
വിദേശ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് വിലക്കേര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേണത്തിന്റെ ഭാഗമായിട്ടാണ് നടപടി. നിലവില്‍ ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് കോളേജുകളിലേക്ക് മാറേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അല്ലാത്തപക്ഷം ഇവരുടെ വിദ്യാര്‍ത്ഥി വീസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റിനോം ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കി.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 6,800 ഓളം വിദ്യാര്‍ത്ഥികളെ ഈ നടപടി ബാധിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 788 വിദ്യാര്‍ത്ഥികള്‍ ഹാര്‍വാര്‍ഡില്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും 500 മുതല്‍ 800 വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാര്‍ഡിലേക്ക് പഠനത്തിനായും റിസര്‍ച്ചിനായും എത്തുന്നത്.
വരാനിരിക്കുന്ന അധ്യയന വര്‍ഷത്തിന് മുമ്പ് സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍ വീണ്ടെടുക്കണമെങ്കില്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ ഹാര്‍വാര്‍ഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
ക്യാമ്പസിലെ ചില വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഹാര്‍വാര്‍ഡ് തള്ളിയതാണ് വിലക്കിനു കാരണം. ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രംപ് ആവിഷ്‌കരിച്ച നിര്‍ദേശങ്ങളും ഹാര്‍വാര്‍ഡ് നേരത്തെ തള്ളിയിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയെ പരിഹസിച്ച് സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പോസ്റ്റിട്ടിരുന്നു. ഹാര്‍വാര്‍ഡിനെ ഒരു മാന്യമായ പഠന സ്ഥലമായി കണക്കാക്കാന്‍ കഴിയില്ലന്നും ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെയോ കോളേജുകളുടെയോ പട്ടികയിലും ഇതിനെ പരിഗണക്കരുതെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. വെറുപ്പും വിഡ്ഢിത്തവുമാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല പഠിപ്പിക്കുന്നതെന്നും അതിനാല്‍ ഫെഡറല്‍ ഫണ്ടിംഗിന് സര്‍വകലാശാലയ്ക്ക് അര്‍ഹതയില്ലെന്നും പറഞ്ഞ ട്രംപ് സര്‍വകലാശാലയ്ക്കുള്ള 2.2 ബില്യണ്‍ ഡോളറിന്റെ ധനസഹായം മരവിപ്പിക്കുകയും ചെയ്തിരുന്നു.
വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയന്ത്രിക്കണം, വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളും സ്റ്റുഡന്റ് ഗ്രൂപ്പുകളുടെ അധികാരം എന്നിവ നിയന്ത്രിക്കണം, ഡൈവേഴ്‌സിറ്റ് ഇക്വിറ്റ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ (DEI) പ്രോഗ്രാമുകള്‍ റദ്ദാക്കണം തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു ട്രംപ് സര്‍വകലാശാലയ്ക്ക് മുന്നില്‍ വെച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine