

ഇഷ്ടമില്ലാത്ത രാജ്യങ്ങളെ തീരുവ എന്ന ആയുധം കൊണ്ടാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നേരിടുന്നത്. ചൈനയും ഇന്ത്യയും മുതല്‍ കാനഡയും മെക്‌സിക്കോയും വരെ ഇത്തരത്തില്‍ തീരുവയുടെ പ്രഹരം ഏറ്റുവാങ്ങി. യൂറോപ്പിനു മേല്‍ ട്രംപിന്റെ പ്രതികാരദൃഷ്ടി പതിച്ചതോടെ ട്രംപ് ഏല്പിച്ച ക്ഷതത്തില്‍ നിന്ന് തിരിച്ചുവരാന്‍ ഇന്ത്യയ്ക്ക് വഴിയൊരുങ്ങുകയാണ്.
സ്വന്തം കാര്യം മാത്രം നടത്തിയെടുക്കുക എന്നതില്‍ മാത്രമാണ് ട്രംപ് ശ്രദ്ധയൂന്നുന്നത്. തുടക്കത്തില്‍ ട്രംപിന്റെ നയങ്ങളോട് ഐക്യപ്പെട്ടിരുന്ന രാജ്യങ്ങള്‍ പോലും ഇപ്പോള്‍ കാര്യമായി യുഎസിന്റെ തീരുവ ഭീഷണികളെ ഗൗരവത്തിലെടുക്കുന്നില്ലെന്നതാണ് സത്യം. വെനസ്വേലയ്ക്കുശേഷം കൊളംബിയ, മെക്‌സിക്കോ രാജ്യങ്ങള്‍ക്കു മേല്‍ ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അധികാരഭ്രാന്തന്റെ ജല്പനങ്ങളായിട്ടാണ് പലരും ട്രംപിന്റെ ഭീഷണികളെ കാണുന്നത്.
ദീര്‍ഘകാലമായി യുഎസിന്റെ സൈനിക പങ്കാളികളാണ് യുകെയും ഫ്രാന്‍സുമെല്ലാം. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ഈ രാജ്യങ്ങളെക്കൂടി വെല്ലുവിളിക്കുകയാണ് ട്രംപ്. ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുന്നതിനെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ അധികതീരുവ ഈടാക്കുമെന്ന ട്രംപിന്റെ വെല്ലുവിളിയില്‍ ഇന്ത്യ കാര്യമായ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്കുമേല്‍ കൃത്യമായ അജന്‍ഡയോടെ തീരുവ അടിച്ചേല്‍പ്പിക്കുന്ന രീതിയായിരുന്നു തുടക്കത്തില്‍ ട്രംപില്‍ നിന്നുണ്ടായത്. ഇന്ത്യ-പാക് സംഘര്‍ഷം നിര്‍ത്തിച്ചത് താനായിരുന്നുവെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ അംഗീകരിച്ചിരുന്നില്ല. അവിടുന്നു തുടങ്ങുന്നു ഇന്ത്യയ്‌ക്കെതിരായ യുഎസ് പ്രസിഡന്റിന്റെ നീക്കങ്ങള്‍. പാക് സൈനിക മേധാവി അസീം മുനീറിനെ തുടര്‍ച്ചയായി വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ് ഇന്ത്യ വിരുദ്ധതയ്ക്ക് തുടക്കമിട്ടു.
ഇന്ത്യയെ ബോധപൂര്‍വം ഒറ്റപ്പെടുത്താന്‍ ട്രംപ് ശ്രമിക്കുന്നുവെന്ന പ്രതീതി ഈ ഘട്ടത്തില്‍ ലോകത്തിനു പോലും ഉണ്ടായി. ട്രംപിന്റെ പിടിവാശിക്കു മുന്നില്‍ വിട്ടുകൊടുക്കാന്‍ ഇന്ത്യയും തയാറായില്ല. റഷ്യന്‍ എണ്ണയുടെ പേരിലാണ് യുഎസ് ഇന്ത്യയ്ക്കുമേല്‍ തീരുവ ഭീഷണി ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ റഷ്യ വെറുമൊരു കാരണം മാത്രമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
യുഎസിന്റെ തീരുവയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യന്‍ കാര്‍ഷിക വിപണി യുഎസ് കമ്പനികള്‍ക്ക് തുറന്നു കിട്ടാനുള്ള ട്രംപിന്റെ നീക്കം ഫലിച്ചതുമില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപ് ഗ്രീന്‍ലാന്‍ഡിലേക്ക് ദൃഷ്ടി മാറ്റുന്നത്. ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് ട്രംപ് മുന്നോട്ടു പോയിരുന്നെങ്കില്‍ ആഗോളതലത്തില്‍ രാജ്യത്തിനത് ക്ഷീണം ചെയ്‌തേനെ. എക്കാലവും ഒപ്പംനിന്നിരുന്ന യുകെ, ഫ്രാന്‍സ് രാജ്യങ്ങളെ പിണക്കാന്‍ ട്രംപ് തീരുമാനിച്ചതോടെ ഇന്ത്യയ്ക്ക് സുവര്‍ണാവസരമാണ് കിട്ടിയിരിക്കുന്നത്.
യുഎസ് വിപണിയില്‍ തീരുവ പ്രതിസന്ധി വന്നപ്പോള്‍ ഇന്ത്യ നയംമാറ്റിയിരുന്നു. യുഎസിനെ മാത്രം ആശ്രയിക്കാതെ മറ്റ് വിപണികളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു നീക്കം. ഗാര്‍മെന്റ്‌സ് ഒഴികെയുള്ള സെക്ടറുകളില്‍ വിപണി വികേന്ദ്രീകരണം യുഎസ് ഇംപാക്ട് കുറയ്ക്കാന്‍ വഴിയൊരുക്കി. യൂറോപ്യന്‍ വിപണികളില്‍ കൂടുതല്‍ മേധാവിത്വം നേടുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്.
ആ ലക്ഷ്യത്തിലേക്ക് വേഗത്തില്‍ മുന്നേറാന്‍ ഇന്ത്യയ്ക്ക് പറ്റിയ അവസരമാണിത്. ട്രംപിനെതിരേ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നിച്ചതോടെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിട്ടുണ്ട്. കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായി രംഗത്തുള്ളത് ചൈനയാണ്. മുമ്പുതന്നെ യൂറോപ്യന്‍ രാജ്യങ്ങളുടെ കണ്ണിലെ കരടാണ് ചൈന. അതുകൊണ്ട് തന്നെ ചൈനീസ് അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നതൊന്നും യൂറോപ്പില്‍ നിന്നുണ്ടാകില്ല.
ഈ അവസരത്തിലാണ് ഇന്ത്യയുടെ അവസരങ്ങള്‍ തുറന്നുകിട്ടുന്നത്. ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ പോലെ ട്രംപ് യൂറോപ്പിന് മേലും തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രംപിനെ അധികം ഗൗനിക്കേണ്ടെന്ന നിലപാടിലേക്ക് യൂറോപ്പിനെ മാറ്റാന്‍ ഗ്രീന്‍ലാന്‍ഡ് വിഷയത്തിന് സാധിച്ചു. ഈ അവസരം മുതലെടുത്ത് യൂറോപ്പിലേക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സുഗമമായ പ്രവേശനം ഉറപ്പുവരുത്താനാണ് മോദിസര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ഈടാക്കിയ ട്രംപ് ഭരണകൂടത്തിന് ഇന്ത്യയുടെ മറുപടി നേരത്തെ മുതല്‍ വന്നിരുന്നു. ഇന്ത്യയിലേക്ക് ഏറ്റവുമധികം കയറ്റുമതിയുള്ള പയറുവര്‍ഗങ്ങള്‍ക്ക് 30 ശതമാനം വരെ തീരുവ ചുമത്തിയിരുന്നു. നവംബര്‍ ഒന്നുമുതല്‍ ഇത് നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ നടപടിക്ക് വലിയ പബ്ലിസിറ്റി നല്കിയിരുന്നില്ലെന്ന് മാത്രം.
Read DhanamOnline in English
Subscribe to Dhanam Magazine