്ചും അവഗണിച്ചെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കിയത്. മൃഗസംരക്ഷണ മേഖലയ്ക്കും ക്ഷീരവകുപ്പിനും വിഹിതം വെട്ടിക്കുറച്ചതില്‍ മറ്റൊരു സി.പി.ഐ മന്ത്രിയായ ജെ. ചിഞ്ചുറാണിയും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു.

സി.പി.ഐ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് ബജറ്റ് വിഹിതം വെട്ടിക്കുറച്ചെന്നാണ് ഇവര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ബജറ്റ് വിഹിതത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായെന്നാണ് ക്ഷീരവകുപ്പിന്റെ വാദം. സപ്ലൈകോയ്ക്ക് പ്രത്യേക പരിഗണന വേണ്ടതായിരുന്നെന്നും ബജറ്റില്‍ പക്ഷേ അതുണ്ടായില്ലെന്നുമാണ് ജി.ആര്‍. അനില്‍ പ്രതികരിച്ചത്. കേരളത്തില്‍ അരിവില വര്‍ധിക്കാന്‍ കളമൊരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മറുപടിയുമായി ധനവകുപ്പ്

അതേസമയം, സപ്ലൈകോയ്ക്ക് ബജറ്റില്‍ 1,700 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. റേഷന്‍ സബ്‌സിഡിയായി 938 കോടി രൂപയും നെല്ല് സംഭരിക്കാന്‍ 557 കോടി രൂപയും നീക്കിവച്ചിട്ടുണ്ടെന്ന് ധനവകുപ്പ് പറയുന്നു. വിപണി ഇടപെടലുകള്‍ക്കായി മറ്റൊരു 205 കോടി രൂപയുമുണ്ടെന്ന് ധനവകുപ്പ് വ്യക്തമാക്കി.

ഇതുകൂടാതെ, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കായി 370 കോടി രൂപ, എ.ആര്‍.ഡി കമ്മിഷനായി 308 കോടി രൂപ, ചരക്കുനീക്ക ചെലവുകള്‍ക്കായി 260 കോടി രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്. 

മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടുമോ സപ്ലൈകോ?

ബജറ്റില്‍ പരിഗണന കിട്ടുമെന്ന പ്രതീക്ഷകള്‍ മങ്ങിയതോടെ മാവേലി സ്‌റ്റോറുകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ് സപ്ലൈകോ എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്യമായ വില്‍പനയില്ലാത്ത സ്റ്റോറുകള്‍ക്കാകും പൂട്ടിടുക.

സംസ്ഥാന ബജറ്റില്‍ സപ്ലൈകോയ്ക്ക് നേരിട്ട് 10 കോടി രൂപ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇത് ഒട്ടും പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍. പുതുതായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിന് പുറമേ ഷോപ്പിംഗ് മാളുകളിലേക്കും ഔട്ട്‌ലെറ്റുകളുടെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ സപ്ലൈകോ ശ്രമിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com