സ്‌കോട്ട്ലന്‍ഡ് മുതല്‍ ഉത്തര അയര്‍ലന്‍ഡ് വരെ സ്വാതന്ത്ര്യക്കാറ്റ്; ബ്രെക്സിറ്റിന് പിന്നാലെ 'ബ്രിട്ടീഷ് എക്സിറ്റ്'? യുകെ നാലായി പിളരുമോ?

തീവ്ര ദേശീയത ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടികളാണ് ഹിതപരിശോധന നടത്തി യുകെയോട് വഴിപിരിയാന്‍ മുന്‍കൈയെടുത്തിരിക്കുന്നത്
സ്‌കോട്ട്ലന്‍ഡ് മുതല്‍ ഉത്തര അയര്‍ലന്‍ഡ് വരെ സ്വാതന്ത്ര്യക്കാറ്റ്; ബ്രെക്സിറ്റിന് പിന്നാലെ 'ബ്രിട്ടീഷ് എക്സിറ്റ്'? യുകെ നാലായി പിളരുമോ?
Published on

യുണൈറ്റഡ് കിംഗ്ഡം (യുകെ) നാലായി പിളരുമോ? ബ്രെക്സിറ്റിനുശേഷം യുകെയുടെ ഭാവിയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. സ്‌കോട്ട്ലന്‍ഡ്, വെയ്ല്‍സ്, ഉത്തര അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ദേശീയവാദ പാര്‍ട്ടികള്‍ സ്വയംനിര്‍ണയാവകാശത്തിനായി ഒരുമിച്ചതാണ് ബ്രിട്ടീഷ് ഭരണകൂടത്തിന് പുതിയ രാഷ്ട്രീയ വെല്ലുവിളിയാകുന്നത്.

തീവ്ര ദേശീയത ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടികളാണ് ഹിതപരിശോധന നടത്തി യുകെയോട് വഴിപിരിയാന്‍ മുന്‍കൈയെടുത്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ചേരണമെന്ന ആഗ്രഹം മുന്നോട്ടു വയ്ക്കുന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, വെയില്‍സിലെ പ്ലെയ്ഡ് കുംറി (Plaid Cymru), നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സിന്‍ ഫെയ്ന്‍ (Sinn Fein) പാര്‍ട്ടിയുടെ നേതാക്കളാണ് കഴിഞ്ഞ ദിവസം കാര്‍ഡിഫില്‍ ഒത്തുചേര്‍ന്ന് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.

യുകെയുടെ ഭാഗമായ ഈ മൂന്നു പ്രദേശങ്ങളുടെയും ഭാവി തീരുമാനിക്കേണ്ടത് അവിടങ്ങളിലെ ജനങ്ങളാണെന്നും ഇതില്‍ തടസം സൃഷ്ടിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് കരാറിന്റെ രത്‌നചുരുക്കം. യൂറോപ്യന്‍ യൂണിയനില്‍ ചേരുകയാണ് ലക്ഷ്യമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം ഉടനടി പ്രത്യാഘാതം സൃഷ്ടിക്കില്ലെങ്കിലും യുകെയുടെ ഘടനാപരമായ യോജിപ്പിന് തിരിച്ചടിയായേക്കും.

കാര്‍ഡിഫില്‍ ഒപ്പിട്ട കരാറിന് നേരിട്ടുള്ള നിയമസാധുതയില്ല. സ്വാതന്ത്ര്യ ഹിതപരിശോധനകളോ ഭരണഘടനാപരമായ മാറ്റങ്ങളോ ഇതിലൂടെ തനിയെ സംഭവിക്കുകയുമില്ല. എന്നാല്‍, ഇതൊരു മൂവ്‌മെന്റ് ആയി മാറിയാല്‍ കാര്യങ്ങള്‍ അനുകൂലമാകില്ല. യുകെ ഉടന്‍ വിഭജിക്കപ്പെടുമെന്ന സൂചനയായി ഈ നീക്കത്തെ കാണാനുമാകില്ല. മൂന്ന് പ്രദേശങ്ങളിലും റഫറണ്ടം നടത്തുന്നതിനുള്ള ഭരണഘടനാ വ്യവസ്ഥകളും രാഷ്ട്രീയ സാഹചര്യങ്ങളും വ്യത്യസ്തമാണ്.

നാല് ഘടക രാജ്യങ്ങളുടെ കൂട്ടായ്മ

ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, ഉത്തര അയര്‍ലന്‍ഡ് എന്നീ നാല് ഘടക രാജ്യങ്ങള്‍ ചേര്‍ന്നതാണ് യുണൈറ്റഡ് കിംഗ്ഡം. ഈ രാജ്യങ്ങള്‍ക്ക് സ്വന്തം ഭരണസംവിധാനങ്ങളും വിവിധ ആഭ്യന്തര വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരവുമുണ്ട്.

എന്നാല്‍ പ്രതിരോധം, വിദേശനയം, ഭരണഘടന തുടങ്ങിയ നിര്‍ണായക വിഷയങ്ങളിലെ അന്തിമാധികാരം വെസ്റ്റ്മിന്‍സ്റ്റര്‍ കേന്ദ്രീകരിച്ചുള്ള യുകെ ഭരണസംവിധാനത്തിനാണ്. സ്വന്തം പാര്‍ലമെന്റും സര്‍ക്കാരുമുണ്ടെങ്കിലും സ്‌കോട്ട്ലന്‍ഡ് നിലവില്‍ ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ല. യുകെയിലെ ഘടക രാജ്യമാണ്.

സ്‌കോട്ട്ലന്‍ഡിന് രണ്ടാമതൊരു അവസരം വേണം

മൂന്ന് ദേശീയവാദ പ്രസ്ഥാനങ്ങളില്‍ ഏറ്റവും ശക്തമായ രാഷ്ട്രീയ അടിത്തറയുള്ളത് സ്‌കോട്ട്ലന്‍ഡിലാണ്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 2007 മുതല്‍ ഇവിടെ അധികാരത്തിലുണ്ട്. 2014 സെപ്റ്റംബര്‍ 18ന് നടന്ന സ്വാതന്ത്ര്യ റഫറണ്ടത്തില്‍ 55.3 ശതമാനം പേര്‍ യുകെയില്‍ തുടരുന്നതിനെ അനുകൂലിച്ചു. സ്വാതന്ത്ര്യത്തിന് 44.7 ശതമാനം വോട്ടാണ് ലഭിച്ചത്. 84.6 ശതമാനമായിരുന്നു പോളിംഗ്.

2016ലെ ബ്രെക്സിറ്റ് റഫറണ്ടത്തില്‍ സ്‌കോട്ട്ലന്‍ഡിലെ ഭൂരിപക്ഷം യൂറോപ്യന്‍ യൂണിയനില്‍ തുടരാനാണ് വോട്ട് ചെയ്തത്. എന്നാല്‍ യുകെ മൊത്തത്തില്‍ ബ്രെക്സിറ്റിനെ അനുകൂലിച്ചു. ഇതോടെയാണ് രണ്ടാമതൊരു സ്വാതന്ത്ര്യ റഫറണ്ടം വേണമെന്ന ആവശ്യം വീണ്ടും ശക്തമായത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റഫറണ്ടം നടത്തണമെന്നാണ് അവരുടെ നേതാവ് ജോണ്‍ സ്വിന്നിയുടെ നിലപാട്. എന്നാല്‍ യുകെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നിയമപരമായി മുന്നോട്ടുപോകുക എളുപ്പമല്ല. മറ്റൊരു റഫറണ്ടം അനുവദിക്കില്ലെന്ന നിലപാടിലാണ് യുകെ സര്‍ക്കാര്‍.

വെയില്‍സില്‍ സ്വാതന്ത്ര്യം ഉടനില്ല

വെയില്‍സിലെ രാഷ്ട്രീയ സാഹചര്യം സ്‌കോട്ട്ലന്‍ഡില്‍നിന്ന് വ്യത്യസ്തമാണ്. സ്വാതന്ത്ര്യ അനുകൂല പാര്‍ട്ടിയായ പ്ലെയ്ഡ് കംറി 2026 മേയില്‍ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തിലെത്തിയതോടെയാണ് സ്വാതന്ത്ര്യ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചത്.

എന്നാല്‍ നിലവിലെ ഭരണകാലത്തുതന്നെ സ്വാതന്ത്ര്യ റഫറണ്ടം നടത്തുമെന്ന നിലപാട് പാര്‍ട്ടിക്കില്ല. സ്‌കോട്ട്ലന്‍ഡിനും ഉത്തര അയര്‍ലന്‍ഡിനും ലഭിച്ചിരിക്കുന്നതിന് സമാനമായി വെയില്‍സിന് കൂടുതല്‍ അധികാരങ്ങള്‍ കൈമാറണമെന്ന ആവശ്യമാണ് ഇപ്പോള്‍ മുന്‍നിരയില്‍.

ഉത്തര അയര്‍ലന്‍ഡിന് പ്രത്യേക വഴി

ഉത്തര അയര്‍ലന്‍ഡിലെ വിഷയം സ്‌കോട്ട്‌ലന്‍ഡ്, വെയ്ല്‍സ് എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. സ്വതന്ത്ര രാജ്യമാകണമോ എന്നതല്ല ഇവിടെ ചര്‍ച്ച. യുകെയില്‍ തുടരണമോ അതോ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡുമായി ഒന്നിക്കണമോ എന്നതാണ് പ്രധാന വിഷയം.

2030ഓടെ ഐറിഷ് ഏകീകരണ വോട്ടെടുപ്പ് നടത്തണമെന്നാണ് സിന്‍ ഫെയ്ന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റഫറണ്ടത്തിന് ആവശ്യമായ ജനപിന്തുണ നിലവിലുണ്ടെന്ന് യുകെ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ട്രംപിന്റെ പരാമര്‍ശം

കാര്‍ഡിഫ് യോഗത്തിന് തൊട്ടുമുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐറിഷ് ഏകീകരണത്തെക്കുറിച്ച് നടത്തിയ പരാമര്‍ശവും ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടി. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും ഉത്തര അയര്‍ലന്‍ഡും ഒന്നിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അത് നല്ല കാര്യമാകുമെന്നും അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ ട്രംപ് പറഞ്ഞു. ഇത് യുകെയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

സാമ്പത്തികവശം

സ്വാതന്ത്ര്യ ചര്‍ച്ചയിലെ ഏറ്റവും സങ്കീര്‍ണമായ ഘടകം സാമ്പത്തികമാണ്. സ്‌കോട്ട്ലന്‍ഡിന് സ്വാതന്ത്ര്യം ലഭിച്ചാല്‍ പൊതുകടം എങ്ങനെ വിഭജിക്കണം, ഏത് കറന്‍സി ഉപയോഗിക്കണം, നികുതി-പെന്‍ഷന്‍ സംവിധാനങ്ങള്‍ എങ്ങനെയാകണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും. എണ്ണ-വാതക വരുമാനം, യുകെയുമായുള്ള വ്യാപാരം, യൂറോപ്യന്‍ യൂണിയന്‍ അംഗത്വം എന്നിവയിലും പുതിയ ധാരണകള്‍ ആവശ്യമാണ്.

2023ലെ കയറ്റുമതി കണക്കുകള്‍ പ്രകാരം സ്‌കോട്ട്ലന്‍ഡിന്റെ മൊത്തം കയറ്റുമതിയുടെ ഏകദേശം 60 ശതമാനവും യുകെയിലെ മറ്റു ഭാഗങ്ങളിലേക്കാണ്. ഇതിന്റെ മൂല്യം 55.4 ബില്യണ്‍ പൗണ്ടാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള യുകെയുടെ മറ്റു ഭാഗങ്ങളുമായുള്ള വ്യാപാരബന്ധം എങ്ങനെ പുനഃക്രമീകരിക്കുമെന്നത് നിര്‍ണായകമാകും.

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധമാണ് ദേശീയവാദികള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന രാഷ്ട്രീയ ആകര്‍ഷണം. തങ്ങളുടെ രാജ്യങ്ങളുടെ ഭാവി യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്നതായിരിക്കണമെന്ന് കാര്‍ഡിഫ് ധാരണയില്‍ മൂന്ന് പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com