

ഇരട്ട താരിഫുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കടുംപിടുത്തത്തില്‍ നില്‍ക്കവേ എതിര്‍ചേരിയില്‍ നില്‍ക്കുന്ന രാജ്യങ്ങളുമായി ചേര്‍ന്ന് സമ്മര്‍ദത്തിന് ഇന്ത്യ നീക്കം തുടങ്ങി. ജപ്പാന്‍ ഉള്‍പ്പെടെ യു.എസ് താരിഫില്‍ പൊറുതിമുട്ടിയ രാജ്യങ്ങളെ കൂട്ടുപിടിച്ചുള്ള നീക്കത്തിനാണ് ഇന്ത്യ തയാറെടുക്കുന്നത്.
ഇന്ത്യയും ജപ്പാനും ഒന്നിച്ചു നിന്നാല്‍ ഈ നൂറ്റാണ്ടിലെ സാങ്കേതി വിപ്ലവം യാഥാര്‍ത്ഥ്യമാകുമെന്ന് മോദി പറഞ്ഞു. ടോക്കിയോയില്‍ ഇന്ത്യ-ജപ്പാന്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് യു.എസിലേക്ക് പറക്കേണ്ടിയിരുന്ന ജപ്പാന്റെ സാമ്പത്തിക പുനരുജ്ജീവന മന്ത്രി റെയോസി അക്കാസവ (Ryosei Akaz-awa) യാത്ര റദ്ദാക്കിയിരുന്നു. ഇത് യു.എസിനോട് പ്രത്യക്ഷ വാണിജ്യ ഏറ്റുമുട്ടലിന് ജപ്പാന്‍ തയാറെടുക്കുന്നതിന്റെ സൂചനയായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
യു.എസില്‍ ജപ്പാന്‍ 550 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താമെന്ന് സമ്മതിച്ചിരുന്നു. ഇതിനായുള്ള അന്തിമ ചര്‍ച്ചയ്ക്കായിട്ടാണ് അക്കാസവ യു.എസിലേക്ക് പോകാനിരുന്നത്.
ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി അടുത്ത ദിവസം ചൈനയിലേക്ക് പോകുന്നുണ്ട്. സമീപകാലത്തെ അതിര്‍ത്തി തര്‍ക്കവും ഭിന്നതയും മറന്ന് ഇന്ത്യയും ചൈനയും ഒന്നിക്കുന്നത് യു.എസ് തീരുവയെ ചെറുക്കുന്നതിനാണ്. ഈ സഖ്യത്തിലേക്ക് റഷ്യ കൂടി വന്നതോടെ യു.എസിന്റെ തലവേദന വര്‍ധിക്കുകയാണ്.
യു.എസ് വിരുദ്ധ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ ചേരുന്നത് ട്രംപ് ഭരണകൂടത്തിന്റെ താല്പര്യങ്ങളെ ഹനിക്കുന്നതാണ്. മേഖലയില്‍ യു.എസിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമാണ്. ഇന്ത്യയ്‌ക്കെതിരായ ഉയര്‍ന്ന തീരുവയില്‍ ട്രംപിനെതിരേ സ്വന്തം നാട്ടില്‍ വിമര്‍ശനം ഉയരുന്നതിന്റെ കാരണവും ഇതുതന്നെ.
Read DhanamOnline in English
Subscribe to Dhanam Magazine