ഇന്ത്യയില്‍ വന്‍ പദ്ധതികള്‍ ലക്ഷ്യമിട്ട് സൗദി അറേബ്യ

ഇന്ത്യയില്‍ വന്‍ പദ്ധതികള്‍ ലക്ഷ്യമിട്ട് സൗദി അറേബ്യ
Published on

റിലയന്‍സ്-സൗദി അരാംകോ ഓഹരി കൈമാറ്റം 2021-ഓടെ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപനം. ഇടപാട് പൂര്‍ത്തിയാകുന്നതോടെ അരാംകോയുടെ പ്രതിദിന എണ്ണ സംസ്‌ക്കരണ ശേഷി പ്രതിദിനം 80 ലക്ഷം ബാരല്‍ ആയി വര്‍ദ്ധിക്കുമെന്ന് അരാംകോ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് അല്‍ഖുദൈമി അറിയിച്ചു.

എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലെ എണ്ണ സംസ്‌കരണ, പെട്രോകെമിക്കല്‍സ് മേഖലയില്‍ നിക്ഷേപം നടത്തുന്നതിനാണ് സൗദി അരാംകോ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിലയന്‍സിന്റെ ഇരുപത് ശതമാനം ഓഹരികളാണ് അരാംകോ വാങ്ങുന്നത്. ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനു കീഴിലുള്ള റിഫൈനറി, പെട്രോകെമിക്കല്‍സ് പദ്ധതികളുടെ ഓഹരികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ഏഴായിരത്തി അഞ്ഞൂറ് കോടി ഡോളറിന്റെ ഇടപാടാണ് ഇത് വഴി ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷപമാകും ഇത്. ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും സൗദി അറേബ്യ ലക്ഷ്യമിടുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് സംരംഭങ്ങളില്‍ ഒന്നാണ് സൗദി അരാംകോ. സൗദി അരാകോയുമായി ദീര്‍ഘകാലത്തെ ബന്ധം റിലയന്‍സിനുണ്ട്. ഈ നിക്ഷേപത്തോടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നതില്‍ സന്തോഷമുണ്ടെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ദിവസങ്ങളില്‍ റിയാദ് സന്ദര്‍ശിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. വ്യവസായികളും, മന്ത്രിമാരും ഉള്‍പ്പെടുന്ന ഉന്നതതല സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് ഇന്ത്യന്‍ വ്യവസായികള്‍ സൗദിയുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.

മോദി 29 ന് റിയാദില്‍ സൗദി അറേബ്യന്‍ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. മഹാരാഷ്ട്രയില്‍ സൗദി അറേബ്യന്‍ സഹകരണത്തോടെ റിഫൈനറി സ്ഥാപിക്കാന്‍ ചര്‍ച്ചിയില്‍ ധാരണയാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ കിഴക്കന്‍ മേഖലാ സെക്രട്ടറി ടി.എസ്. ത്രിമൂര്‍ത്തി പറഞ്ഞു. സൗദി അറേബ്യയില്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഒപ്പുവെക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com