സൗദി-യുഎഇ ബന്ധം വഷളാകുന്നു, പെടുന്നനെയുള്ള ഇന്ത്യ സന്ദര്‍ശനവുമായി യുഎഇ പ്രസിഡന്റ്; ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ റോള്‍ നിര്‍ണായകം
സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. യെമനില്‍ യുഎഇ നടത്തിയ ഇടപെടലുകളാണ് സൗദിയെ ചൊടിപ്പിച്ചത്. തെക്കന്‍ യെമനിലെ വിമതസേനയ്ക്കായി യുഎഇ അയച്ച ആയുധങ്ങള്‍ അടങ്ങിയ കപ്പല്‍ സൗദി ബോംബ് ആക്രമണത്തില്‍ തകര്‍ത്തിരുന്നു.
രണ്ട് പ്രബല ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മോശം അവസ്ഥയിലെത്തിയതിന് പിന്നാലെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് വലിയ പ്രാധാന്യമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ നല്കുന്നത്. വെറും മൂന്ന് മണിക്കൂര്‍ നീണ്ട, മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിക്കാതിരുന്ന സന്ദര്‍ശനമാണ് യുഎഇ ഭരണാധികാരി നടത്തിയത്.
സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്ന നിരവധി വാണിജ്യ കരാറുകളിലും ഒപ്പുവയ്ക്കപ്പെട്ടിട്ടുണ്ട്. കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള കരാറും ഇതില്‍പ്പെടുന്നു. മാത്രമല്ല, ഇന്ത്യയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ യുഎഇയുടെ പങ്കാളിത്തവും ചര്‍ച്ചയായി.
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ യുഎഇയിലെ ഫസ്റ്റ് അബുദാബി ബാങ്ക്, ഡിപി വേള്‍ഡ് എന്നിവയുടെ ഓഫീസുകള്‍ തുറക്കാന്‍ ധാരണയായിട്ടുണ്ട്. ആധുനിക ന്യൂക്ലിയര്‍ സാങ്കേതികവിദ്യ, എഐ, പ്രതിരോധ മേഖലകളിലും ഇരുരാഷ്ട്രങ്ങളും കൂടുതല്‍ സഹകരിക്കും. 2030ഓടെ ഉഭയകക്ഷി വ്യാപാരം 20,000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.
എന്തുകൊണ്ട് പെട്ടെന്നുള്ള സന്ദര്‍ശനം
സാധാരണഗതിയില്‍ രാഷ്ട്രത്തലവന്‍മാരുടെ സന്ദര്‍ശനങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ ചാര്‍ട്ട് ചെയ്യുന്നതാണ്. എന്നാല്‍ യുഎഇ പ്രസിഡന്റിന്റെ വരവ് തികച്ചും സര്‍പ്രൈസ് ആയിരുന്നു. ഗള്‍ഫ് മേഖലയില്‍ സമവാക്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. സൗദിയും പാക്കിസ്ഥാനും തുര്‍ക്കിയും ചേര്‍ന്ന് നാറ്റോ മാതൃകയില്‍ സൈനിക സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സഖ്യത്തില്‍ ഗള്‍ഫിലെ മറ്റൊരു രാജ്യവും ഇല്ലെന്നത് ശ്രദ്ധേയമാണ്.
യെമന്‍ വിഷയത്തില്‍ യുഎഇയും സൗദിയും ശത്രുപക്ഷത്താണ്. സൗദിക്കും യുഎഇയ്ക്കും ഇടയില്‍ ശീതയുദ്ധ പ്രതീതിയാണ് നിലനില്‍ക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാന റോളാണുള്ളത്. യുഎഇ പ്രസിഡന്റിന്റെ പെട്ടെന്നുള്ള വരവും പോക്കിനും സൗദിയുമായുള്ള പ്രശ്‌നങ്ങള്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
സൗദി-യുഎഇ പ്രശ്‌നത്തില്‍ പക്ഷംപിടിക്കാനില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ ഇന്ത്യയുടെ നിര്‍ണായക വ്യാപാര പങ്കാളികളാണ് സൗദിയും യുഎഇയും. ഏതെങ്കിലും ഒരുപക്ഷത്ത് നിലയുറപ്പിക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യും. ആരെയും പിണക്കാതെ തന്ത്രപൂര്‍വമായ നീക്കങ്ങളാകും ഈ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുക.
As Saudi-UAE tensions rise, UAE President visits India to strengthen strategic and trade ties
Read DhanamOnline in English
Subscribe to Dhanam Magazine

