പഴയ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള മടക്കം, കേരള സര്‍ക്കാരിന്റെ ചെലവ് 4.7 മടങ്ങ് അധികമാകുമെന്ന് ആര്‍.ബി.ഐ

അഞ്ച് സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് നീങ്ങുന്ന സമയത്താണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്‌
Indian Rupee in hand
Image by Canva
Published on

പഴയ പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് (Old Pension Scheme-OPS/സ്റ്റാറ്റിയൂട്ടറി) കേരളം മടങ്ങിയാല്‍ നിലവിലേതിനേക്കാള്‍ 4.7 മടങ്ങ് അധിക ചെലവുണ്ടാകുമെന്നും സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥയെ മോശമായി ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. പുതിയ പെന്‍ഷന്‍ സ്‌കീമിലേക്ക് (New Pension Scheme -NPS /പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി) മാറുമ്പോഴുള്ള ചെറിയ സാമ്പത്തിക ഭാരം ഏറ്റെടുക്കാന്‍ മടിച്ചുകൊണ്ട് ഒ.പി.എസിലേക്ക് മാറുന്നത് ദീര്‍ഘകാലത്തില്‍ വലിയ സാമ്പത്തിക ബാധ്യതയ്ക്കിടയാക്കുമെന്നും സംസ്ഥാനങ്ങളെ സംബന്ധിച്ച് ഇത് പിന്നോട്ടു നടക്കുന്നതിനു തുല്യമാണെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജസ്ഥാന്‍, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ എന്‍.പി.എസ് എന്ന പുതിയ പെന്‍ഷന്‍ സമ്പ്രദായം ഒഴിവാക്കി പഴയരീതി പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങിയിരിക്കുന്ന സമയത്താണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

കേരളത്തിലും ആവശ്യം ശക്തം

 ഒ.പി.എസിലേക്ക് മാറണമെന്ന ചര്‍ച്ചകള്‍ വര്‍ഷങ്ങളായി കേരളത്തിലും ഉയര്‍ന്നിരുന്നെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഇതേ കുറിച്ച് അഭിപ്രായം പറഞ്ഞിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാദ്ഗാനമായിരുന്നു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്നത്. സംഘടനകളുടെ സമ്മര്‍ദ്ദംശക്തമായപ്പോള്‍ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച് രണ്ടു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ എന്‍.പി.എസ് നടപ്പാക്കി വര്‍ഷങ്ങള്‍ക്ക് ശേഷം 2013ലാണ് കേരളത്തില്‍ എന്‍.പി.എസ് നടപ്പാക്കുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ തുടരുമെന്ന് ഓരോ വര്‍ഷവും സത്യവാങ്മൂലം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് അധികവായ്പയ്ക്ക് നല്‍കാമെന്നു രണ്ട് വര്‍ഷം മുന്‍പ് കേന്ദ്രം വ്യവസ്ഥ വച്ചിരുന്നു. ഇതുപ്രകാരം കേരളം കഴിഞ്ഞ വര്‍ഷം 1,700 കോടി രൂപ വായ്പയെടുത്തിരുന്നു. ഈ വര്‍ഷവും ഇത് സ്വീകരിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന കേരളത്തിന് ഇത് ഒഴിവാക്കാനാകില്ല.

2024 സാമ്പത്തിക വർഷത്തിലെ കേരളത്തിന്റെ ബജറ്റ് എസ്റ്റിമെറ്റ് പ്രകാരം   28,240 കോടി രൂപയാണ് പെന്‍ഷന്‍ ചെലവ്. വരുമാനത്തിന്റെ 20.7 ശതമാനം വരുമിത്. ശമ്പള ചെലവുകള്‍ 44,494 കോടി രൂപയും പലിശ ചെലവുകള്‍ 23,303 കോടി രൂപയുമാണ്. ഈ മൂന്ന് ചെലവുകളും കൂടി കേരളത്തിന് ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ 69.4ശതമാനം വരും. കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പഴയതിയേലേക്കുള്ള തിരിച്ചുപോക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്നതിനാല്‍ സാധ്യത തീരെ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനങ്ങള്‍ക്ക് ബാധ്യത ചെറുതല്ല

ആര്‍.ബി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഒ.പി.എസിലേക്ക് മടങ്ങുന്നത് പുതിയ സമ്പ്രദായത്തെ അപേക്ഷിച്ച് 4.9 മടങ്ങ് വരെ ബാധ്യത സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്നുണ്ട്. രാജസ്ഥാന് 4.2 മടങ്ങ് അധികബാധ്യതയാണ് ഇതു വഴിയുണ്ടാകുകയെങ്കില്‍ ചത്തീസ്ഗഡിന് 4.6 മടങ്ങും ജാര്‍ഖണ്ഡിന് 4.4 മടങ്ങുമാണ്. പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുടേത് യഥാക്രമം 4.6 മടങ്ങ്, 4.4 മടങ്ങ് എന്നിങ്ങനെയാണ്. കേരളത്തിലിത് നടപ്പാക്കുമ്പോള്‍ 4.7 മടങ്ങ് ചെലവാണ് വരിക.

ഒ.പി.എസിലേക്ക് മാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന ചെലവ

എന്‍.പി.എസിനെ അപേക്ഷിച്ച് ഒ.പി.എസ് സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന ബാധ്യത 4-5 മടങ്ങ് അധികമായിരിക്കുമെന്ന മുന്‍കാല റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നതാണ് ആര്‍.ബി.ഐയുടെ പുതിയ പഠന റിപ്പോര്‍ട്ടും.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വിതരണം സര്‍ക്കാരുകള്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യത ആയതോടെയാണ് പുതിയ പെന്‍ഷന്‍ സമ്പ്രദായത്തിന് സര്‍ക്കാരുള്‍ ആലോചന തുടങ്ങിയത്.

പുതിയതിലുറച്ച് കേന്ദ്രം

കൂടുതല്‍ സംസ്ഥാനങ്ങള്‍ ഒ.പി.എസിലേക്ക് തിരിച്ചുപോകാന്‍ തിടുക്കം കാണിക്കുന്നത് കണക്കിലെടുത്ത് എന്‍.പി.എസിന്റെ ആകര്‍ഷകത്വം ഉറപ്പാക്കാനും ഖജനാവിന് സാമ്പത്തിക ബാധ്യത കുറച്ച് ജീവനക്കാര്‍ക്ക് മാന്യമായ മിനിമം പെന്‍ഷന്‍ ഉറപ്പാക്കാനും വേണ്ട വഴികള്‍ കണ്ടെത്താന്‍ ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങിപ്പോക്കില്ലെന്നതിന്റെ സൂചന കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു വഴി നല്‍കുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ (എന്‍.പി.എസ്) പദ്ധതി നടപ്പാക്കി 20 വര്‍ഷമാകുമ്പോഴാണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷനിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യം പലയിടത്ത് നിന്നുമുയരുന്നത്. 2004 ജനുവരി ഒന്നു മുതലാണ് ദേശീയ പെന്‍ഷന്‍ സ്‌കീം എന്ന പുതിയ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍പ്രഖ്യാപിച്ചത്.

എൻ.പി.എസും ഒ.പി.എസും 

സ്റ്റാറ്റിയൂട്ടറി പെന്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍.പി.എസില്‍ ലഭിക്കുന്ന പെന്‍ഷന്‍ തീരെ കുറവാണെന്നതാണ് തിരിച്ചു പോക്കിനെ കുറിച്ച് ചിന്തിക്കാനുള്ള പ്രധാന കാരണം. ഒ.പി.എസിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസാന ശമ്പളത്തിന്റെ പകുതി തുക പെന്‍ഷനായി ലഭിക്കുമായിരുന്നു. അതായത് വിരമിക്കുന്ന മാസത്തെ അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമ ബത്തയും (Dearness Allowance/DA) 1,000 രൂപ മെഡിക്കല്‍ അലവന്‍സും ചേര്‍ത്താണ് പെന്‍ഷന്‍ ലഭിക്കുക. 42 ശതമാനമാണ് ഇപ്പോഴത്തെ നിലയില്‍ ഡി.എ. ആറ് മാസം കൂടുമ്പോള്‍ ഡി.എ പരിഷ്‌കരിക്കും.

എന്നാല്‍ എന്‍.പി.എസില്‍ ഇതിന്റെ പത്തിലൊന്നു തുക പോലും ലഭിക്കുന്നില്ല.  എന്‍.പി.എസ് എന്നാൽ പങ്കാളിത്ത പെന്‍ഷനാണ്. ജീവനക്കാര്‍ അവരുടെ ശമ്പളത്തിന്റെ 10 ശതമാനം പെന്‍ഷന്‍ഫണ്ടിലേക്ക് അടയ്ക്കണം. സര്‍ക്കാരിന്റെ വിഹിതമായി 14 ശതമാനവും അടയക്കും. ഈ തുക ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍, ഓഹരികള്‍ തുടങ്ങിയ വിവിധ നിക്ഷേപങ്ങളടങ്ങിയ പോര്‍ട്ട് ഫോളിയോകളില്‍ നിക്ഷേപിച്ചാണ് നേട്ടമുണ്ടാക്കുക. വിരമിക്കുന്ന സമയത്ത് ഇതിന്റെ 60 ശതമാനം ജീവനക്കാര്‍ക്ക് പിന്‍വലിക്കാം. ബാക്കി 40 ശതമാനം സ്ഥിര വരുമാനം ഉറപ്പാക്കുന്ന ആന്യുവിറ്റി പദ്ധതികളില്‍ നിക്ഷേപിക്കണം.

2004 ജനുവരി ഒന്നിന് പുതിയ പെന്‍ഷന്‍ സമ്പ്രദായം നിലവില്‍ വരുന്നതിനു തൊട്ടു മുന്‍പു വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലും സംസ്ഥാനങ്ങളില്‍ എന്‍.പി.എസ് നടപ്പാക്കിയ അന്നു വരെയും സര്‍വീസിലുണ്ടായിരുന്ന എല്ലാവര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com