
ഇസ്രയേല്‍-ഇറാന്‍ യുദ്ധം നാള്‍ക്കുനാള്‍ രൂക്ഷമായികൊണ്ടിരിക്കുകയാണ്. സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിരുന്നു. പ്രമുഖ ലോകരാജ്യങ്ങളെല്ലാം വിഷയത്തില്‍ തന്ത്രപരമായ അകലം പാലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇറാന്റെ ചേരിയില്‍ അണി നിരക്കാന്‍ സാധ്യതകളുളള രാജ്യങ്ങളുടെ പട്ടികയിലുളളത് റഷ്യയും ചൈനയുമാണ്. ഇതുവരെ സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിന് റഷ്യ തയാറായിട്ടില്ല.
ഇറാനില്‍ യു.എസ് ആക്രമണം ഉണ്ടായിട്ടും എന്തുകൊണ്ട് റഷ്യ ഇടപെടുന്നില്ലെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മുൻ സോവിയറ്റ് യൂണിയനിൽ നിന്നും റഷ്യൻ ഫെഡറേഷനിൽ നിന്നുമുള്ള ഏകദേശം 20 ലക്ഷം ആളുകൾ ഇസ്രയേലിൽ താമസിക്കുന്നുണ്ട്. ഇതുമൂലം സംഘർഷത്തിൽ നിഷ്പക്ഷത പാലിക്കാൻ ശ്രമിക്കുന്നതായാണ് പുടിൻ വിശദീകരിച്ചത്.
റഷ്യൻ സംസാരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇസ്രയേലില്‍ ഉളളതായാണ് സമകാലിക യാഥാര്‍ത്ഥ്യം. റഷ്യന്‍ പൗരന്മാര്‍ക്ക് അപകടമുണ്ടാകുന്ന വിധത്തിലുളള നീക്കങ്ങള്‍ തന്റെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടന്‍ ഉണ്ടാകില്ലെന്ന സൂചനകളാണ് പുടിൻ നല്‍കുന്നത്.
അതേസമയം റഷ്യയും ഇറാനും തമ്മില്‍ പതിറ്റാണ്ടുകളായി അടുത്ത ബന്ധത്തിലാണെന്ന കാര്യം പുടിന്‍ സമ്മതിച്ചു. അറബ് രാജ്യങ്ങളുമായും ഇസ്ലാമിക രാജ്യങ്ങളുമായും റഷ്യയുടെ ബന്ധം വളരെക്കാലമായി സൗഹൃദപരമാണ്, റഷ്യയുടെ ജനസംഖ്യയുടെ 15 ശതമാനം മുസ്ലീങ്ങളാണ്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിൽ (OIC) റഷ്യ ഒരു നിരീക്ഷക രാജ്യമാണെന്നും പുടിന്‍ ചൂണ്ടിക്കാട്ടി. ഇറാനോടുളള റഷ്യയുടെ വിശ്വസ്തതയെ ചോദ്യം ചെയ്ത വിമർശകരെ പ്രകോപനക്കാർ എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്.
അതേസമയം, ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിക്കാനുളള പുടിന്റെ സന്നദ്ധത നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തളളിക്കളഞ്ഞിരുന്നു. റഷ്യ ആദ്യം സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നാണ് ട്രംപ് പറഞ്ഞത്.
തിരിച്ചടിക്കുന്നതുവരെ സമാധാന ചർച്ചകളിലേക്കോ നയതന്ത്രത്തിലേക്കോ രാജ്യം മടങ്ങില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി പറഞ്ഞു. ചർച്ചകള്‍ നിഷ്ഫലമാക്കിയത് യു.എസും ഇസ്രയേലുമാണെന്നും അരഖ്ചി കുറ്റപ്പെടുത്തി.
Putin defends Russia’s neutrality in the Israel-Iran conflict, citing the safety of 2 million Russian-speaking residents in Israel.
Read DhanamOnline in English
Subscribe to Dhanam Magazine