
ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷത്തില്‍ വ്യത്യസ്ത പേരുകളിലാണ് രാജ്യങ്ങള്‍ സൈനിക നടപടി നടപ്പാക്കിയത്. ജൂൺ 13 ന് ഇസ്രയേൽ ഇറാനെതിരെ നടത്തിയ സൈനിക നടപടിയിലൂടെയാണ് നിലവിലെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. "ഓപ്പറേഷൻ റൈസിംഗ് ലയൺ" എന്നാണ് ഈ സൈനിക നടപടിയെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്. തുടര്‍ന്ന് ഇറാന്‍ നടത്തിയ സൈനിക ആക്രമണത്തിന് നല്‍കിയ പേര് 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 3' എന്നായിരുന്നു. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്നാണ് പേര് നല്‍കിയത്. ഈ കോഡ് നാമങ്ങള്‍ സ്വീകരിക്കാനിടയായ സാഹചര്യങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.
ഇറാന്റെ ആണവ അഭിലാഷങ്ങളെ പരാജയപ്പെടുത്തുക എന്നതാണ് ഇസ്രയേലിന്റെ ഓപ്പറേഷൻ റൈസിംഗ് ലയണിന്റെ ലക്ഷ്യം. 1979 ന് മുമ്പുള്ള ഇറാനിയൻ ദേശീയ പതാക ഉദയസൂര്യനു മുമ്പുള്ള സിംഹമായിരുന്നു. ഓപ്പറേഷൻ റൈസിംഗ് ലയൺ എന്നതുകൊണ്ട് ഇതുസംബന്ധിച്ച സൂചനയും ലഭിക്കുന്നു. ഇറാനിൽ ആക്രമണം നടത്തുന്നതിന് ഒരു ദിവസം മുമ്പായി പഴയ ജറുസലേമിൽ സ്ഥിതി ചെയ്യുന്ന പുണ്യ ജൂത മതില്‍ എഴുതിയിരിക്കുന്ന തോറയിൽ നിന്നുള്ള ഒരു വാക്യം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പങ്കിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. "ഇതാ, ജനം ഒരു വലിയ സിംഹത്തെപ്പോലെ എഴുന്നേൽക്കും," എന്നതായിരുന്നു വാക്യം.
കൂടാതെ സിംഹത്തിന് ഇസ്രയേല്‍ ജനതയില്‍ ആഴത്തിലുള്ള പ്രാധാന്യമുണ്ട്. പരമ്പരാഗതമായി ശക്തി, ധൈര്യം, രാജകീയത എന്നിവയുടെ പ്രതീകമെന്ന നിലയിലാണ് യഹൂദ ഗോത്രം സിംഹത്തെ കാണുന്നത്.
ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള നേതാക്കൾ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് ശിക്ഷ നല്‍കുമെന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കുമെന്ന അര്‍ത്ഥത്തിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഓപ്പറേഷന് "ട്രൂ പ്രോമിസ്" എന്ന് പേരിട്ടത്.
കഴിഞ്ഞ ഏപ്രിൽ 13-14 രാത്രിയിൽ ഇസ്രായേലിനെതിരെയുളള ആക്രമണത്തിലാണ് "ട്രൂ പ്രോമിസ്" എന്ന രഹസ്യനാമം ആദ്യമായി ഇറാന്‍ ഉപയോഗിച്ചത്. ഏപ്രിൽ 1 ന് ഡമാസ്കസിലെ ഇറാന്‍ കോൺസുലേറ്റിൽ 13 പേർ കൊല്ലപ്പെട്ടതായി സംശയിക്കുന്ന ഇസ്രയേൽ ആക്രമണത്തിന് മറുപടിയായിരുന്നു ആക്രമണം.
ഹമാസ് നേതാവ് ഇസ്മായിൽ ഹനിയെ, ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ല തുടങ്ങിയവരുടെ കൊലപാതകങ്ങളെ തുടര്‍ന്ന് ആറുമാസത്തിനുശേഷം നടത്തിയ രണ്ടാമത്തെ ആക്രമണത്തിനെ ട്രൂ പ്രോമിസ് 2 എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. ജൂൺ 13 ന് നടന്ന ഇസ്രയേൽ ആക്രമണത്തിന് ശേഷമാണ് ട്രൂ പ്രോമിസ് 3 ഇറാൻ നടത്തുന്നത്.
ഇറാന്റെ ആണവ പദ്ധതിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 21 ന് നടത്തിയ നടത്തിയ ആക്രമണത്തിനാണ് അമേരിക്ക 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന രഹസ്യനാമം നല്‍കിയത്. ഇറാനിലെ ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവ അര്‍ധരാത്രിയോടെയാണ് യു.എസ് ആക്രമിച്ചത്. ബി-2 ബോംബറുകളും ബങ്കർ ബസ്റ്റർ ബോംബുകളും ഉപയോഗിച്ചുളള ശക്തമായ ആക്രമണത്തെ സൂചിപ്പിക്കുന്നതാണ് കോഡ് നാമത്തിലെ ഹാമർ (ചുറ്റിക) എന്ന പദം.
Operation names like Rising Lion, True Promise, and Midnight Hammer reflect the symbolic and strategic intentions behind the Israel-Iran-US military actions.
Read DhanamOnline in English
Subscribe to Dhanam Magazine