നൂറിന്റെ കുതിപ്പും കിതപ്പും: സതീശൻ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളുടെ പ്രോ​ഗ്രസ് കാർ‍‍ഡ്

അധികാരത്തില്‍ 100 ദിവസം തികക്കുന്ന സമയത്ത്, നാടുകാണാന്‍ വരുന്ന മാവേലിക്ക് സതീശന്‍ സര്‍ക്കാറിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടുന്ന ഫീഡ്ബാക്ക് എന്തായിരിക്കും?
Satheesan government 100 days Analysis
പ്രതീകാത്മക ചിത്രംImage Source: Canva/Dhanam Online
Published on

ഇക്കുറി മാവേലിയുടെ വരവിന് പ്രത്യേകതയുണ്ട്. മൂപ്പിലാന്‍ 10 വര്‍ഷമായി കണ്ടുപോന്നയാളല്ല മുഖ്യമന്ത്രി കസേരയില്‍. സുസ്മേരവദനന്‍. ജനപിന്തുണയില്‍ വമ്പന്‍. ഭംഗിവാക്കില്‍ ബഹുകേമന്‍. എന്തിനേറെ, തന്നെപ്പോലെ 'പൂക്കി'യായ പ്രജാക്ഷേമ തല്‍പരന്‍. അദ്ദേഹം വന്ന ശേഷം സ്ത്രീകള്‍ക്ക് ബസുകാശ് ലാഭം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പത്രസമ്മേളനങ്ങളില്‍ കയര്‍ക്കാനും അവസരം. അങ്ങനെയൊക്കെ വിസ്മയിച്ച് വീടുകളോരോന്ന് കയറിത്തുടങ്ങുന്ന മാവേലിക്ക് സതീശന്‍ സര്‍ക്കാറിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇപ്പോള്‍ കിട്ടുന്ന ഫീഡ്ബാക്ക് എന്തായിരിക്കും?

സതീശനും സംഘവും അധികാരത്തില്‍ 100 ദിവസം തികക്കുന്നതിന് തൊട്ടുപിറ്റേന്നാണ് മാവേലി നാടുകാണാന്‍ വരുന്നത്. ജനവിധി പ്രകാരം 1,826 ദിവസം ഭരിക്കാന്‍ അവകാശം കിട്ടിയിട്ടുള്ള ഒരു സര്‍ക്കാറിന്റെ കാര്യത്തില്‍ ആദ്യ നൂറ് വലിയൊരു കാലയളവല്ല. ഒന്നിളകിയിരിക്കാനുള്ള സമയം മാത്രം. എങ്കിലും 'മുളയിലറിയാം മുളക്കരുത്ത്' എന്നാണ് ലക്ഷണശാസ്ത്രം. അതനുസരിച്ചാണെങ്കില്‍, ഈര്‍ക്കില്‍ കൊണ്ട് അടി കൊള്ളാനുള്ള പ്രായമൊക്കെയായി. പക്ഷേ, ചൂരലിനുള്ള വകയൊക്കെയാണ് ഉണ്ടാക്കിവെക്കുന്നത്.

ഭരണത്തിന്റെ ആത്മാവ് ജനവിശ്വാസം

ഭരണത്തിന്റെ ആത്മാവ് ജനവിശ്വാസമാണ്. തെരഞ്ഞെടുപ്പ് കാലത്ത് മുഴങ്ങിക്കേട്ട 'വിസ്മയം' സൃഷ്ടിച്ചാലും ഇല്ലെങ്കിലും ഒരു സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ജനവിശ്വാസം ആര്‍ജിക്കുകയും നിലനിര്‍ത്തുകയുമാണ് പ്രധാനം. ജനവിശ്വാസമാണ് ഭരണത്തിന്റെ ആത്മാവ്. എന്നാല്‍ സതീശന്‍ സര്‍ക്കാറിന്റെ കാര്യം അതല്ല. ഭരണമാറ്റത്തിന്റെ ആഹ്ലാദത്തിനൊപ്പം തുടക്കത്തിലേ അമിത പ്രതീക്ഷയോടെ അക്ഷമരായി നില്‍ക്കുകയാണ് ജനം. അനാവശ്യ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമുള്ള വ്യഗ്രതകളില്‍ നിന്ന് കേരളത്തെ വികസനത്തിന്റെ ഹൈവേയിലേക്ക് സര്‍ക്കാര്‍ കൂട്ടിക്കൊണ്ടുപോകണമെന്ന് ബഹുഭൂരിപക്ഷം ശരിക്കും ആഗ്രഹിക്കുന്നു. അതിനൊത്ത് സര്‍ക്കാര്‍ ഉയര്‍ന്നോ എന്ന ചോദ്യത്തിന് മുമ്പില്‍ ഇന്ന് തെല്ലു സംശയിച്ച് നില്‍ക്കുന്ന ജനത്തെയാണ് മാവേലി കാണേണ്ടി വരുക.

പ്രചാരണം അന്ന് നയിച്ചു, ഇന്നോ?

അങ്ങനെ സംഭവിക്കാന്‍ പല കാരണങ്ങളുണ്ട്. ഒന്ന്, സര്‍ക്കാറിന്റെ ഉദ്ദേശ്യവും പ്രവര്‍ത്തന നടപടികളും ഫലപ്രദമായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതും വ്യക്തമായി പൊതുസമൂഹത്തെ അറിയിക്കാന്‍ മുഖ്യമന്ത്രിയൊഴികെ, മന്ത്രിമാര്‍ക്കും സര്‍ക്കാറിന്റെ പ്രചാരണ സംവിധാനങ്ങള്‍ക്കും കഴിയാതെ പോകുന്നു. മറുവശത്ത്, ഇരിക്കാനുള്ള സാവകാശം പോലും നല്‍കാതെ പുതിയ സര്‍ക്കാറിന്റെ വീഴ്ചകള്‍ പെരുപ്പിച്ചുകാണിക്കാനും അനുപാത വിരുദ്ധമായി കടന്നാക്രമിക്കാനും നവമാധ്യമങ്ങളും പ്രതിപക്ഷവും വ്യഗ്രത കാട്ടുകയും ചെയ്യുന്നു.

എന്തുകൊണ്ട് ഇത്തരം വീഴ്ചകള്‍ അടിക്കടി ഉണ്ടാവുന്നു? അതിനുമുണ്ട് വ്യക്തമായ കാരണങ്ങള്‍. മുഖ്യമന്ത്രിക്കും ഒട്ടുമിക്ക മന്ത്രിമാര്‍ക്കും ഭരണപരിചയം കുറവായത് പിഴവുകള്‍ക്ക് സാധ്യത കൂട്ടുന്നു. ഭരണപരിചയം പോരാത്ത പ്രശ്‌നം തീര്‍ത്തെടുക്കേണ്ടത് മന്ത്രിമാരെ സഹായിക്കുന്ന വിവിധ വകുപ്പുകളിലെ തഴക്കംവന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്; സഹായിക്കാനായി മന്ത്രിമാര്‍ ഒപ്പം കൂട്ടിയിരിക്കുന്നവരാണ്. അവിടെയുമുണ്ട് പ്രശ്‌നം. 10 വര്‍ഷം മാറിനിന്ന ശേഷം ഭരണം പിടിച്ചപ്പോള്‍ യുഡിഎഫിന് ഭരണനിര്‍വഹണത്തില്‍ പരിചയസമ്പന്നരും വിശ്വസ്തരുമായവരുടെ പോരായ്മ അനുഭവപ്പെടുന്നു. ഈ ശൂന്യത നികത്തി, ഭരണയന്ത്രം വിശ്വസ്തര്‍ തിരിക്കുന്ന സ്ഥിതി വന്നിട്ടില്ല. പഴയ ചിട്ടവട്ടങ്ങള്‍ ഇപ്പോഴും തുടരുന്നു.

പിഴവുകള്‍, മലക്കംമറിച്ചിലുകള്‍

നയപരമായ മലക്കംമറിച്ചിലുകളാണ് അടുത്ത പ്രശ്‌നം. പിഎം ശ്രീയില്‍ ഒപ്പിട്ട പിണറായി സര്‍ക്കാറിനെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ മൂന്നുവട്ടം ആലോചിക്കേണ്ട കാര്യമില്ല. ഇന്ന്, പിഎം ശ്രീയുമായി മുന്നോട്ടുപോകുന്നതിന്റെ ന്യായം മുന്നൂറു വട്ടം പരതിയാലും സതീശനും യുഡിഎഫിനും കിട്ടില്ല. ഭീമന്‍ വാടക കൊടുത്ത് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെ തുറന്നെതിര്‍ത്ത പഴയ പ്രതിപക്ഷ നേതാവ് ഇപ്പോള്‍ അതില്‍ത്തന്നെ പറന്നാല്‍, അതിന് നിരത്തുന്ന ഏത് ന്യായീകരണവും യുക്തിസഹമാകില്ല. ദുരന്തനിവാരണ നടപടികളുടെ സ്റ്റിയറിങ് പിടിച്ചിരിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പൊതുജനം വ്യക്തമായി അറിഞ്ഞിരിക്കേണ്ട വെള്ളപ്പൊക്ക നാളുകളില്‍ നാട മുറിക്കാനും ഡിന്നറിനുമൊക്കെയായി പറന്നുനടക്കുന്നതിന്റെ പടം പ്രചരിക്കാന്‍ അവസരം കൊടുത്താല്‍ സതീശന് പ്രതിക്കൂട്ടില്‍ കയറാതെ തരമില്ലെന്നു വരും.

ന്യായീകരണ ചാതുരിക്കിടയിലും വിഷയങ്ങള്‍ ഇത്തരത്തില്‍ പലതായി, വലുതായി വരുന്നു.വെള്ളത്തില്‍ മുങ്ങിയവനെ രക്ഷിക്കാന്‍ ശ്രമിച്ച ഹതഭാഗ്യന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെ ആംബുലന്‍സില്‍ കൊണ്ടുപോയ നിരുത്തരവാദത്തിന് സിസ്റ്റത്തെ പഴിക്കാം.

എക്‌സൈസില്‍ അഴിമതിയാണെന്ന് വകുപ്പ് മന്ത്രിക്ക് തന്നെ വിലപിച്ചുകൊണ്ടിരിക്കാം. കര്‍ക്കടകത്തിലും പവര്‍ കട്ട്. അതൊക്കെയും പക്ഷേ, പൊതുബോധത്തിന് നിരക്കുന്നതല്ല. കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ പാകത്തിലൊരു വ്യവസായിയെ കാണാനാണ് ഹെലികോപ്റ്ററെടുത്ത് കൊച്ചിക്ക് പറന്നതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം, ഭരണനിര്‍വഹണത്തിലെ കര്‍മകുശലതയായി ആര്‍ക്കെങ്കിലും അനുഭവപ്പെട്ടോ? മന്ത്രി സി.പി ജോണിന്റേതടക്കമുള്ള പരാമര്‍ശങ്ങളും ഖേദപ്രകടനവും വേറെ. ഇതിനെല്ലാമിടയില്‍, 10 വര്‍ഷത്തിന് ശേഷം അധികാരത്തില്‍ നിന്ന് ജനം പുറന്തള്ളിയ പാര്‍ട്ടികളില്‍ നടക്കുന്നത് അപ്രധാനമായി മാറിയ മട്ട്.

വേണം, ഒരു പ്രോഗ്രസ് കാര്‍ഡ്

ഏതൊരു സര്‍ക്കാറിന്റെയും പ്രതിഛായ കോറിയിടുന്നതില്‍ ആദ്യ നൂറ് ദിനങ്ങളിലെ പ്രവര്‍ത്തന ശൈലി പ്രധാനമാണ്. കഴിഞ്ഞ സര്‍ക്കാറിനെ പഴിചാരാന്‍ പോന്ന ധവളപത്രമോ, പുതിയ സ്വപ്‌നങ്ങള്‍ വില്‍ക്കുന്നൊരു ബജറ്റോ മാത്രം കൊണ്ട് പ്രതിഛായ രൂപപ്പെടുന്നില്ല. ഭരണനിര്‍വഹണത്തിലേക്കുള്ള ഉറച്ച ചുവടുകളും ജനപക്ഷ സമീപനങ്ങളും വികസനത്തിനൊരു മാസ്റ്റര്‍ പ്ലാനുമൊക്ക പ്രധാനം. വ്യവസായത്തിലും ബിസിനസിലുമടക്കം വിവിധ മേഖലകളില്‍ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുന്നുണ്ട്. അതിനൊത്ത് ഭരണത്തില്‍ ആറ് മാസമാവുമ്പോഴേക്ക് വ്യക്തമായൊരു പ്രോഗ്രസ് കാര്‍ഡ് മുന്നോട്ടുവെക്കാനായാല്‍ ആദ്യ നൂറ് ദിനങ്ങളിലെ ബാലാരിഷ്ടതകള്‍ ജനം എഴുതിത്തള്ളും. ആ ഉത്തരവാദിത്തത്തിന് മുന്നിലാണ് ഇന്ന് സര്‍ക്കാര്‍.

(ധനം മാ​ഗസിന്റെ 2026 ഓണം പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com