14 രാജ്യങ്ങള്‍ക്ക് കൂടുതല്‍ തീരുവ ചുമത്തി ട്രംപ്, ഉല്‍പ്പന്നങ്ങള്‍ക്ക് 40% വരെ ചുങ്കം, ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍; വ്യാപാര കരാറിലെത്താന്‍ ഇന്ത്യ ചര്‍ച്ചകളില്‍

വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങള്‍ക്ക് തീരുവ സംബന്ധിച്ച കത്തുകൾ അയയ്ക്കാനാണ് യു.എസ് ലക്ഷ്യമിടുന്നത്
donald J Trump in front of the white house
image credit : canva and facebook
Published on

14 ഓളം രാജ്യങ്ങള്‍ക്ക് തത്തുല്യ ഇറക്കുമതി ചുങ്കം ഓഗസ്റ്റ് 1 മുതല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യങ്ങള്‍ക്ക് 40 ശതമാനം വരെ താരിഫാണ് യു.എസ് ചുമത്തുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, തായ്‌ലൻഡ്, കംബോഡിയ, മലേഷ്യ, ബംഗ്ലാദേശ്, ലാവോസ്, മ്യാൻമർ, ബോസ്നിയ ആന്‍ഡ് ഹെർസഗോവിന, സെർബിയ, കസാക്കിസ്ഥാൻ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് താരിഫ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കത്തുകള്‍ അയച്ചിരിക്കുന്നത്. രാജ്യങ്ങളുമായുളള വ്യാപാര ചർച്ചകൾ എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ച് ഓഗസ്റ്റ് 1 എന്ന അന്തിമ തീയതിയില്‍ മാറ്റം ഉണ്ടായേക്കാമെന്നും ട്രംപ് സൂചന നല്‍കി.

ലാവോസിനും മ്യാൻമറിനുമാണ് ഏറ്റവും കൂടുതല്‍ തീരുവ. 40 ശതമാനം തീരുവയാണ് ഈ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ ഉൽപ്പന്നങ്ങൾക്ക് 32 ശതമാനം തീരുവയും ബംഗ്ലാദേശിലെ ഉൽപ്പന്നങ്ങൾക്ക് 35 ശതമാനം തീരുവയുമാണ് ഈടാക്കുക. തായ്‌ലൻഡിനും കംബോഡിയയ്ക്കും 36 ശതമാനം തീരുവയും ബോസ്നിയ ആന്‍ഡ് ഹെർസഗോവിനയ്ക്ക് 30 ശതമാനം തീരുവയും സെർബിയയ്ക്ക് 35 ശതമാനം തീരുവയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, കസാക്കിസ്ഥാൻ, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയാണ് ചുമത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങള്‍ക്ക് തീരുവ സംബന്ധിച്ച കത്തുകൾ അയയ്ക്കാനാണ് യു.എസ് ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള വിപണികൾക്കും ബിസിനസുകൾക്കും കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ് ട്രംപിന്റെ ഈ നീക്കം.

കാറുകൾ, ഇലക്ട്രോണിക്സ്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയാണ് ജപ്പാൻ പ്രധാനമായും യു.എസിലേക്ക് കയറ്റി അയയ്ക്കുന്നത്. ദക്ഷിണ കൊറിയ സെമികണ്ടക്ടറുകൾ, ഓട്ടോ പാർട്‌സ് തുടങ്ങിയവയാണ് കയറ്റുമതി ചെയ്യുന്നത്. ബംഗ്ലാദേശും കംബോഡിയയും ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, തുകൽ ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ എന്നിവയുടെ പ്രധാന വിതരണക്കാരാണ്. ലാവോസും മ്യാൻമറും വിലകുറഞ്ഞ പാദരക്ഷകൾക്കും ഫര്‍ണിച്ചറുകള്‍ക്കും പേരുകേട്ടതാണ്.

കൂടുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ തങ്ങളുടെ വിപണിയിലേക്ക് അനുവദിക്കുന്നതിന് പകരമായി, നേരത്തെ നിർദ്ദേശിച്ച 46 ശതമാനത്തിൽ നിന്ന് 20 ശതമാനമായി തീരുവ കുറക്കുന്ന വ്യാപാര കരാറില്‍ വിയറ്റ്നാം ഇതിനോടകം എത്തിയിട്ടുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂണിയനും യു.എസുമായി വ്യാപാര കരാറിലെത്താന്‍ ഇപ്പോഴും ചർച്ചകളിലാണ്.

Trump imposes up to 40% import tariffs on 14 countries; India in talks for trade deal.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com