
അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ഭീമമായ വായ്പകള്‍ സ്വീകരിച്ചു കൊണ്ടാണ് പാക്കിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥ മുന്നോട്ടു പോകുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം പണപ്പെരുപ്പ സമ്മർദ്ദങ്ങൾ ഇല്ലാതാക്കിയിരിക്കുകയാണ്. രൂക്ഷമായ ദാരിദ്ര്യമാണ് രാജ്യത്ത് പൊതുവേയുളളത്. വാര്‍ഷിക ബജറ്റ് പാക്കിസ്ഥാന്‍ ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കുകയാണ്.
പക്ഷെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുപകരം മറ്റു കാര്യങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ മുന്‍ഗണന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ മറ്റൊരു കാര്യം ശ്രദ്ധേയമാകുകയാണ്. സൈനിക ചെലവുകള്‍ക്ക് കൂടുതല്‍ തുക പാക്കിസ്ഥാന്‍ വകയിരുത്തുന്നു എന്നതാണത്. പ്രതിരോധ, സൈനിക ചെലവുകൾക്കും വിദേശ വായ്പക്കാരെ പ്രീതിപ്പെടുത്തുന്നതിനുമാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാർ മുൻഗണന നൽകുന്നത്. ഇത് കൂടുതല്‍ അര്‍ത്ഥവത്താക്കുന്ന നടപടികളായിരിക്കും ബജറ്റിലുണ്ടാകുക എന്ന് കരുതുന്നു.
പാക്കിസ്ഥാന്റെ സാമ്പത്തിക നിലനിൽപ്പ് അന്താരാഷ്ട്ര നാണയ നിധിയില്‍ (IMF) നിന്നുളള വായ്പകളെ വളരെയധികം ആശ്രയിച്ചാണ് ഉളളത്. ഐ.എം.എഫ് നിബന്ധനകള്‍ നിറവേറ്റുന്നതിനായി നികുതി വർദ്ധനവ്, സബ്സിഡി പിൻവലിക്കൽ, പൊതു സേവനങ്ങൾക്കുള്ള ചെലവ് ചുരുക്കൽ തുടങ്ങിയവ ബജറ്റില്‍ ഉൾപ്പെടുത്താനുളള സാധ്യതകളുണ്ട്. ഇവയെല്ലാം സാധാരണക്കാരെ വളരെയധികം ദോഷകരമായി ബാധിക്കുന്ന നടപടികളാണ്.
2024-25 ലെ സാമ്പത്തിക സർവേ പാക്കിസ്ഥാന്റെ വമ്പിച്ച കടബാധ്യത വ്യക്തമായി വെളിപ്പെടുത്തുന്നതാണ്. പൊതു കടം ഏകദേശം 269 ബില്യൺ ഡോളർ ആയി ഉയർന്നിരിക്കുകയാണ്. 2020-21 മുതൽ കടം ഇരട്ടിയായാണ് വര്‍ധിക്കുന്നത്. ഇതിൽ 51.5 ലക്ഷം കോടി രൂപ ആഭ്യന്തര കടവും 24.4 ലക്ഷം കോടി രൂപ ബാഹ്യ ബാധ്യതകളുമാണ്. പ്രധാനമായും ഐ.എം.എഫ്, ചൈന തുടങ്ങിയവരില്‍ നിന്നാണ് പാക്കിസ്ഥാന് ധനസഹായം ലഭിക്കുന്നത്.
ബജറ്റില്‍ പാക്കിസ്ഥാന്‍ സൈനിക, ആയുധ ആവശ്യങ്ങള്‍ക്കുളള തുക ഏകദേശം 18 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തലുകള്‍ ഉളളത്. പാക്കിസ്ഥാന്റെ തെറ്റായ മുൻഗണനകളെയാണ് ഇത് അടിവരയിടുന്നത്. ദാരിദ്ര്യം മൂലം ജനങ്ങള്‍ വലയുമ്പോള്‍ സൈനിക ശക്തി വര്‍ധിപ്പിക്കാനും ഭീകരത വളര്‍ത്താനും പാക്കിസ്ഥാന്‍ കോടികള്‍ ചെലവഴിക്കുന്നത്, അയല്‍ രാജ്യമെന്ന നിലയ്ക്ക് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്.
പാക്കിസ്ഥാനില്‍ നിന്ന് ഉത്ഭവിക്കുന്ന ഭീകരതയ്‌ക്കെതിരെ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. പാക്കിസ്ഥാൻ ഉൾപ്പെടെ എവിടെ നിന്നായാലും ഭീകരരെ പിന്തുടര്‍ന്ന് വകവരുത്തുമെന്നും ജയശങ്കര്‍ പറഞ്ഞു. ബെൽജിയത്തിലേക്കും ഫ്രാൻസിലേക്കും ഒരാഴ്ച നീണ്ടുനിൽക്കുന്ന യാത്രയിലുള്ള അദ്ദേഹം വിദേശ മാധ്യമമായ ലെ ഫിഗാരോയോട് സംസാരിക്കുകയായിരുന്നു.
അതിർത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം, തിരിച്ചടിക്കുകയും സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. അത് നമ്മുടെ ജനങ്ങളോടുള്ള അടിസ്ഥാന കടമയാണ്. മെയ് 7 നും മെയ് 10 നും ഇടയിൽ ഇന്ത്യ നടത്തിയ സൈനിക നടപടികളുടെ വിജയമാണ് പാക്കിസ്ഥാനെ വെടിനിർത്തൽ നടപടിയിലേക്ക് കൊണ്ടുവന്നതെന്നും ഡോ. ജയ്ശങ്കർ തറപ്പിച്ചു പറഞ്ഞു.
Despite economic crisis, Pakistan increasing military spending in budget; India warns of strong action against cross-border terrorism.
Read DhanamOnline in English
Subscribe to Dhanam Magazine