

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത നിലപാട് എടുത്തതോടെ വിഷമ ഘട്ടത്തിലായിരിക്കുകയാണ് ഇന്ത്യ. റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ചുമത്തിയിരിക്കുകയാണ് ട്രംപ്.
യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ ക്രൂഡിന്റെ വിലക്കുറവുള്ള ഇറക്കുമതി കുത്തനെ വർദ്ധിപ്പിച്ചത്, ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യക്ക് സാമ്പത്തികമായി ഏറെ മെച്ചമായിരുന്നു. ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള സമ്മർദ്ദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണ കമ്പനികള്‍ ഇപ്പോൾ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് വെട്ടിക്കുറയ്ക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
2024 ൽ ഇന്ത്യ ഏകദേശം 8,700 കോടി ഡോളറിന്റെ സാധനങ്ങളാണ് യു.എസിലേക്ക് കയറ്റി അയച്ചത്. ഈ വര്‍ഷം മാർച്ച് വരെ റഷ്യൻ ക്രൂഡിൽ നിന്ന് ഇന്ത്യക്കുളള നേട്ടം 380 കോടി ഡോളറാണ് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ റഷ്യന്‍ ക്രൂഡ് വാങ്ങുന്നതിലൂടെ ഇന്ത്യക്കുളള നേട്ടം ചെറുതാണ്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ എണ്ണ വാങ്ങുന്നതിന് റഷ്യയെ ഒഴിവാക്കി ഇന്ത്യ മറ്റു വഴികള്‍ തേടേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യയിലെ എണ്ണ കമ്പനികള്‍ പെട്രോളിയം ഉൽപ്പന്നങ്ങൾക്കായി മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പഴയ പങ്കാളികളുമായി വ്യാപാരം പുനഃരാരംഭിക്കാനും പുതിയ ഇടപാടുകാരെ തേടാനുമുള്ള ശ്രമങ്ങളായിരിക്കും എണ്ണ കമ്പനികള്‍ നടത്തുക.
റഷ്യക്ക് മുമ്പ് ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ് മിഡിൽ ഈസ്റ്റായിരുന്നു. ഇറാഖായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരൻ. 2023 സാമ്പത്തിക വര്‍ഷത്തില്‍ 5.16 കോടി മെട്രിക് ടണ്‍ ക്രൂഡാണ് ഇറാഖില്‍ നിന്ന് ഇറക്കുമതി ചെയ്തത്. യുഎഇ, സൗദി അറേബ്യ, യു.എസ് തുടങ്ങിയ രാജ്യങ്ങളെയും ഇന്ത്യ ആശ്രയിച്ചിരുന്നു.
പുതിയ സാഹചര്യത്തില്‍ റഷ്യയെ ഒഴിവാക്കിയുളള സാധ്യതകളെ ഇന്ത്യ പരിഗണിക്കേണ്ടി വരും. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) സെപ്റ്റംബറിലെ ആവശ്യങ്ങള്‍ക്കായി 70 ലക്ഷം ബാരലുകൾ ബുക്ക് ചെയ്തിരിക്കുന്നത് പ്രധാനമായും പശ്ചിമേഷ്യ, ഗയാന, ബ്രസീൽ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്നാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും മികച്ച സാധ്യതകളാണ്. നൈജീരിയ, അംഗോള തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളെയും പരിഗണിക്കുന്നുണ്ട്. 2020 ൽ ഇന്ത്യക്ക് ക്രൂഡ് ഓയിലും എൽഎൻജിയും വിതരണം ചെയ്യുന്ന നാലാമത്തെ വലിയ വിതരണക്കാരായിരുന്നു നൈജീരിയ.
എന്നാല്‍ ഇവരില്‍ നിന്ന് ക്രൂഡ് വാങ്ങുന്നത് റഷ്യൻ എണ്ണ പോലെ ലാഭകരമാകില്ല എന്ന വിലയിരുത്തലും ഉണ്ട്. ആഗോള ക്രൂഡ് വിതരണത്തിന്റെ ഏകദേശം 10 ശതമാനം ഇപ്പോഴും വഹിക്കുന്നത് റഷ്യയാണ്. റഷ്യൻ അസംസ്കൃത എണ്ണയിൽ നിന്ന് മാറുന്നത് ഇന്ത്യയുടെ വാർഷിക എണ്ണ ഇറക്കുമതിയില്‍ 900 കോടി മുതല്‍ 1,100 കോടി ഡോളർ വരെ ഭാരം ചുമത്തുമെന്നാണ് കരുതുന്നത്.
Trump's stance on Russian oil forces India to seek new suppliers, risking an import cost spike of up to $1,100 crore.
Read DhanamOnline in English
Subscribe to Dhanam Magazine