ബജറ്റില്‍ സൗജന്യങ്ങള്‍ കൂട്ടാന്‍ ഒരുങ്ങി എല്‍ഡിഫ്, 'ന്യായ' പദ്ധതിയുമായി യുഡിഫ്

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റില്‍ എല്ലാ മേഖലയിലുള്ളവരെയും ആകര്‍ഷിക്കാനുള്ള കാര്യങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. യു ഡി എഫിന്റെ ന്യായ പദ്ധതി എത്രമാത്രം ജനമനസ്സില്‍ കയറും?
ബജറ്റില്‍ സൗജന്യങ്ങള്‍ കൂട്ടാന്‍ ഒരുങ്ങി എല്‍ഡിഫ്, 'ന്യായ' പദ്ധതിയുമായി യുഡിഫ്
Published on

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നാളെ അവതരിപ്പിക്കുന്ന ബജറ്റ് നിലവിലുള്ള സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ പുതിയ ഒരു തൊഴില്‍ പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ധനകാര്യ മന്ത്രി തോമസ് ഐസക് സൂചിപ്പിച്ചതു പ്രകാരം വീട്ടമ്മമാര്‍ക്കുവേണ്ടിയുള്ള ഒരു പദ്ധതിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.

എന്നാല്‍, ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് പ്രതിപക്ഷ സഖ്യമായ യുഡിഫ്, അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ 'ന്യായ' പദ്ധതി കേരളത്തില്‍ നടപ്പാക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും കുറഞ്ഞത് 6000 രൂപയെങ്കിലും മാസ വരുമാനമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

നാളത്തെ ബജറ്റില്‍ കൃഷിക്കാര്‍ക്കുള്ള സൗജന്യങ്ങളില്‍ തീര്‍ച്ചയായും വര്‍ധന പ്രതീക്ഷിക്കാം. നെല്ല്, തേങ്ങ എന്നിവയുടെ താങ്ങു വില വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വില നിര്‍ണ്ണയ പരിപാടിയുടെ ഭാഗമായി റബ്ബറിന്റെ സബ്‌സിഡിയും വര്‍ദ്ധിപ്പിച്ചേക്കും. നിലവില്‍ കേന്ദ്രം നിശ്ചയിച്ച വിലയില്‍ നിന്നും 9.23 രൂപ കിലോയ്ക്ക് അധികം കൃഷിക്കാര്‍ക്ക് നല്‍കിയാണ് കേരളത്തില്‍ നെല്ല് സംഭരിക്കുന്നത്. റബ്ബര്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 150 രൂപ അടിസ്ഥാന വില കേരള സര്‍ക്കാര്‍ ഇപ്പോള്‍ ഉറപ്പു വരുത്തുന്നുണ്ട്. ഈ വില ഉയര്‍ത്തിയാല്‍ കൊടുക്കുന്ന സബ്‌സിഡിയും ഉയരും.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തിരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ആളുകളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ബജറ്റിലൂടെ ശ്രമിക്കും. ഇതില്‍ പ്രവാസികളും ഉള്‍പ്പെടും. പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതി വിപുലീകരിക്കുന്നതിന് പുറമെ ഇവര്‍ക്കുള്ള പെന്‍ഷനും ഉയര്‍ത്തിയേക്കാം.

സംസ്ഥാനത്തെ ജനങ്ങളില്‍ 23 ശതമാനം പേര്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവരാണ്. തീര്‍ച്ചയായും ഇവരെ കൈയ്യിലെടുക്കാനുള്ള ശ്രമങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കോവിഡ് 19നെ തുടര്‍ന്ന് സൗജന്യമായി നല്‍കുന്ന ഭക്ഷ്യ കിറ്റും തുടരാനാണ് സാധ്യത.

അതേസമയം, ഇപ്പോഴത്തെ എല്‍ഡിഫ് സര്‍ക്കാരിന്റെ ആറാമത്തേതും അവസാനത്തേതുതമായ ഈ ബജറ്റ് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും എന്ന് ധനമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. കോവിഡ് 19നെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ കണക്കിലെടുത്തു എല്ലാ മേഖലകളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഒരു ആധുനിക ആശയം പ്രഖ്യാപിക്കാന്‍ മന്ത്രി തയ്യാറെടുക്കുന്നതായാണ് സൂചനകള്‍.

ജിഎസ്ടി വരുന്നതിന് മുമ്പുള്ള കുടിശ്ശിക തീര്‍ക്കുന്നതിനുള്ള ഒരു പൊതുമാപ്പ് പദ്ധതി നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പകര്‍ച്ചവ്യാധി പടരുന്നതിനിടയില്‍, സര്‍ക്കാര്‍ ഈ പദ്ധതി വിപുലീകരിക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍, വിഭവ സമാഹരണ രംഗത്ത് സര്‍ക്കാര്‍ വലിയ വെല്ലുവിളികളെയാണ് നേരിടുന്നത്. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പിക്കാന്‍ പറ്റും. കോവിഡിനെ തുടര്‍ന്നുളള സാമ്പത്തിക മാന്ദ്യമാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഈ പകര്‍ച്ചവ്യാധി കേരളത്തിന്റെ സമ്പദ് ഘടനക്ക് 80,000 കോടി രൂപയുടെ നഷ്ടം വരുത്തുമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ അഞ്ചു മാസം നികുതി വരുമാനം 13 ശതമാനം കുറഞ്ഞതായും നികുതിയേതര വരുമാനം 82 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍.

കൂടാതെ കേരളത്തില്‍ കോവിഡ് 19 വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലുള്ള ഒരു പ്രഖ്യാപനവും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍, സംസ്ഥാനത്തിന്റെ പൊതുകടം കുതിച്ചുയരുകയാണ്. 2020 - 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3 ലക്ഷം കോടി രൂപക്കടുത്തു വരുമെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് 19 പാക്കേജനുസരിച്ചു സംസ്ഥാനത്തിന് 18,087 കോടി രൂപ അധികം കടമെടുക്കാനുള്ള അനുവാദവും ഉണ്ട്. പൊതുകടത്തില്‍ ഉണ്ടാകുന്ന ക്രമാതീതമായ വര്‍ധന കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിക്കും എന്ന ആശങ്ക നിരീക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.

വരും വര്‍ഷങ്ങളില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പൊതുകടത്തിലെ ഈ വര്‍ധനവ് ആയിരിക്കുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ജി വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. ''ഈ കടം കടലാസില്‍ കാണുന്നതിനും അപ്പുറമാണ്. കിഫ്ബിയുടെ (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) പേരില്‍ വരുത്തിവച്ചിരിക്കുന്ന കടം അദൃശ്യമായി തന്നെ നില്‍ക്കുകയാണ്. അടുത്ത സര്‍ക്കാരിന് ഇത് കടുത്ത വെല്ലുവിളിയായിരിക്കും,'' അദ്ദേഹം പറഞ്ഞു.

''ഇക്കണോമിക് ആക്ടിവിറ്റി വര്‍ധിപ്പിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ (കോവിഡ് 19) അതിന് എത്രമാത്രം കഴിയും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു,'' വിജയരാഘവന്‍ പറഞ്ഞു.

എന്നാല്‍, തങ്ങളുടെ 'ന്യായ' പദ്ധതി വോട്ടര്‍മാര്‍ക്ക് ആകര്‍ഷകമായിരിക്കുമെന്നാണ് യുഡിഫ് വിലയിരുത്തല്‍. ഇത് കൂടാതെ ബില്‍ഫ്രീ ആശുപത്രികള്‍, കുട്ടികള്‍ക്കുള്ള പഠന സഹായം, തൊഴില്‍രഹിതര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള പെന്‍ഷനുകളിലെ വര്‍ധനവ് തുടങ്ങിയവയും യുഡിഫ് ഇറക്കിയ തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ ഉണ്ട്.

''കേരളത്തിലെ ജനങ്ങള്‍ ന്യായ പദ്ധതി രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല,'' യുഡിഫ് നേതാവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ സി പി ജോണ്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com