
ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ പാക്കിസ്ഥാന്‍ മറ്റൊരു പ്രതിസന്ധിക്ക് മുന്നില്‍. രാജ്യത്തിനകത്ത് ആഭ്യന്തര സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന തീവ്രവാദിയാക്രമണമാണ് പാക് സര്‍ക്കാരിന് തലവേദനയാകുന്നത്. നോര്‍ത്ത് വസീരിസ്ഥാനിലെ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സൈനികര്‍ക്കു നേരെ ആക്രമണമുണ്ടായത്. 13 സൈനികര്‍ക്കും അതിലേറെ പ്രദേശവാസികള്‍ക്കും കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റു.
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയെ കുറ്റപ്പെടുത്തി പാക് സൈനിക മേധാവി അസിം മുനീര്‍ രംഗത്തു വന്നിരുന്നു. അടുത്തിടെ പാക്കിസ്ഥാനില്‍ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന സമീപനമാണ് പാക് സൈന്യവും ഭരണകൂടവും സ്വീകരിക്കുന്നത്. പാക് താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നത് പാക് അവകാശവാദങ്ങള്‍ക്ക് തിരിച്ചടിയായി.
പാക്കിസ്ഥാനുമായി അത്ര നല്ല ബന്ധത്തിലല്ല അഫ്ഗാനിസ്ഥാന്‍. താലിബാന്‍ അധികാരത്തിലെത്താന്‍ അതിയായി ആഗ്രഹിച്ചിരുന്ന പാക്കിസ്ഥാന് പക്ഷേ കാര്യങ്ങള്‍ അവര്‍ ആഗ്രഹിച്ച രീതിയിലല്ല മുന്നോട്ട് പോയത്. ഇന്ത്യയോട് കൂടുതല്‍ അടുക്കാന്‍ താലിബാന്‍ ഭരണകൂടം താല്പര്യം കാണിച്ചതാണ് പാക് അതൃപ്തിക്ക് ഒരു കാരണം.
പാക്കിസ്ഥാനിലുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള ധൃതിപ്പെട്ടുള്ള നീക്കം താലിബാനെ പ്രകോപിപ്പിച്ചു. തങ്ങളുടെ പൗരന്മാരെ ചവിട്ടി പുറത്താക്കിയതിന് പാക് ഭരണകൂടത്തെ വെല്ലുവിളിക്കാനും താലിബാന്‍ മറന്നില്ല. അഫ്ഗാനികളുടെയിടയില്‍ പാക് വിരുദ്ധത വലിയതോതില്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാക് സൈന്യത്തെ ലക്ഷ്യംവച്ച് അഫ്ഗാനില്‍ നിന്ന് വലിയതോതില്‍ തീവ്രവാദി ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. പാക് സൈന്യത്തിന്റെ ഏറ്റവും വലിയ തലവേദനയായി അഫ്ഗാന്‍ അതിര്‍ത്തി മാറുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ സ്‌ഫോടനത്തിനു പിന്നാലെ നോര്‍ത്ത് വസീരിസ്ഥാനിലെ പ്രധാന അതിര്‍ത്തികളെല്ലാം പാക്കിസ്ഥാന്‍ ഏകപക്ഷീയമായി അടയ്ക്കുകയും ചെയ്തു.
തങ്ങളോട് ആലോചിക്കാതെ അതിര്‍ത്തി അടച്ചതില്‍ അഫ്ഗാന് കാര്യമായ അമര്‍ഷമുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സമീപകാലത്ത് അടിക്കടി അതിര്‍ത്തി അടച്ചുപൂട്ടുന്നത് സ്ഥിരമായിട്ടുണ്ട്.
പാക്കിസ്ഥാന്റെ ആഭ്യന്തര സുരക്ഷ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. സാമ്പത്തിക കുഴപ്പങ്ങള്‍ക്കു പുറമേ ബലൂചിസ്ഥാന്‍ മേഖലയിലെ സ്വാതന്ത്രവാദം ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. സമാന്തര രാജ്യം പോലെയാണ് ബലൂചിസ്ഥാനിലെ കാര്യങ്ങള്‍ പോകുന്നത്. പാക് സൈന്യം ഇന്ത്യ, അഫ്ഗാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ബലൂചിസ്ഥാന്‍ വിമതര്‍ക്ക് അനുകൂല സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.
പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നിയന്ത്രണം ബലൂചിസ്ഥാന്‍ വിമതര്‍ സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക് സൈന്യത്തിന് ഈ പ്രദേശത്തെ നിയന്ത്രണം ഭാഗികമായെങ്കിലും നഷ്ടമായതായി വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സൈന്യം ഇക്കാര്യം അംഗീകരിക്കാന്‍ തയാറാകുന്നില്ല. പാക്കിസ്ഥാനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല വരും നാളുകളില്‍.
Read DhanamOnline in English
Subscribe to Dhanam Magazine