ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ അര കിലോ തക്കാളി മതി! പാക്കിസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നിലെന്ത്?
പാക്കിസ്ഥാനിലെ സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി തക്കാളിയുടെ വില കുതിച്ചുയരുകയാണ്. പല നഗരങ്ങളിലും ഒരു കിലോ തക്കാളിക്ക് 600 പാക്കിസ്ഥാനി രൂപ (ഏകദേശം 188 ഇന്ത്യൻ രൂപ) വരെ വിലയെത്തി, ഇത് ഉപയോക്താക്കളെ വലിയ ഞെട്ടലിലാണ് എത്തിച്ചിരിക്കുന്നത്. 95 രൂപയാണ് പെട്രോളിന് ശരാശരി ഡല്‍ഹിയിലെ വില. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തികൾ അടയ്ക്കാനുള്ള പാക്കിസ്ഥാൻ തീരുമാനമാണ് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണം. ഈ മാസം ആദ്യം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പാക്കിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി ഉയർന്നു.
ഡിമാൻഡിന് കുറവില്ല
പാക്കിസ്ഥാൻ ഭക്ഷണ വിഭവങ്ങളിലെ പ്രധാന ചേരുവയായ തക്കാളിയുടെ വില 400 ശതമാനത്തിലധികം ഉയർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ആപ്പിളിനും വില കുത്തനെ വർദ്ധിച്ചിട്ടുണ്ട്.
2.3 ബില്യൺ ഡോളറിന്റെ (ഏകദേശം 20,174 കോടി രൂപ) വാര്‍ഷിക വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. അതിർത്തി അടച്ചതിനാൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തക്കാളിയുടെ വിതരണം നിലച്ചു. ഇപ്പോൾ ഇറാൻ, സിന്ധ്, ക്വറ്റ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നത്. ഡിമാൻഡ് കുറഞ്ഞിട്ടില്ല, ആളുകൾ ഇപ്പോഴും അതേ അളവിൽ വാങ്ങുന്നു. പക്ഷേ വിതരണം വളരെ കുറവായതാണ് പ്രതിസന്ധിക്ക് കാരണം.
സംഘര്‍ഷം
അഫ്ഗാൻ സങ്കേതങ്ങളിൽ നിന്നാണ് തീവ്രവാദികൾ പ്രവർത്തിക്കുന്നതെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. അതിർത്തി കടന്ന് ആക്രമണം നടത്തുന്ന തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താലിബാനുമായി അതിർത്തിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ താലിബാൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. ഖത്തറും തുർക്കിയും വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും അതിർത്തി വ്യാപാരം നിർത്തിവച്ചിരിക്കുകയാണ്.

