സിന്തൈറ്റ് സമരം: പാർട്ടി യൂണിയനെ ന്യായീകരിച്ച് മുഖ്യമന്ത്രി

സിന്തൈറ്റ് സമരം: പാർട്ടി യൂണിയനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Published on

കോലഞ്ചേരി കടയിരുപ്പിലെ സിന്തൈറ്റിൽ ആരംഭിച്ച സമരത്തിൽ സിഐടിയുവിന്റെ പിന്തുണയുള്ള തൊഴിലാളി യൂണിയനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വ്യവസായ കേരളത്തിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.

സമരം തീർക്കാനുള്ള ഏതു നടപടിക്കും സർ‍ക്കാർ സന്നദ്ധമാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും, കമ്പനി മാനേജ്മെന്റ് തിരുത്തലുകൾക്ക് തയ്യാറാകണം എന്നാണ് അദ്ദേഹം പറഞ്ഞത്. ആധുനിക കാലഘട്ടത്തിൽ ഒരു മാനേജ്മെന്റും ഇതുപോലൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടാകാൻ പാടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

അതേസമയം സിന്തൈറ്റ് മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണെന്നതിൽ സംശയമില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. എങ്കിലും പുതിയ ആളുകൾ വന്നതിന്റെ മാറ്റം അവിടെ ഉണ്ടായിട്ടുണ്ടാകാമെന്നും സിഐടിയുവിന്റെ നേതൃത്വത്തിൽ യൂണിയൻ തുടങ്ങിയതാണ് മാനേജ്മെന്റിന്റെ എതിർപ്പിന് കാരണമെന്നുമാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.

നല്ലരീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ ് സമരം. ഇത്തരത്തിലുള്ള ഒരു സമരത്തെ ന്യായീകരിക്കുന്ന സർക്കാർ നിലപാടിനെ സംശയദൃഷ്ടിയോടെയാണ് വ്യവസായികൾ കാണുന്നത്.

നോക്കുകൂലി എടുത്തുകളയുന്നതു പോലുള്ള ധീരമായ നടപടികള്‍ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളെയും ഇതുപോലെ നിയന്ത്രിക്കാനുമാകുമെന്നാണ് വ്യവസായി സമൂഹം കരുതുന്നത്. സംരംഭങ്ങൾ ഇല്ലെങ്കിൽ കേരളത്തിന് ഭാവിയില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് സർക്കാരാണെന്നാണ് വ്യവസായ വിദഗ്ധരുടെ അഭിപ്രായം; പ്രത്യേകിച്ചും ഗൾഫിൽ നിന്നും മലയാളികൾ തിരിച്ചു വരുന്ന സാഹചര്യത്തിൽ.

സർക്കാരിന്റെ ഇത്തരം നിലപാടുകൾ നിക്ഷേപകരെ കേരളത്തിൽ നിന്നും അകറ്റുകയാണ് ചെയ്യുന്നതെന്നുള്ള നിലപാടാണ് രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ നിയമസഭയിൽ എടുത്തത്. സംസ്ഥാനത്തെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താൻ നിയമം വരെ പൊളിച്ചെഴുതുന്ന സമയത്താണ് യൂണിയന്റെ ഗുണ്ടായിസമെന്ന് വിഷയത്തിൽ അടിയന്തിരപ്രമേയ നോട്ടീസ് നൽകിയ വി പി സജീന്ദ്രൻ സഭയിൽ ആരോപിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com