
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിൻ സമൂഹത്തിലെ വരേണ്യ വിഭാഗത്തിന് മാത്രമേ ഉപകരിക്കൂ എന്ന് മെട്രോമാൻ ഇ ശ്രീധരൻ. രാജ്യത്തെ മെട്രോ റയിൽ പദ്ധതികളുടെ നിലവാരം നിശ്ചയിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ച ശേഷം നൽകിയ അഭിമുഖത്തിലാണീ നിരീക്ഷണം.
സുരക്ഷിതവും വേഗതയുമുള്ള ആധുനിക റെയിൽ സംവിധാനങ്ങളാണ് ഇന്ന് രാജ്യത്തിനാവശ്യം. എന്നാൽ ബുള്ളറ്റ് ട്രെയിനുകൾ വളരെ ചെലവേറിയതും സാധാരണക്കാരന് അപ്രാപ്യവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജപ്പാന്റെ സഹായത്തോടെ 17 ബില്യൺ ഡോളർ ചെലവിൽ നടപ്പാക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2022 പകുതിയോടെ പൂർത്തീകരിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
മോദി സർക്കാരിന്റെ കിഴിൽ ഇന്ത്യൻ റയിൽവേ വളരെയധികം ആധുനികവത്കരിക്കപ്പെട്ടു എന്ന അവകാശവാദത്തിലും ശ്രീധരന് എതിരഭിപ്രായമാണുള്ളത്. ബയോ ടോയ്‍ലെറ്റുകൾ അവതരിപ്പിച്ചതൊഴിച്ചാൽ മറ്റൊരു വ്യത്യാസവും ഇന്ത്യൻ റെയ്ൽവേയ്ക്ക് സംഭവിച്ചിട്ടില്ല. വേഗതയുടെ കാര്യത്തിലും അപകടങ്ങൾ കുറക്കുന്ന കാര്യത്തിലും ഒരു അഭിവൃദ്ധിയും സർക്കാരിന് ചൂണ്ടിക്കാണിക്കാനില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine