

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ഇന്ധന വിതരണത്തെ ബാധിച്ചതോടെ നിയന്ത്രണം ശക്തമാക്കി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. കോവിഡ് കാല ലോക്ക്ഡൗണ്‍ മാതൃകയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ഭരണകൂടം. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന ഇന്ധനത്തില്‍ മൂന്ന് മാസത്തേക്ക് 50 ശതമാനം കുറവും വരുത്തിയിട്ടുണ്ട്.
കടകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ബസാറുകള്‍, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍, പലചരക്ക് കടകള്‍ എന്നിവ രാത്രി ഒമ്പതിന് അടയ്ക്കണം. വിവാഹ ഹാളുകളും മറ്റ് ആഘോഷവേദികളും രാത്രി പത്തുവരെയും റെസ്റ്റോറന്റുകള്‍, കഫേകള്‍, ഭക്ഷണശാലകള്‍, പഴം-പച്ചക്കറി കടകള്‍ എന്നിവ രാത്രി 11 വരെയും പ്രവര്‍ത്തിക്കാം. ടേക്ക് എവേ, ഹോം ഡെലിവറി സേവനങ്ങള്‍ക്ക് നിയന്ത്രണമില്ല.
ഫാര്‍മസികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ ലബോറട്ടറികള്‍, പാല്‍-ബേക്കറി കടകള്‍, ഇന്ധന-സിഎന്‍ജി സ്റ്റേഷനുകള്‍, ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ജിമ്മുകള്‍, കായിക കേന്ദ്രങ്ങള്‍, ഐടി കമ്പനികള്‍, കോള്‍ സെന്ററുകള്‍ എന്നിവയ്ക്ക് സമയനിയന്ത്രണത്തില്‍ ഇളവുണ്ട്. വിവാഹച്ചടങ്ങുകളില്‍ ഒരു വിഭവം മാത്രമേ വിളമ്പാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം മൂന്ന് മാസത്തേക്ക് പകുതിയായി കുറയ്ക്കും. സായുധസേന, നിയമപാലന ഏജന്‍സികള്‍, അവശ്യസേവനങ്ങള്‍, ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യൂ എന്നിവയുടെ പ്രവര്‍ത്തന വാഹനങ്ങളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വികസനപദ്ധതികള്‍ക്കും ഇളവുണ്ട്.
2026-27 സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാരുമായി ബന്ധമില്ലാത്ത സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ബജറ്റില്‍ അഞ്ച് ശതമാനം കുറവ് വരുത്തും. എല്ലാ തരത്തിലുള്ള പുതിയ വാഹനങ്ങള്‍ വാങ്ങുന്നതും ഐടി ഉപകരണങ്ങളും സേവനങ്ങളും ഒഴികെയുള്ള ഈടുനില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങുന്നതും നിരോധിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ക്ക് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി. സ്‌കോളര്‍ഷിപ്പുകളും തിരഞ്ഞെടുത്ത പരിശീലന പരിപാടികളും ഉള്‍പ്പെടെയുള്ള ചില യാത്രകള്‍ക്ക് മാത്രമാണ് ഇളവ്. ഒഴിവാക്കാനാകാത്ത ഔദ്യോഗിക യാത്രകള്‍ ഇക്കണോമി ക്ലാസില്‍ നടത്തണം. സര്‍ക്കാര്‍ യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചെലവിലുള്ള ഔദ്യോഗിക വിരുന്നുകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, പരിശീലന പരിപാടികള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.
പാക്കിസ്ഥാന്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണെന്ന് വിവിധ വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും അനിയന്ത്രിതമായ വിലക്കയറ്റവും ജനങ്ങളില്‍ അരക്ഷിതാവസ്ഥയും സര്‍ക്കാരിനോടുള്ള വിശ്വാസക്കുറവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ധനവില അടിക്കടി ഉയര്‍ത്തിയതോടെ അവശ്യസാധനങ്ങളുടെ വില പിടിവിട്ട് ഉയര്‍ന്നു.
ബലൂചിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ജനങ്ങള്‍ അസംതൃപ്തരാണ്. സര്‍ക്കാരിനും സൈന്യത്തിനുമെതിരേ നിരന്തരം ആക്രമണങ്ങള്‍ ശക്തമായതും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine