

''ലസ്സി കുടിക്കാം,കോള തുലയട്ടെ.'' ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 50 ശതമാനം ഡ്യൂട്ടി അടിച്ച ട്രംപിനെ നേരിടാന്‍ വേറെയുമുണ്ട് മുദ്രാവാക്യം. ''ജി-പേയും ഫോണ്‍-പേയും നാടുനീങ്ങട്ടെ, ഭീം ആപും പേ-ടിഎമ്മും നീണാള്‍ വാഴട്ടെ.''
ട്രംപിനോടുള്ള ദേഷ്യം മൂത്ത് ഇന്ത്യയില്‍ സ്വദേശി പ്രസ്ഥാനം ശക്തി പ്രാപിക്കുമോ? ഏതായാലും അമേരിക്കന്‍ സായ്പിന്റെ ഉല്‍പന്നങ്ങളെ ബഹിഷ്‌ക്കരിക്കാനും സ്വദേശി ഇനങ്ങള്‍ പ്രോത്‌സാഹിപ്പിക്കാനുമുള്ള ആഹ്വാനം രണ്ടു ദിവസം കൊണ്ട് ശക്തിപ്പെട്ടു.
യോഗ ഗുരു രാംദേവ് സ്വാമി മുതല്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് വരെയുള്ളവര്‍ ആഹ്വാനവുമായി കളത്തിലുണ്ട്. വിദേശ ഉല്‍പന്നങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ഇന്നാട്ടിലെ സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കണമെന്നും സ്വദേശി ജീവിത മന്ത്രമാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത് കഴിഞ്ഞ ദിവസമാണ്. സമൂഹ മാധ്യമങ്ങളിലാണെങ്കില്‍ സ്വദേശിപ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടു നില്‍ക്കുന്നു.
ആശയം ഗംഭീരമാണെങ്കിലും, വല്ലതും നടപ്പുള്ള കാര്യമാണോ? ജെന്‍സി കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെയുള്ള ഉപയോക്താക്കളില്‍ എത്രപേര്‍ കോള ബഹിഷ്‌കരിച്ച് ലസി കുടിക്കും, ജി-പേക്ക് പകരം ഭീം ആപ് തെരഞ്ഞെടുക്കും? ലോകം ഒറ്റ ഗ്രാമമായി ചുരുങ്ങിയ കാലത്ത്, ഫോറിന്‍ ബ്രാന്‍ഡുകള്‍ ആവേശമായി നില്‍ക്കുന്ന കാലത്ത് ട്രംപിനാല്‍ കൊളുത്തി വിട്ട സ്വദേശി പ്രസ്ഥാനം രാജ്യമെമ്പാടും പടര്‍ന്നു പിടിക്കുമോ?
വിദേശിയെ ബഹിഷ്‌കരിക്കാനാണെങ്കില്‍ ഒരുപാടുണ്ട്. പെപ്‌സി, കൊക്കക്കോള, കെ.എഫ്.സി, മാക് ഡൊണാള്‍ഡ് എന്നിവയില്‍ തുടങ്ങുകയോ വമ്പന്‍ പടക്കോപ്പുകളില്‍ അവസാനിക്കുകയോ ചെയ്യുന്നില്ല എന്നതാണ് പരമാര്‍ഥം. ഇതിലേതിനെങ്കിലും ഡ്യൂട്ടി കൂടുതലടിച്ച് ട്രംപിനെ പൊരിക്കണമെന്ന വാദവും സ്വദേശി പ്രസ്ഥാനത്തിനൊപ്പം ശക്തം. അതും നടപ്പുള്ള കാര്യമാണോ?
ഇന്ത്യയുടെ തനത് ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇന്ത്യക്കാരെ ശീലിപ്പിക്കാനുള്ള പ്രത്യേക യജ്ഞത്തിന് തുടക്കമിടാന്‍ പറ്റുന്ന അവസരം ട്രംപായിട്ട് ഒരുക്കിയിട്ടുണ്ട്. പക്ഷേ, ശീലിക്കേണ്ടത് ഇന്ത്യക്കാരാണെന്നു മാത്രം. ഗുണമേന്മ, ന്യായവില, ലഭ്യത എന്നിവ ഉറപ്പുള്ള ഏതൊരു ഉല്‍പന്നത്തിനും പിന്നാലെ പോകും ഏതു രാജ്യത്തെയും ഉപഭോക്താവ്. അതിന് രാജ്യാതിര്‍ത്തിയുടെ വരമ്പുകളില്ല. വിദേശിയെങ്കില്‍ സംഗതി കസറുമെന്നൊരു ധാരണ മലയാളിക്കു മാത്രമല്ല, ഇന്ത്യക്കാര്‍ക്കാകെ പണ്ടേയുണ്ടു താനും.
അപ്പോള്‍ ട്രംപിനെ നേരിടാന്‍ എന്തു വഴി? അതാണ് കേന്ദ്രസര്‍ക്കാറും വ്യവസായ സമൂഹവും തലപുകച്ച് ആലോചിക്കുന്നത്. അനുനയ ചര്‍ച്ചകള്‍ മുന്നോട്ടു നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷക്കൊപ്പം, പുതിയ വിപണികള്‍ തേടാനുള്ള സാധ്യതകള്‍ കൂടി അന്വേഷിച്ചു വരുന്നുണ്ട് എല്ലാവരും. അമേരിക്കയെന്നൊരു നാടു മാത്രമല്ല, ലോകത്തുള്ളത്. 40 രാജ്യങ്ങളെ ഫോക്കസ് ചെയ്ത് വിപണി വിപുലപ്പെടുത്താനാണ് പ്ലാനത്രേ. അമേരിക്ക മൂക്കുകയറുമായി വന്നപ്പോള്‍ മാത്രമാണ് ബദല്‍ വിപണികളെക്കുറിച്ച ഈ ചിന്ത ഉണ്ടായതെന്നു മാത്രം.
Read DhanamOnline in English
Subscribe to Dhanam Magazine