ചൈനീസ് കമ്പനികള്‍ക്ക് പാക് മണ്ണില്‍ താല്‍പര്യം നഷ്ടപ്പെടുന്നു, പ്രധാന നിക്ഷേപങ്ങളില്‍ നിന്ന് പിന്മാറ്റം; ഷെരീഫ് സര്‍ക്കാരിനെ കാത്തിരിക്കുന്നത് പ്രതിസന്ധി

സാമ്പത്തികമായി കടുത്ത സമ്മര്‍ദ്ദത്തിലാണ് പാക്കിസ്ഥാന്‍. മിഡില്‍ ഈസ്റ്റ് യുദ്ധം ക്രൂഡ്ഓയില്‍ ഇറക്കുമതി ചെലവും കൈവിട്ട് പോകാന്‍ ഇടയാക്കി
pakistan currency
x.com/CMShehbaz, Canva
Published on

കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യ വികസനത്തില്‍ ചൈനീസ് നിക്ഷേപമായിരുന്നു പാക്കിസ്ഥാന്റെ കരുത്ത്. ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചു നില്‍ക്കുമെന്നതിനാല്‍ പാക്കിസ്ഥാനെ കൈയയച്ച് സഹായിക്കാന്‍ ചൈനീസ് ഭരണകൂടവും മുന്നില്‍ തന്നെയുണ്ടായിരുന്നു. കോടിക്കണക്കിന് ഡോളര്‍ പാക് മണ്ണില്‍ നിക്ഷേപിച്ച ചൈന ഇപ്പോള്‍ വീണ്ടുവിചാരത്തിലാണെന്നാണ് വരുന്ന വാര്‍ത്തകള്‍.

ജനങ്ങള്‍ക്കിടയില്‍ നിന്ന് വലിയ പ്രതിഷേധങ്ങള്‍ ശക്തമായതും പദ്ധതികള്‍ക്കുനേരെ തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിച്ചതും നിക്ഷേപം കുറയ്ക്കുന്നതിന് ചൈനീസ് കമ്പനികളെ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം പാകിസ്ഥാനിലെ പ്രമുഖ വൈദ്യുതി വിതരണ കമ്പനികളിലൊന്നായ ഫൈസലാബാദ് ഇലക്ട്രിക് സപ്ലൈ കമ്പനിയുടെ (FESCO) സ്വകാര്യവത്കരണ മത്സരത്തില്‍ ചൈനീസ് കമ്പനിയായ പവര്‍ചൈനയുടെ അനുബന്ധ സ്ഥാപനം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയില്ല. കമ്പനി ബോധപൂര്‍വം ലേലത്തില്‍ നിന്ന് ഒഴിവായതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഈ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച 12 നിക്ഷേപകരില്‍ ഏക ചൈനീസ് കമ്പനിയായിരുന്നു ഇത്. മുമ്പ് ഇത്തരം കരാറുകള്‍ക്കായി നിരവധി ചൈനീസ് കമ്പനികള്‍ എത്തുന്നത് പതിവായിരുന്നു. എന്നാലിപ്പോള്‍ പാക്കിസ്ഥാനിലെ പദ്ധതികളോട് ചൈനീസ് കമ്പനികള്‍ക്ക് വലിയ താല്‍പര്യമില്ലെന്നതിന്റെ തെളിവായിട്ടാണ് വിദഗ്ധര്‍ ഈ സംഭവത്തെ കാണുന്നത്.

ചൈനീസ് നിക്ഷേപത്തിന് എന്തുകൊണ്ട് പ്രാധാന്യം?

പാകിസ്ഥാന്റെ സാമ്പത്തിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ പങ്കാളികളിലൊന്നാണ് ചൈന. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി വൈദ്യുതി, ഗതാഗതം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ ചൈനീസ് കമ്പനികള്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. 1987 മുതല്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ചൈന ഏകദേശം 220 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് കമ്പനി നല്‍കുന്ന കണക്ക്.

പാകിസ്ഥാന്റെ വൈദ്യുതി മേഖല വലിയ സാമ്പത്തിക സമ്മര്‍ദ്ദത്തിലാണ്. അടയ്ക്കാത്ത വൈദ്യുതി ബില്ലുകള്‍, ഉയര്‍ന്ന വിതരണ നഷ്ടം, വൈദ്യുതി മേഖലയിലെ വലിയ സര്‍ക്കാര്‍ കടം എന്നിവ വര്‍ഷങ്ങളായി മേഖലയുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാക്കിയിട്ടുണ്ട്. ഇതാണ് ചൈനീസ് കമ്പനികളെയും മുഖംതിരിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

ചൈനീസ് കമ്പനികളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പുറമെ പേയ്‌മെന്റ് വൈകുന്നത്, പാകിസ്ഥാനിലെ സാമ്പത്തിക അസ്ഥിരത, സുരക്ഷാ ആശങ്കകള്‍ തുടങ്ങിയവയും പ്രവര്‍ത്തന റിസ്‌ക് വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തികപ്രതിസന്ധി രൂക്ഷം

സാമ്പത്തികമായി കടുത്ത സമ്മര്‍ദ്ദത്തിലാണ് പാകിസ്ഥാന്‍. അഫ്ഗാനുമായുള്ള പ്രശ്‌നങ്ങള്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ല് ഒടിച്ചു. മിഡില്‍ ഈസ്റ്റ് യുദ്ധം ക്രൂഡ്ഓയില്‍ ഇറക്കുമതി ചെലവും കൈവിട്ട് പോകാന്‍ ഇടയാക്കി. ഇതിനൊപ്പം ബലൂചിസ്ഥാനിലും പാക് അധിനിവേശ കഷ്മീരിലും പ്രക്ഷോഭം രൂക്ഷമാണ്. എപ്പോള്‍ വേണമെങ്കിലും ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങാവുന്ന ഘട്ടത്തിലാണ് പാകിസ്ഥാന്‍.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com