റഷ്യയില്‍ നിന്ന് ഇനി എണ്ണ വാങ്ങിയാല്‍ ഇന്ത്യക്കും ഉപരോധം! മുന്നറിയിപ്പുമായി നാറ്റോ, കേന്ദ്രസര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കും?

ഉപരോധ ഭീഷണി ഇന്ത്യക്ക് ഗണ്യമായ നയതന്ത്ര, സാമ്പത്തിക വെല്ലുവിളികൾ ഉയർത്തുന്നതാണ്
trump, russia, india
Image courtesy: Canva
Published on

റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നിലപാട് മാറ്റിയിരിക്കുകയാണ്. സമാന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് യൂറോപ്പ്, വടക്കേ അമേരിക്ക രാജ്യങ്ങളുടെ സംഘടനയായ നാറ്റോ (NATO). യുദ്ധത്തില്‍ റഷ്യയെ ഏതെങ്കിലും തരത്തില്‍ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്ക് എതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ട് നല്‍കിയിരിക്കുന്നത്.

ഇന്ത്യ, ചൈന, ബ്രസില്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെയാണ് മാർക്ക് റുട്ട് തിരിഞ്ഞിരിക്കുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ ഉയര്‍ന്ന അളവില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയുമായി എണ്ണ വ്യാപാരം തുടര്‍ന്നാല്‍ നാറ്റോ രാജ്യങ്ങള്‍ പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് മാർക്ക് റുട്ട് പറഞ്ഞത്.

ഉപരോധ ഭീഷണി ഇന്ത്യക്ക് ഗണ്യമായ നയതന്ത്ര, സാമ്പത്തിക വെല്ലുവിളികൾ ഉയർത്തുന്നതാണ്. യുക്രെയ്നുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ വ്‌ളാഡിമിർ പുടിനെ പ്രേരിപ്പിക്കാനും റുട്ട് ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ക്കെതിരെ ദ്വിതീയ ഉപരോധം (Secondary sanctions) ഏര്‍പ്പെടുത്തുമെന്നാണ് റുട്ട് വ്യക്തമാക്കിയിട്ടുളളത്.

എന്താണ് ദ്വിതീയ ഉപരോധം?

നേരിട്ടുളള ഉപരോധം (Primary sanctions): ഒരു രാജ്യത്തെ നേരിട്ട് ലക്ഷ്യം വയ്ക്കുന്നു (ഉദാ. യു.എസും നാറ്റോയും റഷ്യയുമായി നേരിട്ട് വ്യാപാരം നടത്താതിരിക്കുക).

ദ്വിതീയ ഉപരോധം: ഉപരോധിക്കപ്പെട്ട രാജ്യവുമായി ബിസിനസ് നടത്തുന്ന മറ്റു രാജ്യങ്ങള്‍ക്ക് മേലുളള ഉപരോധം.

റഷ്യയുമായി ഏതെങ്കിലും തരത്തിലുള്ള വ്യാപാരത്തിലോ സഹകരണത്തിലോ ഏർപ്പെടുന്ന മറ്റു രാജ്യങ്ങളെ നാറ്റോ രാജ്യങ്ങൾ പൂർണമായും നിരോധിക്കുക. ഉദാഹരണമായി ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെയുളള നിരോധനം.

യു.എസുമായോ നാറ്റോ രാജ്യങ്ങളുമായോ ഉളള സാമ്പത്തിക ഇടപാടുകൾ നിരോധിക്കൽ, പാശ്ചാത്യ ബാങ്കിംഗ് സംവിധാനങ്ങളിലേക്കുള്ള പ്രവേശനം തടയൽ, കയറ്റുമതി/ഇറക്കുമതി നിരോധിക്കൽ, ആസ്തികൾ മരവിപ്പിക്കൽ, കമ്പനികളുടെ വീസകളോ പ്രവർത്തനങ്ങളോ നിയന്ത്രിക്കൽ തുടങ്ങിയവയാണ് ഇത്തരം നിരോധനത്തില്‍ ഉള്‍പ്പെടുന്നത്.

ശ്രദ്ധാപൂർവമുളള നിലപാടുമായി ഇന്ത്യ

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുകയും ഒപെക് രാജ്യങ്ങളില്‍ നിന്നുളള എണ്ണയ്ക്ക് വില വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍, ഇന്ത്യ റഷ്യയില്‍ നിന്ന് വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തില്‍ ഇന്ത്യ ശ്രദ്ധാപൂർവമുളള നിലപാടാണ് സ്വീകരിക്കുന്നത്. യുക്രെയ്‌നിലെ സാധാരണക്കാരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം പ്രകടിപ്പിക്കുകയും സമാധാനത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സംഘര്‍ഷത്തില്‍ റഷ്യയെ പൂർണമായും അപലപിക്കുന്നതിൽ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്ന തന്ത്രപരമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. നാറ്റോ ഉപരോധ മുന്നറിയിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ട്രംപിന്റെ മനം മാറ്റം

അതേസമയം സംഘര്‍ഷത്തില്‍ യു.എസ് പ്രസിഡന്റ് ട്രംപിന്റെ നിലപാട് മാറ്റം ശ്രദ്ധേയമാണ്. യുക്രെയ്‌നിന് കൂടുതല്‍ ആയുധങ്ങൾ നല്‍കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാട്രിയറ്റ് മിസൈലുകൾ അടക്കമുളള കൂടുതല്‍ ആയുധങ്ങള്‍ യുക്രെയ്‌നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ജർമ്മനിയിൽ നിന്നാണ് അവ വരുന്നത്. 50 ദിവസത്തിനുള്ളില്‍ സമാധാന കരാറില്‍ എത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. കരാറില്‍ എത്തിയില്ലെങ്കില്‍ റഷ്യയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.

NATO and Trump warn of sanctions on India for continued oil imports from Russia amid Ukraine conflict.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com