വിഷവാതകം ചീറ്റി എണ്ണക്കിണറുകള്‍, ഗുരുതര രോഗ ഭീഷണിയില്‍ ഗള്‍ഫ് നാടുകള്‍

കാലാവസ്ഥ ഉച്ചകോടിക്ക്‌ (കോപ്28) നാളെ യു.എ.ഇയില്‍ തുടക്കമാകുമ്പോള്‍ ചര്‍ച്ചാവിഷയമാകുകയാണ് മലിനവാതകം കത്തിക്കല്‍
Gas Flaring
Image Courtesy: worldbank.org
Published on

എണ്ണയുടെ സമൃദ്ധിയില്‍ കഴിയുമ്പോഴും എണ്ണഘനനത്തിനിടെയുണ്ടാകുന്ന വാതകമാലിന്യം കത്തിക്കുന്നതിന്റെ (Flaring) ദൂഷ്യഫലം പേറി ഗള്‍ഫ് രാജ്യങ്ങള്‍. ലക്ഷക്കണക്കിന് ആളുകളാണ് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത്.

കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള സമഗ്ര ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന കാലാവസ്ഥ ഉച്ചകോടിയ്ക്ക് (കോപ്28 /COP28) ആതിഥേയത്വം വഹിക്കുന്ന യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം തന്നെ വാതകം കത്തിക്കുന്നത് തുടരുകയാണ്.

ഇതുവരെ പ്രതീക്ഷിച്ചതിനേക്കാള്‍ ഭയനാകമാണ് ഇതുമൂലമുള്ള പ്രത്യാഘാതങ്ങളെന്നും ലക്ഷക്കണക്കിന് ജനങ്ങളെ ഇത് ദുരിതത്തിലാക്കുമെന്നും ബി.ബി.സിയുടെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യാഴാഴ്ച കോപ്28 ഉച്ചകോടിക്ക് യു.എ.ഇയില്‍ തുടക്കമാകുമ്പോള്‍ വലിയൊരു ചര്‍ച്ചാവിഷയമായി മാറുകയാണ് ഫ്‌ളെയറിംഗ് അഥവാ വാതകം കത്തിക്കല്‍. 20 വര്‍ഷം മുമ്പ് യു.എഇ ഫ്‌ളെയറിംഗ് നിരോധിച്ചതാണ്. എന്നാല്‍ ഇപ്പോഴും തുടരുന്നതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ബി.ബി.സി അറബിക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിനുള്ളിലുള്ളവര്‍ മാത്രമല്ല അയല്‍ രാജ്യങ്ങളിലെ നിവാസികളും മാലിന്യ ചേംബറിലേക്ക് തള്ളിവിടപ്പെടുന്നു. 100 കണക്കിന് കിലോമീറ്റര്‍ വരെയാണ് ഇതിന്റെ പുക വമിക്കുന്നത്. ഇറാഖ്, ഇറാന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ കിണറുകളില്‍ നിന്നുള്ള മലിനീകരണവും ബി.ബി.സി പഠനവിധേയമാക്കി.

ഒഴിവാക്കാന്‍ ശ്രമങ്ങള്‍

ഫ്‌ളെയറിംഗ് കൂടുതലായി നടത്തുന്ന കമ്പനികളില്‍പ്പെട്ട ബി.പി., ഷെല്‍ എന്നിവ മലിനവാതകം കത്തിക്കുന്നത് കുറയ്ക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്.

ഫ്‌ളെയറിംഗ് ഒഴിവാക്കാനാകുന്നതും വാതകം ശേഖരിച്ച് വൈദ്യുത ഉത്പാദനത്തിനും തണുപ്പുകാലത്ത് വീടുകളിലും മറ്റും അന്തരീക്ഷ താപനില ചൂടായി നിറുത്താനും ഉപയോഗിക്കാമെന്നിരിക്കെയാണ് ലോകമെമ്പാടും ഇത് കത്തിക്കുന്നതെന്നാണ് ബി.ബി.സി ചൂണ്ടിക്കാട്ടുന്നത്.

മാരകരോഗങ്ങള്‍

വാതകം കത്തിക്കുന്നതിലൂടെ തുടര്‍ച്ചയായി പുറന്തള്ളപ്പെടുന്ന പിഎം2.5, ഓസോണ്‍, എന്‍.ഒ2, ബെന്‍സോ(എ)പൈറീന്‍ (ബി.എ.പി) എന്നിവ ഹൃദയാഘാതം, കാന്‍സര്‍, ആസ്ത്മ, ഹൃദ്രോഗം എന്നിവയ്ക്കിടയാക്കുമെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആഗോള താപനത്തിന് ആക്കം കൂട്ടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥേയ്‌നും പുറന്തള്ളപ്പെടുന്നതിനും ഫ്‌ളെയറിംഗ് വഴിയൊരുക്കും.  യു.എ.ഇയില്‍ കൂടുതല്‍ ആളുകളും മരണപ്പെടുന്നത് ശ്വാസകോശരോഗം മൂലമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com