ക്രൂഡ് തിളച്ചപ്പോള്‍ ലോട്ടറി റഷ്യയ്ക്ക്, കിട്ടിയ അവസരം ഉപയോഗിച്ച് പുടിന്‍; എണ്ണവില 100 ഡോളറിലേക്ക്

യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ യുഎസിന് ഇപ്പോള്‍ പഴയ കാര്‍ക്കശ്യമില്ല. താല്ക്കാലികമായി റഷ്യന്‍ എണ്ണ വാങ്ങുന്നതിനോട് എതിര്‍പ്പില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്
Donald Trump looking serious in the foreground; behind him, Vladimir Putin and Narendra Modi are walking and talking in front of a background filled with oil barrels
canva,Facebook / Narendra Modi, Donald Trump
Published on

പശ്ചിമേഷ്യന്‍ യുദ്ധം അയവില്ലാതെ തുടരുന്നതിനിടെ ക്രൂഡ്ഓയില്‍ വില അതിവേഗം കുതിക്കുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പ് 60 ഡോളറിന് താഴേക്ക് പൊയ്‌ക്കൊണ്ടിരുന്ന എണ്ണവില 100ലേക്ക് കുതിക്കുകയാണ്. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് ബാരലിന് 103 ഡോളറും പിന്നിട്ട് കുതിക്കുകയാണ്. യുദ്ധത്തിന് ശമനമുണ്ടായില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എണ്ണവില 120 ഡോളര്‍ കടക്കുമെന്നാണ് മുന്നറിയിപ്പ്.

ഇറാന്‍ യുദ്ധതന്ത്രത്തില്‍ മാറ്റം വരുത്തുന്നതും എണ്ണവില കുതിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങള്‍ മാത്രം ലക്ഷ്യമിടുമെന്നായിരുന്നു ഇറാന്‍ തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളിലും ആക്രമണം തുടങ്ങിയത് സ്ഥിതി വഷളാക്കിയിട്ടുണ്ട്. ആഗോള എണ്ണവില കൂടുതല്‍ ഉയരത്തിലെത്തുന്നതോടെ മറ്റ് രാജ്യങ്ങള്‍ യുഎസിനും ഇസ്രയേലിനും മേല്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് ഇറാന്റെ പ്രതീക്ഷ. ഇതുവഴി യുദ്ധം നിര്‍ത്താമെന്നും അവര്‍ കണക്കുകൂട്ടുന്നു.

റഷ്യയ്ക്ക് നേട്ടം

യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ യുഎസിന് ഇപ്പോള്‍ പഴയ കാര്‍ക്കശ്യമില്ല. താല്ക്കാലികമായി റഷ്യന്‍ എണ്ണ വാങ്ങുന്നതിനോട് എതിര്‍പ്പില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എണ്ണവില ഭയാനകമായ രീതിയില്‍ ഉയര്‍ന്നാല്‍ യുഎസിനെതിരേ മറ്റ് രാജ്യങ്ങള്‍ രംഗത്തുവരുമെന്നതാണ് ട്രംപിന്റെ മനംമാറ്റത്തിന് കാരണം.

കിട്ടിയ അവസരം റഷ്യ കൃത്യമായി ഉപയോഗിക്കുകയാണ്. കെട്ടിക്കിടക്കുന്ന എണ്ണയെല്ലാം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വില്ക്കാനുള്ള ശ്രമം മോസ്‌കോ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരേ നിലപാടെടുത്ത യൂറോപ്യന്‍ രാജ്യങ്ങളും അവരുടെ എണ്ണയ്ക്കായി ക്യൂവിലാണ്. യുക്രെയ്‌നുമായുള്ള യുദ്ധം മൂലം തകര്‍ന്ന സാമ്പത്തികരംഗം പച്ചപിടിപ്പിക്കാന്‍ പുടിന് കിട്ടിയ സുവര്‍ണാവസരമാണ് പശ്ചിമേഷ്യന്‍ യുദ്ധം. സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കാന്‍ റഷ്യ കാര്യമായി ഇടപെടാത്തതിന് കാരണവും ഇതാണെന്നാണ് വിദഗ്ധ വിലയിരുത്തല്‍.

നിലവിലെ അവസ്ഥ

എണ്ണവില ഉയരുകയാണെങ്കിലും ഇന്ത്യയില്‍ ക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ തീരങ്ങള്‍ക്ക് അടുത്ത് റഷ്യന്‍ എണ്ണ ടാങ്കറുകളുണ്ട്. ഇത് വരുംദിവസങ്ങളില്‍ രാജ്യത്തെത്തും.

എണ്ണ വാങ്ങലില്‍ ഇന്ത്യ അടുത്തിടെ വലിയ നയംമാറ്റം നടത്തിയിരുന്നു. ഇതും ഗുണം ചെയ്തിട്ടുണ്ട്. മുമ്പ് ഗള്‍ഫ് രാജ്യങ്ങളെ മാത്രമായിരുന്നു എണ്ണ വാങ്ങലിനായി ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ ആഫ്രിക്കയിലും കരീബിയന്‍ ദ്വീപുകളിലും ലാറ്റിനമേരിക്ക രാജ്യങ്ങളിലും ഇന്ത്യയ്ക്ക് എണ്ണ ബന്ധങ്ങളുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചാല്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് വാങ്ങലില്‍ വൈവിധ്യം കൊണ്ടുവന്നത്.

നിലലില്‍ ഡബ്ല്യുടിഐ ക്രൂഡ് വില 90 ഡോളറിന് മുകളിലാണ്. ബ്രെന്റ് ക്രൂഡ് 92 ഡോളറിലുമാണ്. ക്രൂഡ് വില കൂടിയിട്ടും എണ്ണ കമ്പനികള്‍ ഇതുവരെ ഇന്ധന വില കൂട്ടിയിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com