

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണായകമായ വ്യാപാര കരാര്‍ (Trade Deal) വൈകുന്നതിന് പിന്നില്‍ അപ്രതീക്ഷിത കാരണങ്ങള്‍ നിരത്തി അമേരിക്കന്‍ കൊമേഴ്സ് സെക്രട്ടറി ഹവാര്‍ഡ് ലുട്‌നിക്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിക്കാത്തതാണ് കരാര്‍ പൂര്‍ത്തിയാകാത്തതിന് കാരണമെന്നാണ് യുഎസ് കൊമേഴ്സ് സെക്രട്ടറിയുടെ പുതിയ വെളിപ്പെടുത്തല്‍. നയതന്ത്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴിയൊരുക്കിയിരിക്കുകാണ് ഈ പ്രസ്താവന.
ട്രംപും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം പ്രശസ്തമാണെങ്കിലും, പുതിയ വ്യാപാര ഉടമ്പടികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മോദിയുടെ ഭാഗത്തുനിന്നുള്ള നേരിട്ടുള്ള ഇടപെടല്‍ അമേരിക്ക പ്രതീക്ഷിക്കുന്നു എന്നാണ് യുഎസ് കൊമേഴ്സ് സെക്രട്ടറിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. 'പ്രധാനമന്ത്രി പ്രസിഡന്റിനെ വിളിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ കരാറിന് മുന്നിലുള്ളൂ, എന്നാല്‍ ആ കോള്‍ ഇതുവരെ ഉണ്ടായിട്ടില്ല,' എന്നാണ് സിലിക്കണ്‍ വാലിയിലെ നാല് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും സംരംഭകരും ചേര്‍ന്ന് നടത്തുന്ന 'ഓള്‍-ഇന്‍' പോഡ്കാസ്റ്റില്‍ ലുട്നിക് പറഞ്ഞത്.
'ഞങ്ങള്‍ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടു. അവര്‍ക്ക് മുന്‍പേ ഇന്ത്യയുമായി കരാറിലെത്താന്‍ കഴിയുമെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം എന്താണെന്നു വെച്ചാല്‍, ആ രാജ്യങ്ങളുമായുള്ള കരാറുകള്‍ ഉയര്‍ന്ന നിരക്കിലാണ്, അതുകൊണ്ട് ഇന്ത്യ ഇപ്പോള്‍ പിന്നോട്ട് മാറുകയാണ്,' ലുട്‌നിക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഓഗസ്റ്റില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള ഇറക്കുമതി തീരുവ ട്രംപ് 50 ശതമാനമായി വര്‍ധിപ്പിച്ചു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പ്രതികാരമായി ഏര്‍പ്പെടുത്തിയ 25 ശതമാനം നികുതി ഉള്‍പ്പെടെയാണിത്. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായി ഇത് മാറി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്ന വ്യവസ്ഥകള്‍ ഇപ്പോള്‍ നിലവിലില്ലെന്നും ലുട്നിക് അവകാശപ്പെട്ടു. 'മുമ്പ് ഞങ്ങള്‍ സമ്മതിച്ചിരുന്ന വ്യാപാര കരാറില്‍ നിന്ന് അമേരിക്ക ഇപ്പോള്‍ പിന്മാറിയിരിക്കുകയാണ്. അതിനെക്കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നതേയില്ല,' ലുട്നിക് പറഞ്ഞു. ബ്രിട്ടനും വിയറ്റ്‌നാമിനും അമേരിക്ക നല്‍കിയ ഓഫറുകള്‍ക്ക് ഇടയിലുള്ള ഒരു നികുതി നിരക്കാണ് ഇന്ത്യ ഇപ്പോഴും ആവശ്യപ്പെടുന്നത്. നേരത്തെ ഇതില്‍ ധാരണയായിരുന്നുവെങ്കിലും ആ ഓഫറിന്റെ കാലാവധി ഇപ്പോള്‍ കഴിഞ്ഞുവെന്ന് ലുട്നിക് വ്യക്തമാക്കി.
കരാര്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നില്‍ ചില സാങ്കേതിക തടസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇറക്കുമതി തീരുവയാണ് ഇതില്‍ പ്രധാനം. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന നികുതി കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടം ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്.
അതേപോലെ ഐടി പ്രൊഫഷണലുകളുടെ വിസ കാര്യങ്ങളിലും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണി പ്രവേശനത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ വിട്ടുവീഴ്ചകള്‍ ആവശ്യമാണ്.
അധികാരമേറ്റത് മുതല്‍ വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കാണ് ട്രംപ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യയെ ഒരു 'നികുതി രാജ്യം' എന്ന് ട്രംപ് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുക എന്നത് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
അമേരിക്കന്‍ സെക്രട്ടറിയുടെ പ്രസ്താവനയോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള ഒരു കരാറിന് ഇന്ത്യ തയ്യാറായേക്കില്ല എന്നാണ് സൂചനകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine