

ഒരുകാലത്ത് ലോകം മുഴുവന്‍ താലിബാനെതിരേ നിലപാടെടുത്ത് അവരെ മാറ്റിനിര്‍ത്തിയപ്പോള്‍ ചേര്‍ത്തുനിര്‍ത്തിയവരാണ് പാക്കിസ്ഥാന്‍ ഭരണകൂടം. അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഒന്നാകെ സ്വീകരിക്കാനും മാറിമാറി വന്ന പാക് സര്‍ക്കാരുകള്‍ ഉത്സാഹിച്ചു. എന്നാലിപ്പോള്‍ കാര്യങ്ങളാകെ മാറിയിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ രണ്ടാം താലിബാന്‍ ഭരണകൂടത്തിന്റെ ഏറ്റവും വലിയ ശത്രുക്കളാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപക്ഷവും തമ്മിലുണ്ടായ ആക്രമണങ്ങളില്‍ ഇരുപക്ഷത്തും കനത്ത ആള്‍നാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ നമ്പര്‍ വണ്‍ ശത്രുവാണ് അഫ്ഗാനെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തു. അഫ്ഗാനുമായുള്ള ബന്ധം വഷളായത് മാത്രമല്ല പാക്കിസ്ഥാനെ വിഷമിപ്പിക്കുന്നത്. താലിബാന്‍ ഭരണകൂടം ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നതും അവര്‍ക്ക് വെല്ലുവിളിയാണ്.
ഒരുകാലത്ത് കടുത്ത ഇന്ത്യ വിരുദ്ധരായിരുന്നു അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. എന്നാല്‍ 2021ല്‍ അധികാരം പിടിച്ച താലിബാന്റെ മറ്റൊരു മുഖമാണ് ലോകം കണ്ടത്. തീവ്ര നിലപാടുകളില്‍ നിന്ന് അവര്‍ പിന്നോട്ടു പോയി. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) പോലുള്ള ആഗോള തീവ്രവാദ സംഘങ്ങള്‍ക്കെതിരേ താലിബാന്‍ നിലപാട് ശക്തമാക്കി.
സ്ത്രീവിരുദ്ധ, വിദ്യാഭ്യാസത്തിനെതിരായ നയങ്ങള്‍ തുടര്‍ന്നെങ്കിലും ഒന്നാം താലിബാന്‍ ഭരണകൂടത്തിന്റെയത്ര തീവ്രത രണ്ടാംവരവില്‍ അവര്‍ക്കുണ്ടായില്ല. ആഗോള തലത്തില്‍ താലിബാനെതിരേ മുമ്പത്തെ പോലെ എതിര്‍പ്പ് ശക്തമാകാതിരിക്കാന്‍ ഇതും കാരണമായി. താലിബാന്‍ ഭരണകൂടത്തോട് മൃദുവായ സമീപനം സ്വീകരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതും ഇതാണ്.
ആദ്യ താലിബാന്‍ ഭരണകൂടത്തോട് വല്ലാത്ത ചങ്ങാത്തം കാണിച്ചിരുന്ന പാക്കിസ്ഥാന്‍ എന്തുകൊണ്ടാണ് നയംമാറ്റിയത്. അതിന് കാരണങ്ങള്‍ പലതാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥയും താലിബാന്‍ ഭരണവും മൂലം 30 ലക്ഷത്തിലധികം അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് ഒരുകാലത്ത് പാക്കിസ്ഥാനിലേക്ക് പാലായനം ചെയ്തത്. പാക് മണ്ണിലെത്തിയ അഫ്ഗാന്‍ പൗരന്മാരെ തുടക്കത്തില്‍ നല്ലരീതിയില്‍ സ്വീകരിക്കാന്‍ പാക് ഭരണകൂടം തയാറായി. എന്നാല്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ ഒരുഘട്ടം കഴിഞ്ഞാല്‍ തദ്ദേശീയര്‍ക്ക് വലിയ തലവേദനായി.
രണ്ടാം താലിബാന്‍ ഭരണം പിടിച്ച ശേഷം വന്‍തോതില്‍ അഭയാര്‍ത്ഥി പ്രവാഹവും പാക്കിസ്ഥാനിലേക്ക് ഉണ്ടായി. ഇതോടെ നിലപാട് ശക്തമാക്കിയ പാക് സര്‍ക്കാര്‍ അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കാന്‍ തുടങ്ങി. വര്‍ഷങ്ങളോളം പാക്കിസ്ഥാനില്‍ സ്ഥിരതാമസമാക്കിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മടങ്ങേണ്ടി വന്നു. ഇത് താലിബാന്‍ ഭരണകൂടത്തെ അസ്വസ്ഥരാക്കി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വഷളാക്കി.
പാക് താലിബാന്‍ അഥവാ ടെഹ്‌രിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ എന്ന തീവ്രവാദ സംഘടനയുടെ വളര്‍ച്ചയാണ് പാക്കിസ്ഥാനെ മാറ്റിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. തുടക്കത്തില്‍ ഈ സംഘത്തെ വെള്ളവും വളവും നല്കി വളര്‍ത്തിയ പാക്കിസ്ഥാന് പിന്നെയാണ് അമളി മനസിലായത്. പാക്കിസ്ഥാന്‍ സൈന്യത്തിനും ഭരണകൂടത്തിനുമെതിരേ തിരിഞ്ഞ പാക് താലിബാന്‍ നിരന്തര ആക്രമണങ്ങളാണ് നടത്തുന്നത്.
അഫ്ഗാനിലെ താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പാക് താലിബാനെതിരേ പാക് സൈന്യം അതിര്‍ത്തി കടന്ന് സൈനിക ഇടപെടല്‍ നടത്തിയതോടെയാണ് അഫ്ഗാനുമായുള്ള ബന്ധം വഷളായത്. കഴിഞ്ഞ ദിവസങ്ങളില്‍ കബൂളിലെ കേന്ദ്രങ്ങളില്‍ പോലും ആക്രമണം നടത്തിയ പാക് സൈന്യത്തിനെതിരായ താലിബാന്റെ തിരിച്ചടിയാണ് ഇപ്പോള്‍ വലിയ സംഘര്‍ഷത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
മതഭരണത്തിലൂന്നിയാണ് മുന്നോട്ട് പോകുന്നതെങ്കിലും ആഗോള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സഹകരണവും സ്വീകാര്യതയും താലിബാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുമായും പാശ്ചാത്യ രാജ്യങ്ങളുമായി താലിബാന്‍ നേതൃത്വം കൂടുതല്‍ അടുക്കുന്നതും പാക്കിസ്ഥാനെ വിമ്മിഷ്ടപ്പെടുത്തുന്നുണ്ട്. അഫ്ഗാനുമായുള്ള ബന്ധം അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് മാറിയത് പാക് സര്‍ക്കാരിന് വലിയ തലവേദനയാണ്. അടുത്ത കാലത്ത് ഇറാന്‍ അതിര്‍ത്തിയിലും വലിയ പരീക്ഷണം നേരിടുന്നുണ്ട് പാക്കിസ്ഥാന്‍.
ഇന്ത്യയെന്ന ഏക ശത്രുവില്‍ നിന്ന് അയല്‍പക്കം എതിരാളികളാല്‍ നിറഞ്ഞ അവസ്ഥയിലേക്ക് പാക്കിസ്ഥാന്‍ പതിയെ മാറുകയാണ്. ഇപ്പോള്‍ തന്നെ ആഭ്യന്തര, സാമ്പത്തിക പ്രതിസന്ധികളാല്‍ ബുദ്ധിമുട്ടുന്ന ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിന് മുന്നില്‍ അസ്വസ്ഥതകള്‍ നിറഞ്ഞ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് വ്യക്തം.
Read DhanamOnline in English
Subscribe to Dhanam Magazine