
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് ഇന്ത്യ കനത്ത മറുപടിയാണ് നല്‍കിയത്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍, പാക്കിസ്ഥാന് പിന്തുണയുമായി തുര്‍ക്കി രംഗത്തെത്തിയിരുന്നു. തുര്‍ക്കിക്കെതിരെ വന്‍ ജനരോഷമാണ് ഇന്ത്യയിലുണ്ടായത്. ഈ അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ത്രി രാഷ്ട്ര സന്ദര്‍ശനത്തില്‍ ആദ്യം സൈപ്രസിനെ തിരഞ്ഞെടുത്തത് ശ്രദ്ധേയമാകുകയാണ്. തുര്‍ക്കിയുമായി പതിറ്റാണ്ടുകളുടെ അസ്വാരസ്യമുളള രാജ്യമാണ് സൈപ്രസ്.
ഓപ്പറേഷൻ സിന്ദൂരിനു ശേഷം മോദി നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണ് ഇത്. സൈപ്രസിനെ ഗ്രീസുമായി ലയിപ്പിക്കാൻ തുർക്കി ഒരു സൈനിക അധിനിവേശം 1974 ല്‍ നടത്തിയിരുന്നു. സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗം പിന്നീട് തുർക്കി റിപ്പബ്ലിക് ഓഫ് നോർത്തേൺ സൈപ്രസ് എന്ന പേരിൽ പ്രഖ്യാപിച്ചിരുന്നു. തുർക്കി മാത്രം അംഗീകരിച്ച ഒരു സംസ്ഥാനമാണിത്. ഈ സാഹചര്യത്തില്‍ സൈപ്രസിന് തുര്‍ക്കിയോട് വലിയ അസ്വസ്ഥതകളാണ് ഉളളത്. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സൈപ്രസ് രംഗത്തെത്തിയിരുന്നു. തുർക്കി-പാക്കിസ്ഥാൻ അച്ചുതണ്ടിനെ ക്ഷീണിപ്പിക്കാനുളള തന്ത്രപരമായ നീക്കമായി പ്രധാനമന്ത്രി മോദിയുടെ സൈപ്രസ് സന്ദർശനത്തെ കാണുന്നുണ്ട്.
ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര ബന്ധം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയായ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലെ (IMEC) ഒരു നിർണായക കണ്ണിയാണ് സൈപ്രസ്. സൈപ്രസിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ യൂറോബാങ്ക് മുംബൈയിൽ ഓഫീസ് തുറക്കാനുള്ള ഉദ്ദേശവും അടുത്തിടെ വ്യക്തമാക്കിയിരുന്നു. യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കുന്ന ഇന്ത്യൻ ബിസിനസുകൾക്കുള്ള ഒരു കവാടമായി സൈപ്രസിനെ സ്ഥാപിക്കുക, യൂറോപ്പ്, ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയവയും ഇന്ത്യയുടെ ലക്ഷ്യങ്ങളാണ്.
പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിന്റെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി 100 ഓളം ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പം സൈപ്രസ് സന്ദര്‍ശിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി സൈപ്രസിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. 1982 ൽ ഇന്ദിരാഗാന്ധിയും 2002 ൽ അടൽ ബിഹാരി വാജ്‌പേയിയും ആയിരുന്നു അവസാനമായി ഇവിടം സന്ദര്‍ശിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പുതിയ സാഹചര്യത്തില്‍ ദശാബ്ദങ്ങള്‍ക്ക് ശേഷമുളള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദര്‍ശനം തുര്‍ക്കിക്കുളള സന്ദേശം കൂടിയായി വിലയിരുത്താവുന്നതാണ്.
PM Modi’s Cyprus visit post-Pahalgam attack seen as a strategic signal to Turkey amid historic tensions.
Read DhanamOnline in English
Subscribe to Dhanam Magazine