എണ്ണ വില 150 ഡോളറിലേക്ക്: ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഖത്തറിന്റെ മുന്നറിയിപ്പ്, ഇന്ത്യക്ക് കനത്ത ആഘാതം

മേഖലയിലെ സംഘർഷം കാരണം മറ്റ് ഗൾഫ് രാജ്യങ്ങളും വരും ദിവസങ്ങളിൽ എണ്ണ വിതരണം നിർത്തിവെക്കാൻ നിർബന്ധിതരായേക്കാമെന്നും മുന്നറിയിപ്പ്
crude oil
Image courtesy: Canva
Published on

പശ്ചിമേഷ്യയിലെ യുദ്ധം വരും ആഴ്ചകളിലും തുടരുകയാണെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളർ വരെ ഉയരാമെന്ന മുന്നറിയിപ്പുമായി ഖത്തർ ഊർജ മന്ത്രി സാദ് അൽ കാബി . ഗൾഫ് മേഖലയിലെ എണ്ണ കയറ്റുമതി തടസപ്പെടുന്നത് ലോകമെമ്പാടുമുള്ള ക്രൂഡ് ഓയില്‍ വില വർദ്ധിപ്പിക്കുകയും ആഗോള ജിഡിപി വളർച്ചയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് സാദ് അൽ കാബി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.

ഉൽപ്പാദനം നിർത്തി

ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) ഗതാഗതം തടസപ്പെടുന്നതാണ് പ്രധാന ഭീഷണി. ടാങ്കറുകൾക്ക് ഈ പാതയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കാത്ത സാഹചര്യം തുടരുകയാണെങ്കിൽ രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ എണ്ണവില 150 ഡോളറിലെത്തിയേക്കാം. ഇറാനിയൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റായ റാസ് ലഫാനിൽ ഉൽപ്പാദനം നിർത്തിവെക്കുകയും 'ഫോഴ്സ് മജൂർ' (Force majeure) പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

സുരക്ഷാ ഭീഷണിയെത്തുടർന്ന് ഏകദേശം 9,000 തൊഴിലാളികളെ കമ്പനി ഒഴിപ്പിച്ചു. യുദ്ധം തുടരുന്നത് പെട്രോകെമിക്കൽ, വളം നിർമ്മാണ മേഖലകളെയും ബാധിക്കുമെന്നും ഇത് വ്യവസായ ശൃംഖലകളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ സംഘർഷം കാരണം മറ്റ് ഗൾഫ് രാജ്യങ്ങളും വരും ദിവസങ്ങളിൽ എണ്ണ വിതരണം നിർത്തിവെക്കാൻ നിർബന്ധിതരായേക്കാമെന്നും ഖത്തർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യക്ക് കനത്ത തിരിച്ചടി

ആവശ്യമുളള ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇന്ത്യക്ക് വില വര്‍ധന വലിയ തിരിച്ചടിയായിരിക്കും. ഇന്ധന വിലയിലെ വര്‍ധന നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരുന്നതിനും പണപ്പെരുപ്പത്തിനും കാരണമാകും. ക്രൂഡ് ഓയിൽ വിലയിലെ ഓരോ 10 ഡോളറിന്റെ വർദ്ധനയും ഇന്ത്യയുടെ ജിഡിപി (GDP) വളർച്ചയിൽ ഏകദേശം 0.5 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. കാർഷിക മേഖലയില്‍ വളം നിർമ്മാണത്തിനുള്ള ചെലവ് വർദ്ധിക്കുകയും കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന ചെലവ് ഉയർത്തുകയും അടക്കമുളള പ്രത്യാഘാതങ്ങളും ഉണ്ടാകും.

Qatar warns crude oil prices could surge to $150 per barrel if Middle East tensions disrupt supplies through the Strait of Hormuz, posing serious economic risks for oil-importing nations like India.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com