

പ്രധാനമന്ത്രി നരേന്ദ്രമോദി ഉറ്റ ചങ്ങാതിയായി കാണുന്നതിനിടയില്‍ ഇന്ത്യയെ ശത്രുവിനെപ്പോലെ കണ്ട് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 25 ശതമാനം ഇറക്കുമതി ചുങ്കവും റഷ്യന്‍ സഹകരണത്തിന് പിഴച്ചുങ്കവും പ്രഖ്യാപിച്ച ട്രംപ്, മണിക്കൂറുകള്‍ക്കകം പുതിയ വെടി പൊട്ടിച്ചു. ഇന്ത്യയുടെയും റഷ്യയുടെയും ചത്ത സമ്പദ്‌വ്യവസ്ഥകളാണെന്നും രണ്ടു കൂട്ടരും അത് കൂടുതല്‍ വലിച്ചു താഴെ ഇടട്ടെ എന്നുമാണ് ട്രംപിന്റെ അരിശം നിറഞ്ഞ വാക്കുകള്‍.
"ഇന്ത്യ യു.എസിന്റെ സുഹൃത്തൊക്കെത്തന്നെ. പക്ഷേ, വര്‍ഷങ്ങളായി ഇന്ത്യയുമായി താരതമ്യേന കുറച്ച് മാത്രമേ ഇടപാടുകൾ നടത്തിയിട്ടുള്ളൂ. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യയുമായി യുഎസിന് വലിയ വ്യാപാര കമ്മിയാണ് ഉളളത്." ട്രംപ് പറഞ്ഞു.
നിർജ്ജീവമായ സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയുടെയും റഷ്യയുടെയും. അവർക്ക് ഒരുമിച്ച് അവരുടെ സമ്പദ്‌വ്യവസ്ഥകളെ തകർക്കാൻ കഴിയും. ഇന്ത്യ എല്ലായ്‌പ്പോഴും സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങിയിട്ടുള്ളത്. യുക്രെയ്‌നിലെ കൊലപാതകങ്ങള്‍ റഷ്യ അവസാനിപ്പിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുമ്പോള്‍ ചൈനയ്‌ക്കൊപ്പം റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുകയാണ് ഇന്ത്യ. റഷ്യയും യു.എസും തമ്മില്‍ ഒരു ബിസിനസും നടത്തുന്നില്ല. അത് അങ്ങനെ തന്നെ നിലനിർത്താമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു.
റഷ്യയുമായുള്ള യു.എസിന്റെ തര്‍ക്കം യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ മുന്നറിയിപ്പിന് എതിരെയും ട്രംപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇപ്പോഴും പ്രസിഡന്റാണെന്നാണ് മെദ്‌വദേവ് കരുതുന്നത്. മെദ്‌വദേവ് വാക്കുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം വളരെ അപകടകരമായ മേഖലയിലേക്കാണ് പ്രവേശിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
അതേസമയം ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും യുഎസും ന്യായവും പരസ്പര പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാറില്‍ എത്തുന്നതിനുളള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ കർഷകരുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിന് സർക്കാർ അങ്ങേയറ്റം പ്രാധാന്യമാണ് നൽകുന്നതെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
Trump criticizes India and Russia over economic policies, import tariffs, and geopolitical ties with China.
Read DhanamOnline in English
Subscribe to Dhanam Magazine