

ഇറാനുമേല്‍ യുഎസും ഇറാനും പെട്ടെന്ന് ആക്രമണം അഴിച്ചുവിടാനുള്ള കാരണങ്ങളിലൊന്ന് ചൈനയിലെ ഒരു ഇടത്തരം ബാങ്കാണോ? ഇത്തരത്തിലുള്ളൊരു സംശയമാണ് രാജ്യാന്തര മാധ്യമങ്ങളും ഉന്നയിക്കുന്നത്. അന്തര്‍ദേശീയ ഉപരോധം മൂലം ഇറാന്റെ എണ്ണയുടെ സിംഹഭാഗവും ചൈനയാണ് വാങ്ങുന്നത്. മൊത്തം കയറ്റുമതിയുടെ 80-90 ശതമാനം വരുമിത്. ബാരലിന് 10 ഡോളര്‍ വരെ ഡിസ്‌കൗണ്ടിലാണ് ഇറാനില്‍ നിന്ന് ബീജിംഗ് ക്രൂഡ്ഓയില്‍ വാങ്ങുന്നത്.
ഇറാനും ചൈനയും തമ്മിലുള്ള ഇടപാടുകള്‍ നടക്കുന്നത് ഡോളറില്‍ അല്ല. മറിച്ച് ചൈനീസ് കറന്‍സിയായ യുവാനിലാണ്. അതുകൊണ്ട് തന്നെ എണ്ണ വിറ്റുകിട്ടുന്ന ഈ പണം ഇറാനിലേക്ക് കൊണ്ടുപോകാന്‍ അവര്‍ക്ക് സാധിക്കില്ല. ചൈനീസ് വിപണിയില്‍ നിന്ന് തങ്ങള്‍ക്ക് ആവശ്യമായ ആയുധങ്ങളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വാങ്ങാനാണ് ഇറാന്‍ എണ്ണപ്പണം ഉപയോഗിക്കുന്നത്. ഇടപാടില്‍ ചൈനയ്ക്കാണ് ലാഭം മുഴുവന്‍. എണ്ണ ഡിസ്‌കൗണ്ടില്‍ കിട്ടുന്നു. മാത്രമല്ല, ഇതിനായി മുടക്കുന്ന പണം മുഴുവന്‍ ചൈനീസ് കമ്പനികളിലേക്ക് തന്നെ തിരിച്ചെത്തുന്നു.
പാശ്ചാത്യ ലോകത്തിന്റെ ഉപരോധങ്ങളെ മറികടക്കുന്ന രീതിയിലൊരു സമാന്തര സാമ്പത്തിക സിസ്റ്റം ചൈനയുടെ പിന്തുണയോടെ ഇറാന്‍ കെട്ടിപ്പൊക്കി കൊണ്ടിരിക്കുകയായിരുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ കേന്ദ്രസ്ഥാനം ബാങ്ക് ഓഫ് കുന്‍ലുന്‍ (Bank of Kunlun) ആയിരുന്നത്രേ. ചൈന നാഷണല്‍ പെട്രോളിയം കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള ചെറിയ വാണിജ്യ വായ്പ ദാതാവാണ് ഈ ബാങ്കെന്നാണ് അതിന്റെ വെബ്‌സൈറ്റില്‍ നല്കിയിരിക്കുന്ന വിവരം.
ഇറാന്‍-ചൈന എണ്ണ ഇടപാടുകള്‍ പൂര്‍ണമായും നടന്നിരുന്നത് ഈ ബാങ്ക് വഴിയായിരുന്നു. യുവാനിലേക്ക് എണ്ണ ഇടപാട് മാറ്റിയതോടെ തടസങ്ങളില്ലാതെ എണ്ണ വില്ക്കാന്‍ ഇറാന് സാധിച്ചു. ചൈനയ്ക്കാകട്ടെ ലാഭത്തില്‍ എണ്ണ ലഭിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ചൈന. ഉപരോധങ്ങള്‍ മറികടന്ന് ഇരുരാജ്യങ്ങളും സമാന്തര സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ചെടുക്കുന്നത് ഭീഷണിയാകുമെന്ന തിരിച്ചറിവിലാണ് യുഎസും ഇസ്രയേലും ഇറാനിലേക്കുള്ള ആക്രമണം വേഗത്തിലാക്കിയെന്നതാണ് റിപ്പോര്‍ട്ടുകള്‍.
യുദ്ധങ്ങളില്‍ നിന്ന് പരമാവധി മാറിനിന്ന് സാമ്പത്തികമായി വളരുകയെന്ന തന്ത്രമാണ് ചൈന സ്വീകരിച്ചു വരുന്നത്. ചൈനയെ വരിഞ്ഞു മുറുക്കുന്നതിന്റെ ഭാഗമായാണ് വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നിക്കോളസ് മഡ്യൂറോയെ യുഎസ് ബന്ദിയാക്കിയത്. ഉപരോധത്തിലായിരുന്ന വെനസ്വേലയില്‍ നിന്ന് ചൈന വലിയതോതില്‍ എണ്ണ വാങ്ങിയിരുന്നു. അതും ഡിസ്‌കൗണ്ട് നിരക്കിലായിരുന്നു.
ചൈനയ്ക്ക് കുറഞ്ഞ നിരക്കില്‍ എണ്ണ ലഭിക്കുന്നത് തടയാനും വെനസ്വേലയ്ക്കും ഇറാനുമെതിരായ നീക്കങ്ങളിലൂടെ യുഎസിന് സാധിക്കുന്നു. ഇറാനെതിരായ ആക്രമണങ്ങളില്‍ ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണങ്ങള്‍ മാത്രമാണ് ചൈന നടത്തിയതെന്നതും ശ്രദ്ധേയമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine