

ലോകരാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടി. മഡുറോയെയും ഭാര്യ സില ഫ്‌ളോര്‍സിനെയും വെനസ്വേലയില്‍ നിന്ന് വിമാനമാര്‍ഗ്ഗം പുറത്തെത്തിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. 'ഓപ്പറേഷന്‍ വെനസ്വേലന്‍ ഫ്രീഡം' എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലൂടെയാണ് മഡുറോയെ പിടികൂടിയത്.
'ഒരു സ്വേച്ഛാധിപതിയുടെ ഭരണം അവസാനിച്ചിരിക്കുന്നു' എന്ന വാക്കുകളോടെയാണ് ട്രംപ് ഈ വിവരം ലോകത്തെ അറിയിച്ചത്. വെനസ്വേലയിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പിടികൂടിയ മഡുറോയെ നിലവില്‍ എവിടേക്കാണ് മാറ്റിയതെന്ന കാര്യം സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെനസ്വേലയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്നു. മഡുറോയുടെ ഭരണകൂടത്തിനെതിരെ അമേരിക്ക ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി വരികയായിരുന്നു. ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് വെനസ്വേലയില്‍ ഇറങ്ങി മഡുറോയെ കസ്റ്റഡിയിലെടുത്തത്. വെനസ്വേലന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രതിരോധം ഉണ്ടായോ എന്ന കാര്യം വ്യക്തമല്ല.
വര്‍ഷങ്ങളായി അമേരിക്ക മഡുറോയെ നോട്ടമിട്ടിരുന്നു. രാജ്യാന്തര ലഹരിക്കടത്ത് (Narco-terrorism), അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്ക്കും സംഘത്തിനുമെതിരെ അമേരിക്ക ചുമത്തിയിരുന്നത്. മഡുറോയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ പ്രതിഫലവും അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രസിഡന്റ് മഡുറോയും ഭാര്യയും എവിടെയാണെന്ന് അറിയില്ലെന്ന് വെനസ്വേലൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അധിനിവേശത്തെ ചെറുക്കുമെന്ന് വെനസ്വേലന്‍ പ്രതിരോധ മന്ത്രി വ്‌ളാഡിമിര്‍ പാഡ്രിനോ അറിയിച്ചു.
മഡുറോയുടെ അറസ്റ്റ് ആഗോള എണ്ണ വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളില്‍ ഒന്നാണ് വെനസ്വേല. ഭരണമാറ്റം ഉണ്ടാകുന്നതോടെ വിപണിയിലേക്ക് വീണ്ടും വെനസ്വേലന്‍ എണ്ണ എത്തുന്നത് ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ കാരണമായേക്കും.
മഡുറോയുടെ അറസ്റ്റോടെ വെനസ്വേലയില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. പ്രതിപക്ഷ നേതാക്കളുമായി അമേരിക്കന്‍ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിവരികയാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ സ്വാധീനം ഉറപ്പിക്കുന്നതില്‍ ഈ സൈനിക നീക്കം നിര്‍ണായകമാകും.
Read DhanamOnline in English
Subscribe to Dhanam Magazine