തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച തുക എത്രയെന്ന് അറിയിക്കണം: സുപ്രീംകോടതി

തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച തുക എത്രയെന്ന് അറിയിക്കണം: സുപ്രീംകോടതി
Published on

തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവന എത്രയെന്നും സംഭാവന നല്‍കുന്നവരുടെ പേരും വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

മെയ് 15 വരെ തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍, തുക തുടങ്ങിയ കാര്യങ്ങളാണ് വെളിപ്പെടുത്തേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യങ്ങൾ മെയ് 30-നകം അറിയിക്കണം.

നിയമ ഭേദഗതി മൂലം ഏതെങ്കിലും പാര്‍ട്ടിക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ മെയ് 30-ന് ശേഷം വീണ്ടും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഉപയോഗം തടയുന്നതിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനായി ബോണ്ട് സംവിധാനം കൊണ്ടുവന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.

2018 ജനുവരിയിലാണ് തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. ഇന്ത്യന്‍ പൗരന്മാർക്കോ സ്ഥാപനങ്ങള്‍ക്കോ അംഗീകൃത ബാങ്കില്‍നിന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നല്‍കാം. പാർട്ടികൾക്ക് ഇത് 15 ദിവസത്തിനകം പണമാക്കി മാറ്റാം. സംഭാവന നല്‍കുന്നവരുടെ വിവരം ബാങ്കിനുമാത്രമേ അറിയാന്‍ സാധിക്കൂ എന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ സുതാര്യത വേണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയിലെത്തിയത്.

ബോണ്ട് ഉപയോഗിക്കുന്നതു മൂലം വ്യാജ കമ്പനികള്‍ വഴി പാര്‍ട്ടികള്‍ക്ക് കള്ളപ്പണമെത്താന്‍ സാധ്യതയുണ്ടെന്ന്  തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നു. കമ്പനികളുടെ സാമ്പത്തിക ഫലം പ്രഖ്യാപിക്കുമ്പോൾ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ പ്രത്യേകം കാണിക്കേണ്ടതില്ലെന്ന നിയമഭേദഗതിയേയും കമ്മിഷന്‍ ചോദ്യംചെയ്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com