
ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം രണ്ടുവട്ടം പാളി, ഇറാനെതിരെ വീണ്ടും അടിക്കാന്‍ ഇസ്രായേല്‍, രാവിലത്തെ കുതിപ്പു വിട്ട് 1,000 പോയന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്
ഇറാന്റെ മൂന്ന് സ്ഥലങ്ങളിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക കഴിഞ്ഞ ദിവസമാണ് ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമർ എന്ന പേരില്‍ ബി-2 ബോംബറുകളും ബങ്കർ ബസ്റ്റർ ബോംബുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയത്. ഇതിന് പ്രതികാരം എന്ന നിലയില്‍ ഇന്നലെ (തിങ്കളാഴ്ച) ഖത്തറിലെയും ഇറാഖിലെയും യു.എസ് സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചു.
ഇതിനെ തുടര്‍ന്ന് മണിക്കൂറുകൾക്കം യു.എസ് കൂടി ഉള്‍പ്പെടുന്ന ഉന്നതതല ചർച്ച വിളിച്ചു ചേര്‍ക്കുകയായിരുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, നയതന്ത്രജ്ഞൻ സ്റ്റീവൻ വിറ്റ്കോഫ് തുടങ്ങിയവര്‍ ഇറാന്‍ നേതൃത്വവുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. മിഡിൽ ഈസ്റ്റിനെ ആശങ്കയുടെയും ഭീതിയുടെയും മുള്‍മുനയില്‍ ദിവസങ്ങളോളം നിര്‍ത്തിയ സംഘർഷങ്ങൾക്ക് ഇതോടെ താല്‍ക്കാലിക ശമനമാകുമെന്നാണ് കരുതിയത്.
ഇറാനിയൻ ഭരണകൂടത്തെ വെടിനിർത്തലിന് സമ്മതിക്കാൻ പ്രേരിപ്പിച്ച മുഖ്യശക്തി ഖത്തർ ആയിരുന്നു. ഡൊണാൾഡ് ട്രംപ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ സഹായം തേടിയതിനെത്തുടർന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വെടിനിർത്തൽ ഉറപ്പാക്കി. ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് ഖത്തർ അമീറിനെ അറിയിക്കുകയും ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനോട് ഇറാൻ സമ്മതം അറിയിക്കുകയായിരുന്നു.
അതേസമയം, വെടിനിര്‍ത്തല്‍ സംബന്ധിച്ച് കരാറുകളൊന്നും ഇല്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറയുന്നത്. ഇറാൻ ജനതയ്‌ക്കെതിരായ ആക്രമണം ഇസ്രയേല്‍ നിർത്തിയാൽ മാത്രമേ ഇറാനും ആക്രമണത്തില്‍ നിന്ന് പിന്തിരിയുകയുളളൂ എന്നും അരാഗ്ചി അഭിപ്രായപ്പെട്ടു. ഇതിനര്‍ത്ഥം ഏതെങ്കിലും കക്ഷികള്‍ വീണ്ടും ആക്രമണത്തിന് മുതിര്‍ന്നാല്‍ സംഘര്‍ഷം വീണ്ടും ശക്തമാകാന്‍ ഇടയുണ്ടെന്ന സാഹചര്യമാണ്. ഇസ്രായേല്‍ തിരിച്ചടി പ്രഖ്യാപിക്കുകയും ചെയ്തു.
Qatar mediates ceasefire between Iran and Israel amid escalating Middle East tensions.
Read DhanamOnline in English
Subscribe to Dhanam Magazine