

യുക്രൈയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയെ പരോക്ഷമായി ഇന്ത്യ സഹായിക്കുകയാണെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ക്കിടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയില്‍. റഷ്യയുമായുള്ള സുരക്ഷ, പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം.
റഷ്യയുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതിനെ വിമര്‍ശിച്ച് ട്രംപ് രംഗത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ഡോവലിന്റെ സന്ദര്‍ശനമെന്നത് പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണിതെന്നാണ് സര്‍ക്കാര്‍ നിലപാട്.
റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കു മേല്‍ കടുത്ത നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യു.എസില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്ന വാര്‍ത്തകളും ഇതിനിടെ വരുന്നുണ്ട്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ വിലപേശലിനോട് അനുകൂലമായി പ്രതികരിക്കേണ്ടതില്ലെന്നാണ് നിലപാടിലാണ് മോദി സര്‍ക്കാര്‍.
ഇന്ത്യയ്ക്ക് കൂടുതല്‍ അത്യാധുനിക ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും നല്കാമെന്ന് മോസ്‌കോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പ്രതിരോധ ഉപകരണങ്ങള്‍ സംയുക്തമായി നിര്‍മിക്കാനുള്ള കരാറിലും ഒപ്പുവച്ചേക്കും. ഈ മാസം അവസാനമാണ് ജയശങ്കര്‍ റഷ്യ സന്ദര്‍ശിക്കുക.
ഇന്ത്യയ്ക്കു ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ വേണ്ടിവന്നാല്‍ ഇനിയും ഉയര്‍ത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. റഷ്യയുടെ യുദ്ധക്കുറ്റത്തിന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് ഇന്ത്യയുടേതെന്നും ട്രംപ് കുറ്റപ്പെടുത്തി.
Read DhanamOnline in English
Subscribe to Dhanam Magazine